സിമ്യ ഹംദാന്റെ സംഗീതവഴികൾ

അനിൽ മാരാത്ത്
Published on Feb 08, 2026, 12:01 AM | 2 min read
കേരളത്തിലെ മുസ്ലിം സമൂഹത്തിൽ രൂപംകൊണ്ട ജനകീയ സംഗീതരൂപമാണ് മാപ്പിളപ്പാട്ട്. അതുപോലെ മാപ്പിള കലാരൂപങ്ങളും. സാധാരണ ജനങ്ങളുടെ ദൈനംദിനജീവിതം, മതവിശ്വാസം, പ്രണയം, വിരഹം, സാമൂഹിക പ്രശ്‌നങ്ങൾ എന്നിവയെ ഈണത്തിലും താളത്തിലും അവതരിപ്പിക്കുന്നതാണ് പ്രത്യേകത. അറബിമലയാളം കലർന്ന വായ്മൊഴി പാരമ്പര്യം, ലാളിത്യമുള്ള സംഗീതശൈലി എന്നിവകൊണ്ടെല്ലാം മാപ്പിളപ്പാട്ട് ജനപ്രിയമാകുന്നു. മാപ്പിളപ്പാട്ടിൽ നിരവധി ശിഷ്യരെ പരിശീലിപ്പിച്ച് കലോത്സവങ്ങളിൽ സമ്മാനങ്ങളും അംഗീകാരങ്ങളും വാരിക്കൂട്ടിയ അപൂർവം അധ്യാപകരിൽ ഒരാളാണ് സിമ്യ ഹംദാൻ. സിമ്യയുടെ ജീവിതവഴിയിലൂടെ.
സംഗീതം വന്ന വഴി
തലശേരിയിലെ പുരാതന കുടുംബമായ ഒ വി തറവാട്ടിലെ അഞ്ചു തലമുറകളുടെ സംഗീതകലാപാരമ്പര്യം. "ആരംഭ സബിദാന്റെ മനസ്സാകും മലർവനിയിൽ അഴകേറുന്നോളേ-വാ’ തുടങ്ങിയ പാട്ടുകൾ രചിച്ച തലശേരി നഗരസഭയുടെ മുൻ ചെയർമാനായിരുന്ന ഒ വി അബ്ദുള്ളയുടെ കുടുംബത്തിലെ ഇളമുറക്കാരി. സമ്പന്നമായ ആ സംഗീതപാരമ്പര്യത്തിന്റെ പാതയിലൂടെ തുടരുന്ന പ്രയാണം. പാലക്കാട് ചെമ്പൈ സംഗീത കോളേജിൽനിന്ന് ബിഎ വോക്കൽ മ്യൂസിക് പാസായി. പുണെ അഖിലഭാരതീയ ഗാന്ധർവ മഹാവിദ്യാലയത്തിൽനിന്ന് ഹിന്ദുസ്ഥാനി സംഗീതത്തിൽ ഉപരിപഠനം. എ എം ദിലീപ് കുമാർ, ഉസ്താദ് ഫയാസ്ഖാൻ, വിജയ് സുർസൈൻ തുടങ്ങിയ ഗുരുക്കന്മാർ. സർവേശ്വസ്തമിശ്രയിൽ നിന്നാണ് ഇപ്പോൾ ഹിന്ദുസ്ഥാനി പഠിക്കുന്നത്.
പെൺപുലി
പുരുഷമേധാവിത്വം നിലനിന്ന മാപ്പിളസംഗീത അധ്യാപകലോകത്ത് ഒരു പെൺസാന്നിധ്യം പലർക്കും അത്ര രസിച്ചിരുന്നില്ല. പുരുഷ മാപ്പിളസംഗീത ഗുരുക്കൻമാർ പരസ്യമായി എതിർപ്പുമായി വന്നപ്പോൾ ധീരതയോടെ നിലയുറച്ചു. കുടുംബം ധൈര്യപൂർവം പിന്തുണച്ചു. 11 വർഷമായി സ്കൂൾ കലോത്സവ വേദികളിൽ മുന്നൂറിലധികം ഒപ്പനപ്പാട്ട്, മാപ്പിളപ്പാട്ട് വിജയികളുടെ ഗുരുവാകാൻ കഴിഞ്ഞു. ഇന്ത്യക്ക് അകത്തും പുറത്തും ഓൺലൈനിലൂടെ നിരവധി ശിഷ്യർക്ക് പരിശീലനം നല്കുന്നു.
കണ്ണൂർ സർവകലാശാലയുടെ മുൻവർഷത്തെ കലോത്സവത്തിൽ ഇന്ത്യൻ ഗ്രൂപ്പ് സോങ്ങിൽ കണ്ണൂർ എസ്എൻ കോളേജിൽ ശിഷ്യരുടെ സംഘം ഒന്നാംസ്ഥാനം നേടി. രണ്ടാംസ്ഥാനം നേടിയ അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജിലെ ഗായകസംഘത്തെയും പരിശീലിപ്പിച്ചു. മാപ്പിളപ്പാട്ട് മത്സരത്തിൽ പഠിപ്പിച്ച കണ്ണൂർ എസ്എൻ കോളേജ് ശിഷ്യർ ഒന്നാംസ്ഥാനം നേടി. മാപ്പിളപ്പാട്ട് സിംഗിൾ മത്സരത്തിൽ കണ്ണൂർ എസ്എൻ കോളേജിൽ നന്ദന ബിനീഷ്, ഗായത്രി നന്ദൻ എന്നിവരും ഒന്നാമതെത്തി. പയ്യന്നൂർ കോളേജിലെ ഐശ്വര്യ ഉല്ലാസ്, കണ്ണൂർ വിമൻസ് കോളേജിലെ കീർത്തന എന്നിവർ രണ്ടാംസ്ഥാനവും നേടി. മഹാകവി മോയിൻകുട്ടി വൈദ്യരുടെ രചനകളാണ് മത്സരങ്ങളിൽ ആലപിച്ചത്
തൃശൂരിൽനിന്ന് ആറ് എ ഗ്രേഡ്
തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവം മാപ്പിളപ്പാട്ടിൽ നാലു ജില്ലകളിൽനിന്ന് മത്സരിച്ച ആറ് ശിഷ്യർ എ ഗ്രേഡ് കരസ്ഥമാക്കി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളായ തീർഥ സുഭാഷ് -പാലക്കാട്, മുഹമ്മദ് റസൽറയാൻ, പാർവതി- വയനാട്, സിദ്നാൻ താജ്, നന്ദിത പ്രദീപ് -കണ്ണൂർ, ഇഹലക്ഷ്മി ദിലീപ്- കാസർകോട് എന്നിവർക്കാണ് എ ഗ്രേഡ്. മുഹ്സിൻ ഗുരുക്കളായിരുന്നു സംഗീതനിർദേശം.
പുരസ്കാരം
2010ൽ കൈരളി ചാനൽ പട്ടുറുമാലിൽ അവാർഡ് ലഭിച്ചത് മികച്ച പ്രകടനത്തിനായിരുന്നു. 2020ൽ കേരള ഫോക്‌ലോർ അക്കാദമി അവാർഡും ലഭിച്ചു. ഗായകൻകൂടിയായ ഭർത്താവ് ഹംദാൻ ഹംസയുമായി ചേർന്ന് അനുരാഗം എന്ന ആൽബം പുറത്തിറക്കി. ഈസ്റ്റ് കോസ്റ്റായിരുന്നു വിതരണം. ഏത് സംഗീതമായാലും ശാസ്ത്രീയമായി പഠിക്കണം. പരിശീലനം നിർബന്ധമാക്കണം. എത്ര ഉയരങ്ങളിൽ എത്തിയാലും എന്നും സംഗീതവിദ്യാർഥിയാണെന്ന് വിനയത്തോടെ കരുതണമെന്നും സിമ്യ പറയുന്നു. തലശേരി ചേറ്റംകുന്ന് ഗസലിൽ മൊയ്തു–-ഷൈല ദമ്പതികളുടെ മകളാണ്. മകൻ ദിയാൻ ഹാഷ്മി.











0 comments