Deshabhimani

സംസ്ഥാന സ്കൂൾ ശാസ്ത്രമേള: ഓവറോൾ കിരീടം നേടി കണ്ണൂർ

State School Sasthrolsavam.jpg
വെബ് ഡെസ്ക്

Published on Nov 21, 2026, 07:40 PM | 1 min read

പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം സ്വന്തമാക്കി കണ്ണൂർ. 1585 പോയിന്റുകൾ നേടിയാണ് കണ്ണൂർ ഒന്നാം സ്ഥാനത്തെത്തിയത്. നിലവിലെ ചാമ്പ്യൻമാരായിരുന്ന മലപ്പുറത്തിനാണ്‌ രണ്ടാംസ്ഥാനം. 1563 പോയിന്റാണ് നേടിയത്. 1501 പോയിന്റുമായി പാലക്കാട്‌ മൂന്നാം സ്ഥാനം കരസ്ഥമാക്കി.


ശാസ്ത്രമേളയുടെ മൂന്നാംദിനത്തിൽ ഹാട്രിക്‌ ചാന്പ്യൻമാരായ മലപ്പുറത്തെ മറികടന്ന കണ്ണൂർ നടത്തിയ കുതിപ്പ്‌ അവസാനദിവസവും തുടർന്നതോടെയാണ്‌ കീരിടം ചൂടിയത്‌. 27 ഒന്നാംസ്ഥാനവും 21 രണ്ടാംസ്ഥാനവും 16 മൂന്നാംസ്ഥാനവും ഉൾപ്പെടെ 272 എ ഗ്രേഡ് നേടിയാണ്‌ കണ്ണൂർ ഒന്നാംസ്ഥാനത്തെത്തിയത്‌. 26 ഒന്നാംസ്ഥാനവും 19 രണ്ടാംസ്ഥാനവും 22 മൂന്നാംസ്ഥാനവും ഉൾപ്പെടെ 267 എ ഗ്രേഡാണ്‌ മലപ്പുറത്തിന്റെ സാന്പദ്യം. 15 ഒന്നാംസ്ഥാനവും 14 രണ്ടാംസ്ഥാനവും 21 മൂന്നാംസ്ഥാനവും 267 എ ഗ്രേഡ് പാലക്കാടും നേടി. 604 പോയിന്റ്‌ നേടിയ വയനാട്‌ മാനന്തവടിയാണ്‌ മികച്ച സബ്‌ജില്ല. 502 പോയിന്റുമായി സുൽത്താൻ ബത്തേരി രണ്ടാമതും കാസർകോട്‌ (359 പോയിന്റ്‌) മൂന്നാമതുമെത്തി.


സ്കൂൾ തലത്തിലുള്ള പോരാട്ടത്തിൽ വയനാട് ദ്വാരക എസ്എച്ച്എച്ച്എസ്എസ് ഒന്നാം സ്ഥാനം നേടി. 165 പോയിന്റ് നേടി. ഇടുക്കി കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും (153 പോയിന്റ്) കാസർകോട് കാഞ്ഞങ്ങാട് ദുർഗ എച്ച്എസ്എസ് മൂന്നാം സ്ഥാനവും (152 പോയിന്റ്) സ്വന്തമാക്കി.


നവംബർ 17 മുതൽ 21 വരെ മണ്ണാർക്കാട്ടെ വിവിധ വേദികളിലായി നടന്ന മേളയിൽ ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐടി എന്നീ അഞ്ച് മേളകളിലായി 174 ഇനങ്ങളിലാണ് വിദ്യാർഥികൾ മാറ്റുരച്ചത്. വിജയികൾക്കുള്ള എവർറോളിംഗ് ട്രോഫി മന്ത്രി എൻ ഷംസുദ്ദീൻ കൈമാറി. ശാസ്ത്ര സാങ്കേതിക പുരോഗതിക്കൊപ്പം വിദ്യാർഥികളുടെ കണ്ടുപിടുത്തങ്ങൾ ധാർമികതയിൽ കൂടി ഉറച്ചുനിൽക്കുന്നത് അഭിമാനർഹമാണെന്ന് മന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home