ad
Deshabhimani

20 വർഷത്തെ ജയിൽവാസം; ഒടുവിൽ അബ്‌ദുൾ റഹീം നാടണഞ്ഞു

 Abdul Rahim mainphoto.jpg
വെബ് ഡെസ്ക്

Published on May 28, 2026, 07:39 AM | 1 min read

റിയാദ്‌/കോഴിക്കോട്‌: സ്വദേശി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 20 വർഷം സ‍ൗദി അറേബ്യയിൽ തടവിൽ കഴിഞ്ഞ കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൾ റഹീം നാട്ടിൽ തിരിച്ചെത്തി. 20 വര്‍ഷത്തെ ജയിൽവാസം, അത്രയുംകാലം നീണ്ട നിയമപോരാട്ടം, എല്ലാ അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിൽ സഹനത്തിന്റെയും സാഹോദര്യത്തിന്റെയും ബലിപെരുന്നാൾ ദിനത്തിൽ റഹീം നാടണഞ്ഞു. നിയമനടപടികൾ പൂർത്തിയാക്കി സൗദി അറേബ്യൻ സമയം ബുധൻ രാത്രി 11.55ന് റിയാദിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഐ എക്​സ്​ 322ല്‍ പുറപ്പെട്ട റഹിം, വ്യാഴം രാവിലെ 7.32ന്‌ കരിപ്പൂരിലെത്തി. വിമാനത്താവളത്തിൽ ബന്ധുക്കളും സഹായസമിതി ഭാരവാഹികളും ചേർന്ന്‌ സ്വീകരിച്ചു. റഹീമിന്റെ പവർ ഓഫ് അറ്റോണി സിദ്ദീഖ് തുവ്വൂരും കുടുംബവും ഇതേ വിമാനത്തിൽ അനുഗമിച്ചു.


20 വർഷത്തെ ശിക്ഷാകാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന്‌ ചൊവ്വാഴ്‌ചയാണ്‌ റഹീം ജയിൽമോചിതനായത്‌. ബുധനാഴ്​ച ഉച്ചയോടെ റഹീമിനെ ജയിലിൽനിന്നും നാടുകടത്തൽ സെല്ലിലേക്ക് മാറ്റിയിരുന്നു. രാത്രിയോടെ വിമാനത്താവളത്തിൽ എത്തിച്ച് വിരലടയാളം രേഖപ്പെടുത്തൽ ഉൾപ്പെടെയുള്ള എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയാണ് വിമാനത്തിൽ കയറ്റിയത്. സ‍ൗദിയിൽ ബുധനാഴ്‌ച ബലിപെരുന്നാൾ അവധിയായിട്ടും നടപടിക്രമങ്ങൾ പൂർത്തിയാക്കാനായത്‌ മടക്കം വേഗത്തിലാക്കി. ജയിൽ ഉദ്യോഗസ്ഥരാണ് റഹീമിനെ വിമാനത്താവളത്തിലെത്തിച്ചത്‌.


സ്‌പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ അനസ് അൽ ശാഹിരി മരിക്കാനിടയായ സംഭവത്തിൽ റഹീമിന്റെ വധശിക്ഷ റിയാദ്‌ ക്രിമിനൽ കോടതി 2024ൽ റദ്ദാക്കിയിരുന്നു. ദിയാധനം സ്വീകരിച്ച് മാപ്പുനൽകാനുള്ള അനുരജ്ഞന കരാറിൽ ഒപ്പുവച്ചതായി കൊല്ലപ്പെട്ട ബാലന്റെ കുടുംബം കോടതിയെ അറിയിച്ചതിനെ തുടർന്നാണ്‌ വധശിക്ഷ റദ്ദാക്കിയത്‌. കുടുംബം ആവശ്യപ്പെട്ട ദിയാധനമായ ഒന്നരക്കോടി റിയാലിന്റെ (ഏകദേശം 34 കോടിരൂപ) ചെക്ക് ഉൾപ്പെടെ ഗവർണർ സാക്ഷ്യപ്പെടുത്തിയ കരാർ 2024 ജൂൺ 11ന് റിയാദ് ക്രിമിനൽ കോടതിയിൽ സമർപ്പിച്ചു. ഇതോടെ റഹീമിന്റെ മോചനത്തിനാവശ്യമായ നിർണായക കടമ്പ അവസാനിച്ചിരുന്നു. പിന്നീട് പൊതു അവകാശ നിയമപ്രകാരം റഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റിയാദിലെ അപ്പീൽ കോടതി 20 വർഷം ശിക്ഷ വിധിച്ചു. ഇ‍ൗ വിധി സുപ്രീം കോടതിയും ശരിവച്ചു. രണ്ടു പതിറ്റാണ്ടുനീണ്ട ജയില്‍വാസം കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പൂര്‍ത്തിയായത്. ഇതിന് പിന്നാലെയാണ് ജയിലില്‍നിന്ന് മോചന ഉത്തരവും ഫൈനല്‍ എക്‌സിറ്റും ലഭിച്ചത്.​




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home