അബ്ദുൾ റഹീം... മരണത്തിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം

അബ്‌ദുൾ റഹീം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ
വിഷ്ണു അരീക്കൽ
Published on May 28, 2026, 09:13 AM | 3 min read
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് രണ്ടുപതിറ്റാണ്ടുകാലത്തെ ജയിൽവാസം. അനന്തമായി നീണ്ട മോചനം. ഒടുവിൽ ലോക മലയാളിയുടെ നിശ്‌ചയദാർഢ്യത്തിന്റെ കരുത്തിൽ മരണത്തിൽനിന്ന് ജീവിതം തിരിച്ചുപിടിച്ച് അബ്‌ദുൾ റഹീം നാടണഞ്ഞു.
2006ൽ ആണ് റഹീം സൗദി അറേബ്യയിൽ ജോലിക്കെത്തിയത്. വാഹനാപകടത്തെ തുടർന്ന് കഴുത്തിനുതാഴെ ശരീരം തളർന്ന അനസ് അൽ ശഹ്റി എന്ന 18 കാരനെ പരിചരിക്കലും പുറത്തുകൊണ്ടുപോകലുമായിരുന്നു ജോലി. 2006 ഡിസംബർ 24ന് വാഹനത്തിൽ പുറത്തുകൊണ്ടുപോയ അനസ് മരിച്ചതിനെ തുടർന്ന്, സൗദിയിലെത്തി ഒരുമാസം തികയുംമുമ്പ് അബ്‌ദുൾ റഹീം തടവിലായി. കേസിൽ 2011 ഫെബ്രുവരി രണ്ടിന് റിയാദ് ജനറൽ കോടതി റഹീമിന് വധശിക്ഷ വിധിച്ചു. ഇതിനകംതന്നെ റഹീമിനെ മോചിപ്പിക്കാനായി റിയാദ് കേന്ദ്രീകരിച്ച് നിയമസഹായ സമിതി രൂപീകരിച്ചിരുന്നു.
അബ്‌ദുൾ റഹിം പവർ ഓഫ് അറ്റോണി സിദ്ധീഖ് തുവൂരിനൊപ്പം വിമാനത്തിൽ
റിയാദിലെ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് നിയമ സഹായ സമിതി വിധിക്കെതിരെ അപ്പീൽ നൽകി. 2017 നവംബർ ഒന്നിന് അപ്പീൽ സ്വീകരിച്ച ജനറൽ കോടതിയുടെ ഭൂരിപക്ഷ ബെഞ്ച് വധശിക്ഷ റദ്ദുചെയ്തു. ഈ വിധിക്കെതിരെ വാദിഭാഗം, റിയാദ് ക്രിമിനൽ കോടതിയിൽ അപ്പീൽ പോയതിന്റെ ഫലമായി പ്രസ്‌തുത വിധി സ്റ്റേ ചെയ്തു. 2019 ഒക്ടോബർ 31ന് അബ്ദുൾ റഹീമിന് വധശിക്ഷ വിധിച്ചുകൊണ്ട് റിയാദ് ക്രിമിനൽ കോടതിയിലെ ഭൂരിപക്ഷ ബെഞ്ച് ഉത്തരവിട്ടു. അതിനെതിരെ റഹീം നിയമസഹായ സമിതിയും ഇന്ത്യൻ എംബസിയും റിയാദ് അപ്പീൽ കോടതിയിൽ അപ്പീൽ ഹർജി ഫയൽ ചെയ്‌തു.
2020 ജനുവരി 21ന് അപ്പീൽ ഹർജിയിൽ വിചാരണ തുടങ്ങി. 2021 നവംബർ 17ന് അപ്പീൽ തള്ളിയ കോടതി വധശിക്ഷ ശരിവച്ചു. 2022 ആഗസ്‌ത് നാലിന് റഹീം നിയമ സഹായ സമിതി അഭിഭാഷകർ മുഖേന സുപ്രീം കോടതിയിൽ അപ്പീൽ പോയെങ്കിലും ഫലമുണ്ടായില്ല. സുപ്രീം കോടതിയും അപ്പീൽ ഹർജി തള്ളി. 2022 നവംബർ 15ന് സുപ്രീം കോടതി വധശിക്ഷ ശരിവച്ചു.
അബ്ദുൽ റഹീം ഇന്ത്യൻ എംബസി ജയിൽ വിഭാഗം ഉദ്യോഗസ്ഥനൊപ്പം
അന്തിമ വിധി വന്നതോടെ റഹീമിനെ രക്ഷിക്കാനായി റിയാദിലെ മുഴുവൻ സംഘടനകളുടെയും യോഗം വിളിച്ചു. യോഗത്തിൽ അഷ്റഫ് വേങ്ങാട്ട് കാര്യങ്ങൾ അവതരിപ്പിച്ചു. മുഴുവൻ സംഘടന പ്രതിനിധികളെയും ചേർത്ത് റിയാദ് ആസ്ഥാനമായി സർവകക്ഷി സമിതി പുനഃസംഘടിപ്പിച്ചു. ദിയാധനം സ്വീകരിച്ച് മാപ്പുനൽകാൻ കുടുംബം തയ്യാറാകുമോ എന്ന നിലയിലാണ് പിന്നീട് ചർച്ച മുന്നോട്ടുപോയത്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി തുടക്കംമുതൽ വിഷയത്തിൽ സജീവമായി ഇടപെട്ടു. അബൂ അനസ്, മുഹമ്മദ് മുബാറക് അൽ ഖഹ്താനി എന്നിവരായിരുന്നു റഹീമിന്റെ ഭാഗത്തുനിന്നുള്ള അഭിഭാഷകർ. ഇവരാണ് ദിയാധനം സംബന്ധിച്ച ചർച്ചകളിൽ പങ്കുവഹിച്ചത്. മറ്റൊരു ഇടപെടലും ഇക്കാര്യത്തിൽ ഉണ്ടാകരുതെന്നും ഇന്ത്യൻ എംബസിയുമായി മാത്രമായിരിക്കും തുടർന്നുള്ള നീക്കങ്ങളെന്നും കരാറുണ്ടാക്കിയതിനെ തുടർന്ന് റഹീമിന്റെ കുടുംബത്തിന്റെ പക്കൽനിന്ന് പവർ ഓഫ് അറ്റോർണി വാങ്ങി.
വധശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ കുട്ടിയുടെ കുടുംബം മാപ്പുനൽകുക മാത്രമായിരുന്നു ഏകവഴി. തുടക്കത്തിൽ വിധി നടപ്പാക്കണമെന്ന നിലപാടിലായിരുന്ന കുടുംബവുമായി, റിയാദ് പൊതുസമൂഹത്തിന്റെ പിന്തുണയോടെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും നടത്തിയ ചർച്ചകൾ ഫലം കണ്ടു. കുടുംബം ആവശ്യപ്പെട്ട ദിയാധനമായ ഒന്നരക്കോടി റിയാലിന്റെ (ഏകദേശം 34 കോടി രൂപ) ചെക്ക് ഉൾപ്പെടെ ഗവർണർ സാക്ഷ്യപ്പെടുത്തിയ കരാർ 2024 ജൂൺ 11ന് റിയാദ് ക്രിമിനൽ കോടതിയിൽ സമർപ്പിച്ചു. ദിയാധനം സ്വീകരിച്ച് മാപ്പുനൽകാനുള്ള അനുരജ്ഞന കരാറിൽ ഒപ്പുവച്ചതായി കുടുംബം കോടതിയെ അറിയിച്ചതോടെ ജൂലൈ രണ്ടിന് റിയാദ് ക്രിമിനൽ കോടതി റഹീമിന്റെ വധശിക്ഷ റദ്ദാക്കി.
അബ്‌ദുൾ റഹീം
എന്നാൽ, ദിയാധനം നൽകി വധശിക്ഷ റദ്ദാക്കപ്പെട്ടിട്ടും മോചനവിധി അനന്തമായി നീണ്ടു. ഒക്ടോബർ 21ന് ആദ്യമായി മോചന ഹർജി പരിഗണിച്ച ബെഞ്ച്, വധശിക്ഷ റദ്ദാക്കിയ കോടതിതന്നെ വിധി പറയണമെന്ന് ചൂണ്ടിക്കാട്ടി കേസ് മാറ്റി. പിന്നീട് നവംബർ 17ന് ഹർജി വീണ്ടും പരിഗണിച്ചപ്പോൾ പ്രോസിക്യൂഷന്റെ സത്യവാങ്മൂലം വിശദമായി പഠിക്കണമെന്ന കാരണത്താലും കേസ് നീട്ടി. ഡിസംബർ എട്ടിന് പ്രതിഭാഗത്തിന്റെ വാദംകൂടി കേട്ട കോടതി, വിധി പറയാൻ കേസ് തൊട്ടടുത്ത പന്ത്രണ്ടിലേക്ക് മാറ്റിയെങ്കിലും അന്ന് കോടതിയിലെ സാങ്കേതിക തകരാറുമൂലം കേസ് വീണ്ടും മാറ്റി. ഇത്തരത്തിൽ നിരവധി തവണയാണ് കേസ് മാറ്റിവച്ചത്. പിന്നീട് പൊതു അവകാശ നിയമപ്രകാരം റഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തി. 20 വർഷം ശിക്ഷ വിധിച്ച റിയാദിലെ അപ്പീൽ കോടതിയുടെ വിധി സുപ്രീം കോടതി ശരിവച്ചു.
ഇതിനിടെ മാതാവ് ഫാത്തിമയും സഹോദരൻ നസീറും അമ്മാവനും റഹീമിനെ ഇസ്കാൻ ജയിലിലെത്തി സന്ദർശിച്ചിരുന്നു. 18 വർഷങ്ങൾക്കു ശേഷമുള്ള ഉമ്മയുടെയും മകന്റെയും കൂടിക്കാഴ്ച ഹൃദയസ്പർശിയായിരുന്നു. രണ്ടു പതിറ്റാണ്ടുനീണ്ട ജയില്‍വാസം കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പൂര്‍ത്തിയായത്. ഇതിന് പിന്നാലെയാണ് ജയിലില്‍നിന്ന് മോചന ഉത്തരവും ഫൈനല്‍ എക്‌സിറ്റും ലഭിച്ചത്.

ലോക കേരളം സമാഹരിച്ചത് 40 കോടിയോളം രൂപ
റഹീമിന്റെ മോചനം യാഥാർഥ്യമായതിൽ ഏറ്റവും പ്രധാനം ലോക മലയാളികൾ ഒറ്റക്കെട്ടായി സമാഹരിച്ച 40 കോടിയോളം രൂപയാണ്. ദിയാധനമായ ഒന്നരക്കോടി റിയാൽ (ഏകദേശം 34 കോടിരൂപ) സമാഹരിക്കാനായി ആരംഭിച്ച ക്രൗഡ് ഫണ്ടിലേക്ക് ലോകമെമ്പാടുമുള്ള മലയാളികൾ ഒരേ മനസ്സോടെ പണമയച്ചു. ലക്ഷ്യമിട്ട തുക ലഭിച്ചതായി അറിയിച്ചിട്ടും റഹീമിന്റെ വീട്ടിലേക്ക് നേരിട്ടും അല്ലാതെയും കാരുണ്യപ്രവാഹമെത്തി. കേരളത്തിന് പുറത്തുള്ള മലയാളികളടക്കം വീട്ടിലെത്തി പണം നൽകി. പണം തികഞ്ഞതോടെ സേവ് അബ്ദുൾ റഹീം ആപ്പ് പ്രവർത്തനം നിർത്തി. എന്നിട്ടും പണവുമായി എത്തിയവരുണ്ട്. ഒടുവിൽ പലരെയും സ്‌നേഹപൂർവം മടക്കി അയക്കുകയായിരുന്നു കുടുംബവും സഹായ കമ്മിറ്റിയും.











0 comments