കളിക്കളം 2025ൽ മെഡൽ നേട്ടവുമായി സഹോദരങ്ങൾ; നാരോകടവ് ഉന്നതിയിലേക്ക് 9 മെഡൽ

എസ് ഒ ദിനു
Published on Oct 20, 2025, 12:00 AM | 1 min read
കഴക്കൂട്ടം: കളിക്കളം കായികമേളയിൽ സഹോദരങ്ങളായ നിഖിൽ, സുധീഷ്, നിധീഷ് എന്നിവർ സ്വന്തമാക്കിയത് 9 മെഡൽ. വയനാട് കാട്ടിക്കുളം ഗവ. എച്ച്എസ്എസ് പ്രീ മെട്രിക് ഹോസ്റ്റലിലാണ് മൂവരും. സുധീഷ് പത്താം ക്ലാസിലും നിധീഷ് ഒമ്പതിലുമാണ് പഠിക്കുന്നത്. പ്ലസ് വൺ വിദ്യാർഥിയാണ് നിഖിൽ.
ട്രാക്കിലും ഫീൽഡിലും തങ്ങളുടെ സാന്നിധ്യം അറിയിച്ച മൂവരും 100 മീറ്റർ, 200 മീറ്റർ, 4x100,4x400 മീറ്റർ റിലേ, ലോങ് ജംപ്, ഹൈ ജംപ്, ജാവലിൻ ത്രോ എന്നീ ഇനങ്ങളിലാണ് മത്സരത്തിനിറങ്ങിയത്. ചേട്ടൻ നിഖിൽ സീനിയർ വിഭാഗം ലോങ് ജംപ്, ജാവലിൻ ത്രോ, 100മീറ്റർ റിലേ ഇനങ്ങളിൽ മാറ്റുരച്ച് റിലേയിൽ ഒന്നാം സ്ഥാനവും ലോങ് ജംപിൽ രണ്ടാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ മത്സരിച്ച സുധീഷും നിധീഷും 100 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനം നേടി.
ലോങ് ജംപിൽ സുധീഷ് ഒന്നാമനായപ്പോൾ 100 മീറ്ററിൽ നിധീഷ് രണ്ടാം സ്ഥാനം നേടി. സംസ്ഥാന സ്കൂൾ കായിക മേളയിൽ പോൾവാൾട്ടിലും 4x100മീറ്റർ റിലേയിലും മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫുട്ബോൾ താരം കൂടിയായ സുധീഷ്. കായികരംഗത്ത് മികവ് പുലർത്തുകയും മികച്ച കായിക താരങ്ങളായി മെഡലുകൾ വാരിക്കൂട്ടുകയുമാണ് ഇവരുടെ ലക്ഷ്യം. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ കോച്ച് ഗിരീഷിന്റെ കീഴിലാണ് പരിശീലനം. വയനാട് വെള്ളമുണ്ട നാരോകടവ് ഉന്നതിയിലെ കൂലിപ്പണിക്കാരായ രാധാകൃഷ്ണന്റെയും മുത്തുവിന്റെയും മക്കളാണ്.











0 comments