ad
Deshabhimani

കരിപ്പൂർ വിമാന ദുരന്തത്തിന് ആറാണ്ട്; വിടാതെ വിങ്ങുമോർമകൾ

Karipur plane crash
avatar
ബഷീർ അമ്പാട്ട്‌

Published on Aug 06, 2026, 08:04 PM | 2 min read

കരിപ്പൂർ: അപകടത്തിൽ വിമാനം മൂന്നായി പിളർന്നിരുന്നു. ഏതുസമയവും അത്‌ പൊട്ടിത്തെറിക്കാം. കോവിഡ്‌ പടർന്നുപിടിക്കുന്ന കാലവുമാണ്‌. പ്രതിസന്ധികൾ ഏറെയായിരുന്നിട്ടും എല്ലാം മറന്ന് പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിനിറങ്ങി. ഓട്ടോറിക്ഷ മുതൽ ലോറിവരെ ആംബുലൻസുകളായി. 21 പേരുടെ ജീവനെടുത്ത കരിപ്പൂർ വിമാന ദുരന്തത്തിന് വെള്ളിയാഴ്ച ആറാണ്ടു തികയുന്പോൾ വേദനകൾക്കൊപ്പം കേരളത്തിന്റെ മനസ്സിൽ നിറയുന്നത്‌ സമാനതകളില്ലാത്തെ രക്ഷാപ്രവർത്തനമാണ്‌.


2020 ആഗസ്‌ത് ഏഴിനാണ്‌ രണ്ട് പൈലറ്റുമാരും 19 യാത്രക്കാരും ഉൾപ്പെടെ 21 പേരുടെ ജീവനെടുത്ത ദുരന്തം. ദുബായിൽനിന്ന് ജീവനക്കാർ ഉൾപ്പെടെ 190 പേരുമായാണ് വന്ദേഭാരത് മിഷന്റെ ഭാഗമായി എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം പറന്നുയരുന്നത്. കോവിഡ് ലോക്ക് ഡൗണിനെ തുടർന്ന് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ നടപ്പാക്കിയ പദ്ധതി പ്രകാരമാണ്‌ യാത്ര. ലാൻഡിങ്ങിനിടെ റൺവേയിൽനിന്ന് പുറത്തുകടന്ന വിമാനം 30 മീറ്ററോളം താഴ്ചയിൽ മൂന്നായി പിളർന്ന് താഴേക്ക് പതിച്ചു. വിവരമറിഞ്ഞയുടൻ എല്ലാം മറന്ന് പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിനിറങ്ങി. അതാണ്‌ മരണ സംഖ്യ ഇത്രയും കുറയാൻ കാരണം.

Karipurplanecrash 1.jpg

അപകട കാരണം


​എയർ ക്രാഫ്റ്റ് ആക്‌സിഡന്റ്‌ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ടിൽ അപകടം പൈലറ്റിന്റെ പിഴവിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു. വിമാനത്താവളത്തിന്റെ പരിമിതികളും പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദുരന്ത കാരണത്തെക്കുറിച്ച് തര്‍ക്കങ്ങളുണ്ടായി. ഒടുവിലാണ് അന്തിമ റിപ്പോർട്ട് പുറത്തുവന്നത്. വൈപ്പര്‍ തകാരാറിലായിരുന്നിട്ടും ഓട്ടോ പൈലറ്റ് രീതിയില്‍ ഇറക്കുന്നതിനു പകരം സ്വന്തം നിയന്ത്രണത്തില്‍മാത്രം വിമാനമിറക്കാന്‍ പൈലറ്റ്‌ ശ്രമിച്ചു. സഹപൈലറ്റ് അഖിലേഷ് നല്‍കിയ നിര്‍ദേശങ്ങളും ലംഘിച്ചു. കരിപ്പൂരിലെ ലാന്‍ഡിങ് ദുഷ്‌കരമെന്ന് തിരിച്ചറിഞ്ഞ് നെടുമ്പാശേരി, കോയമ്പത്തൂര്‍ തുടങ്ങിയ വിമാനത്താവളില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കാഞ്ഞതടക്കം മുഖ്യ പൈലറ്റ് ക്യാപ്റ്റന്‍ ദീപക് സാഥെയുടെ പിഴവായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

നീതി തേടി ദുരന്തബാധിതർ


​വിമാനാപകടത്തിനുപിന്നാലെ എയർ ഇന്ത്യയും സംസ്ഥാന സർക്കാരും പരിക്കേറ്റവരുടെ ചികിത്സ ഏറ്റെടുത്തു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതെല്ലാം നൽകി. നൂറോളം യാത്രക്കാർ വൻതുക ചെലവിട്ട് ഇപ്പോഴും ചികിത്സ തുടരുന്നുണ്ട്. പലരുടെയും ജീവിതം വീൽചെയറിലാണ്. ​ഒരു വിമാനം പറന്നുയർന്ന് യാത്ര അവസാനിക്കുന്നതിനിടയിൽ യാത്രക്കാർക്ക് ഏത് തരത്തിലുള്ള അപകടംപറ്റിയാലും ഏകദേശം 1.30 കോടിയിലേറെ രൂപ നഷ്‌ടപരിഹാരം നൽകണമെന്നതാണ് വ്യോമയാന നിയമം. ഈ നിയമം നിലനിൽക്കെ വിമാനക്കന്പനി പലർക്കും 10മുതൽ 15 ലക്ഷം രൂപവരെ നഷ്‌ടപരിഹാരം നൽകി കേസ് അവസാനിപ്പിച്ചു. കൂടുതൽ നഷ്‌ടപരിഹാരത്തിനായി കോടതിയെ സമീപിച്ചവർ വിധി വരാൻ കാത്തിരിക്കുകയാണ്. ഏകദേശം 80ഓളം പേരാണ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ വിധി കാത്തിരിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home