ad
Deshabhimani

print edition നർ​ഗീസ് എന്ന മാലാഖ

nargees

നർഗീസ് ബീഗം

avatar
​സി പ്രജോഷ്‌ കുമാർ

Published on May 24, 2026, 07:57 AM | 4 min read

തിരക്കുപിടിച്ച നഴ്‌സിങ് ജോലി പൂർത്തിയാക്കി പലപ്പോഴും നർഗീസ്‌ ബീഗം പോകുന്നത്‌ വീട്ടിലേക്കല്ല. വീടില്ലാത്തവരുടെ സങ്കടക്കടലിലേക്ക്‌, കിടപ്പുരോഗികളുടെ ദൈന്യങ്ങളിലേക്ക്‌, പട്ടിണി കിടക്കുന്നവരുടെ വിശപ്പിൻവിളികളിലേക്ക്‌. ഏത്‌ ഇരുട്ടിലും പ്രതീക്ഷയുടെ പൊൻവെളിച്ചമായി അവരുടെ സങ്കടങ്ങൾക്കുമുന്നിൽ അവൾ പറന്നിറങ്ങും. കേരളത്തിൽമാത്രമല്ല, തമിഴ്‌നാട്ടിലേക്കും കർണാടകത്തിലേക്കും യാത്ര നീളും. അഗതിമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും ആദിവാസി ഉന്നതികളിലും നിരവധിപേർ അവളെ കാത്ത് കഴിയുന്നു. കിടപ്പുരോഗികൾമുതൽ ഫീസ്‌ അടയ്‌ക്കാൻ പണമില്ലാത്ത വിദ്യാർഥികൾവരെ കാരുണ്യസ്‌പർശമറിയുന്നു. 26 വർഷമായി തുടരുന്ന യാത്രയ്‌ക്ക്‌ ഇടവേളകളില്ല. നിന്നും ഇരുന്നും യാത്രകളിൽ ഉറങ്ങുന്നു. അജ്ഞാതതെരുവുകളിൽ ഷാൾ മൂടി പുതച്ചുറങ്ങുന്നു. വഴിതെറ്റി അലയുന്നു. സങ്കടങ്ങളെ ചേർത്തുപിടിക്കാനുള്ള യാത്രയ്‌ക്ക്‌ കരുത്തുമായി നിരവധിപേർ അവൾക്കൊപ്പം കൂടുന്നു. സ്‌നേഹത്തിന്റെ പലതുള്ളികൾ പെരുവെള്ളമായി നിറയുന്നു. നാടാകെ കാരുണ്യമഴയായി അവൾ പെയ്‌തിറങ്ങുന്നു. അവൾ മാലാഖയായി മാറുന്നു.


a


അനുഭവക്കരുത്ത്‌


മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തിലെ കാരാട് ഗ്രാമത്തിലെ കൊട്ടടംപാടംതടത്തിൽ ഹംസക്കോയ–ഖമറുന്നിസ ദമ്പതികളുടെ മൂത്തമകൾ. ദുരിതങ്ങൾ നിറഞ്ഞ കുട്ടിക്കാലം. ഉമ്മ ചെറുപ്പംമുതൽ കരിങ്കല്ല് പൊട്ടിച്ച് മെറ്റലാക്കുന്ന ജോലി ചെയ്യുമായിരുന്നു. അഞ്ചുവയസ്സുള്ളപ്പോൾ കുഞ്ഞു നർഗീസും ഉമ്മയ്‌ക്കൊപ്പം ജോലിക്കിറങ്ങി. ജോലി തേടി ഗൾഫിൽ പോയ ബാപ്പ ആരോഗ്യപ്രശ്‌നങ്ങളാൽ മടങ്ങി. തുടർന്ന്‌ ഉമ്മ വീട്ടുവേലയ്‌ക്കായി ഗൾഫിലേക്ക് പോയി. നർഗീസും നാല്‌ സഹോദരങ്ങളും അനാഥരായി. പൂമ്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ നർഗീസ്‌ ഗൃഹനാഥയായി. കുഞ്ഞനുജന്മാരുടെയും അനുജത്തിയുടെയും വിശപ്പ്‌ അവളുടെ ആധിയായി. റംസാൻ മാസത്തിൽ നാട്ടിലെ പ്രമാണിയുടെ വീട്ടിൽ സക്കാത്തിനായി ചെന്നപ്പോൾ സഹപാഠി കണ്ടു. സ്‌കൂളിൽ ഭിക്ഷക്കാരിയെന്ന പരിഹാസം കേട്ടു. സ്‌കൂളിനുപിന്നിലെ അപ്പക്കാടുകൾക്കിടയിൽ മുഖംപൊത്തി അവൾ കരഞ്ഞു.


​ദാമ്പത്യജീവിതവും നോവ്‌ നിറഞ്ഞതായിരുന്നു. പണം കണ്ടെത്താൻ നർഗീസിന്റെ കിഡ്‌നിവരെ വിൽക്കാൻ തീരുമാനിച്ചു. പ്രഷർ കുക്കറുകൊണ്ട്‌ തലയ്‌ക്കടിയേറ്റതോടെ ദാമ്പത്യം അവസാനിപ്പിച്ച്‌ രണ്ടു മക്കളുമായി നർഗീസ്‌ സ്വന്തം വീട്ടിലേക്ക്‌ മടങ്ങി. സന്നദ്ധസേവനത്തിന്‌ അവൾ ജീവിതം സമർപ്പിച്ചു.


കരുത്തായി ഫെയ്‌സ്‌ബുക്


വിഎച്ച്‌എസ്‌സി ലാബ്‌ ടെക്‌നീഷ്യൻ കോഴ്‌സ്‌ പാസായശേഷം ചെറിയ കമ്മൽ വിറ്റാണ് നർഗീസ് നഴ്‌സിങ്ങിന്‌ ചേർന്നത്. ചെമ്മാട്‌ പുത്തൂർ നഴ്‌സിങ് ഹോമിലായിരുന്നു ആദ്യനിയമനം. മാസം 300 രൂപ വേതനം. ആശുപത്രിയിൽ എത്തുന്ന പാവപ്പെട്ട രോഗികളെ സഹായിക്കാൻ തുടങ്ങി. 21–ാംവയസ്സിൽ ഫറോക്ക്‌ കോയാസ്‌ ആശുപത്രിയിൽ നഴ്‌സായി. ശമ്പളത്തിൽനിന്ന്‌ മിച്ചംപിടിച്ച്‌ പാവപ്പെട്ട രോഗികൾക്ക് മരുന്നും ഭക്ഷണവും വാങ്ങിനൽകി. ലാബ്‌ ടെസ്റ്റുകളുടെ പണമടച്ചു. തുണയില്ലാത്തവർക്ക്‌ കൂട്ടിരുന്നു. വീടില്ലാത്തവരുടെ സങ്കടങ്ങൾ, അടച്ചുറപ്പില്ലാത്ത വീടുകളിൽ മക്കളുമായി കഴിയുന്നവരുടെ ആവലാതി, മരുന്നിന്‌ പണമില്ലാത്തവരുടെ നിസ്സഹായത– നർഗീസിനെ ചുറ്റുമുള്ള ലോകം പൊള്ളിച്ചു.


​ഒറ്റയ്‌ക്കുള്ള കാരുണ്യപ്രവർത്തനം എവിടെയും എത്തുന്നില്ലെന്ന തിരിച്ചറിവാണ്‌ ഫെയ്‌സ്‌ബുക് കുറിപ്പിലേക്ക്‌ വഴിനടത്തിയത്‌. നിസ്സഹായ ജീവിതങ്ങൾ ഫെയ്‌സ്‌ബുക്കിൽ പകർത്തി. സഹായം അഭ്യർഥിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ സുമനസ്സുകൾ സഹായവുമായി എത്തി. സഹായം തേടുന്നവരുടെ എണ്ണം ദിവസവും കൂ‍ടി. ഭക്ഷണം, വീട്‌, വസ്‌ത്രം, ചികിത്സ, വിദ്യാഭ്യാസം... ആവശ്യങ്ങളുടെ മലവെള്ളപ്പാച്ചിൽ. അവൾ പതറിയില്ല. സഹായത്തിനായി കഠിനമായി പരിശ്രമിച്ചു. ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന്‌ സഹായമെത്തി. ഇന്ന്‌ മൂന്നുലക്ഷംപേർ ഫെയ്‌സ്‌ബുക്കിൽ സുഹൃത്തുക്കളായുണ്ട്‌.


b


വീടൊരുക്കി കൂടൊരുക്കി


ഇരുപതുവർഷംമുമ്പ്‌ കേരളത്തിലേക്ക്‌ കുടിയേറിയതാണ്‌ തമിഴ്‌നാട്‌ സ്വദേശി തിലകമ്മയും കുടുംബവും. ഭർത്താവ്‌ കിഡ്‌നി രോഗം ബാധിച്ച്‌ മരിച്ചതോടെ നാലു മക്കളും തിലകമ്മയും തെരുവിലായി. അവരെ കാണാൻ നർഗീസ്‌ എത്തുമ്പോൾ അവർ പുന്നപ്ര പൊലീസ്‌ സ്റ്റേഷൻ മുറ്റത്ത്‌ റോഡരികിൽ കിടക്കുകയായിരുന്നു. രണ്ടുവർഷമായി തെരുവിൽ അന്തിയുറങ്ങുന്ന കുടുംബത്തെ വാടകവീട്ടിലേക്ക്‌ മാറ്റി. സുരക്ഷിതമായ വീടൊരുക്കാൻ സഹായം അഭ്യർഥിച്ച്‌ മൂന്നുമണിക്കൂറോളം നിർത്താതെ ഫെയ്‌സ്‌ബുക് ലൈവ്‌ ചെയ്‌തു. പലരും സഹായിച്ചു. മൂന്നുസെന്റ്‌ സ്ഥലം വാങ്ങി. ജോയ്‌ ആലുക്കാസിന്റെ സഹായത്താൽ വീട്‌ നിർമിച്ചുനൽകി. അതൊരു തുടക്കമായിരുന്നു. പിന്നീട്‌ നിരവധിപേർക്ക്‌ നർഗീസ്‌ തണലായി. വീടില്ലാത്തവർക്ക്‌ ഒറ്റമുറിവീടുകൾ നിർമിച്ചായിരുന്നു തുടക്കം. നിർമാണസാമഗ്രികൾ പലരും വാഗ്‌ദാനം ചെയ്‌തു. വീടുപണിക്ക്‌ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ സന്നദ്ധപ്രവർത്തകരായെത്തി. നർഗീസിന്റെ വിളിപ്പുറത്ത്‌ അവർ കാരുണ്യമഴയായി പെയ്‌തിറങ്ങും. അതിൽ നിരവധി ജീവിതങ്ങൾ തളിർക്കും. ആ സന്തോഷമാണ്‌ നർഗീസിന്റെ സമ്പാദ്യം.


അഡോറ എന്ന തണൽ


ഫെയ്‌സ്‌ബുക്കിൽ സഹായം അഭ്യർഥിച്ച തമിഴ്‌നാട് സ്വദേശിയെ സ്‌കൂട്ടറിൽ സന്ദർശിച്ച്‌ മടങ്ങുന്നതിനിടയിലാണ്‌ ഫെയ്‌സ്‌ബുക് മെസഞ്ചറിൽ വയനാട്ടുകാരൻ തങ്കപ്പന്റെ സന്ദേശമെത്തുന്നത്‌. ആ കണ്ടുമുട്ടൽ വഴിത്തിരിവായി. വയനാട് കേന്ദ്രമായുള്ള അഡോറ (Agency for Developmental Operations in Rural Areas) സന്നദ്ധസംഘടനയുടെ ഡയറക്ടറായിരുന്നു തങ്കപ്പൻ. ആദിവാസി ജനവിഭാഗങ്ങൾക്ക്‌നർഗീസ് ബീഗംനർഗീസ് ബീഗം സന്നദ്ധസേവനം ലക്ഷ്യമിട്ട്‌ തുടങ്ങിയ സംഘടന നിർജീവമാണെന്നും അത്‌ ഏറ്റെടുക്കണമെന്നുമായിരുന്നു അഭ്യർഥന. നർഗീസ്‌ അതിന്റെ ഭാഗമായി. 2013ൽ അതിന്റെ ഡയറക്ടറായി. അതോടെ സന്നദ്ധപ്രവർത്തനങ്ങൾ വിപുലമായി. എല്ലാ ജില്ലകളിലേക്കും അതിന്റെ ചില്ലകൾ വ്യാപിച്ചു. 92 പേർക്ക്‌ ഇതിനകം വീട്‌ നിർമിച്ചുനൽകി.


​ എയ്‌ഞ്ചൽസ്‌ വസ്‌ത്ര ബാങ്ക്‌


സൗജന്യ വസ്ത്രാലയം എന്ന ആശയം കേരളത്തിൽ ആദ്യമായി പ്രാവർത്തികമാക്കിയവരിൽ ഒരാളാണ്‌ നർഗീസ്. വയനാട്ടിലെ ആദിവാസി ഉന്നതി സന്ദർശനത്തിലാണ്‌ വസ്‌ത്രം സംഭാവന നൽകുക എന്ന ആശയം ഉദിച്ചത്‌. നൽകിയ വസ്‌ത്രങ്ങൾ ഇവർ ധരിക്കുന്നില്ലെന്ന്‌ ശ്രദ്ധിച്ചതോടെ ഇഷ്ടമുള്ള വസ്‌ത്രങ്ങൾ തെരഞ്ഞെടുക്കാൻ അവസരമൊരുക്കി. അങ്ങനെ 12 വർഷംമുമ്പ്‌ ആദ്യ വസ്‌ത്ര ബാങ്ക്‌ യാഥാർഥ്യമായി. ആർനർഗീസ് ബീഗംനർഗീസ് ബീഗംക്കും ഇഷ്ടമുള്ള വസ്‌ത്രം തെരഞ്ഞെടുക്കാവുന്ന രീതിയിലാണ്‌ എയ്‌ഞ്ചൽസ്‌ വിഭാവനം ചെയ്‌തത്‌. വയനാട്ടിൽ നാലും കാസർകോട്‌, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓരോയിടത്തും ബാങ്ക്‌ ആരംഭിച്ചു. വസ്‌ത്രങ്ങൾക്കുപുറമെ സ്റ്റോക്ക്‌ ഒഴിവാക്കുന്ന ചെരിപ്പുകൾ നൽകി കടക്കാർ പിന്തുണയേകി. വീട് മാറുന്നവർ പഴയ ഫർണിച്ചറും ഇലക്‌ട്രോണിക്സ്‌ ഉപകരണങ്ങളും നൽകി. പലരും ഒറ്റത്തവണ ഉപയോഗിച്ച വിവാഹവസ്‌ത്രങ്ങൾ നൽകി. നർഗീസിന്റെ സുഹൃത്തുക്കളുടെ വീടുകൾ എയ്ഞ്ചൽസ് കലക്‌ഷൻ സെന്ററുകളായി പ്രവർത്തിക്കുന്നു. കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രി അത്യാഹിതവിഭാഗത്തിൽ പ്രത്യേക അലമാര സ്ഥാപിച്ചിട്ടുണ്ട്‌. അപകടത്തിൽ മരിക്കുന്നവർ, ആരുമില്ലാത്ത രോഗികൾ എന്നിവർക്കുള്ള തുണികളും വസ്‌ത്രവും ഇവിടെ ലഭിക്കും.


അതിരുകളില്ലാ ലോകം


നട്ടെല്ലിന്‌ ക്ഷതമേറ്റ നാൽപ്പതോളംപേരെയാണ്‌ നർഗീസിന്റെ നേതൃത്വത്തിൽ കോയമ്പത്തൂർ സഹായി ആശുപത്രിയിൽ എത്തിച്ച്‌ പുതുജീവൻ നൽകിയത്‌. മുപ്പതോളംപേർക്ക്‌ കൃത്രിമക്കാൽ വച്ചുനൽകി, ആയിരത്തിനുമുകളിൽ വീൽചെയറുകൾ നൽകി. മുന്നൂറോളം രോഗികൾക്ക് മാസത്തിൽ മരുന്ന് എത്തിക്കുന്നു. നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റും വീട്ടുവാടകയും നൽകുന്നു. മാതാപിതാക്കൾ ഇല്ലാത്ത കുട്ടികൾക്ക്‌ പഠനസഹായം എത്തിക്കുന്നു. സ്‌ത്രീകൾക്ക്‌ സ്വയംതൊഴിൽ സംരംഭങ്ങൾ ഒരുക്കുന്നു. കോഴിക്കോട്‌ ജില്ലാ പാരാ ലീഗൽ വളന്റിയർ എന്ന നിലയിൽ ആദിവാസി ഉന്നതികളിൽ അവശ്യവസ്‌തുക്കൾ എത്തിക്കുന്നു. ജില്ലാ ലീഗൽ സർവീസ്‌ അതോറിറ്റിയുടെ സഹായത്തിൽ കിടപ്പുരോഗികൾക്ക്‌ വീൽചെയറുകൾ, എയർ ബെഡ് എന്നിവ എത്തിക്കുന്നു. വനിതാ ശിശുവികസനവകുപ്പിനു കീഴിലെ ശിശുഭവനിലെ കുട്ടികൾക്ക്‌ പുസ്തകങ്ങളും വസ്‌ത്രങ്ങളും നൽകുന്നു. പിഎസ്‌സി പരിശീലനം, സൗജന്യ കംപ്യൂട്ടർ ക്ലാസുകൾ, ലഹരിബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ എന്നിങ്ങനെ സദാ തിരക്കിലാണ്‌ നർഗീസ്‌. ഗ്രാമീണമേഖലയിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കാൻ വയനാട്‌, കോഴിക്കോട്‌ ജില്ലകളിലായി 42 കിണറുകളും പൊതു ടാപ്പുകളും നിർമിച്ചുനൽകി. അഡോറ എക്‌സിക്യൂട്ടീവ്‌ അംഗവും മുംബൈയിലെ ബിസിനസുകാരനുമായ സന്തോഷ്‌ പന്താവൂർ വയനാട്ടിൽ സ‍ൗജന്യമായി നൽകിയ രണ്ടേക്കറിൽ ഫിസിയോതെറാപ്പി സെന്റർ ഒരുങ്ങുന്നുണ്ട്‌. ഡയാലിസിസ്‌ കേന്ദ്രം, ആദിവാസികൾക്കുള്ള പുനരധിവാസകേന്ദ്രം എന്നിവ ഇതിന്റെ ഭാഗമാണ്‌.


തൂലികാനാമം വിളിപ്പേരായി


ടി പി റോസിന എന്നാണ്‌ വീട്ടുകാരിട്ട പേര്‌. ചെറുപ്പത്തിൽ ബാപ്പയുടെ അമ്മായിയാണ്‌ നർഗീസ്‌ ബീഗം എന്ന്‌ ആദ്യം വിളിച്ചത്‌. നടൻ സഞ്ജയ്‌ ദത്തിന്റെ അമ്മയായ നർഗീസ്‌ ബീഗത്തോടുള്ള ആരാധനയായിരുന്നു അതിനുപിന്നിൽ. പിന്നീട്‌, കവിതകൾ എഴുതിത്തുടങ്ങിയപ്പോൾ നർഗീസ്‌ ബീഗം തൂലികാനാമമായി. ശേഷം എല്ലാവരും ആ പേര്‌ വിളിക്കാൻ തുടങ്ങി. യഥാർഥ പേര്‌ രേഖകളിൽമാത്രമായി.


​ഒപ്പം ചേർന്ന്‌ കുടുംബം


സന്നദ്ധസേവനത്തിൽ അവൾ എല്ലാ ദുഃഖവും മറന്നു. വർഷങ്ങൾക്കുശേഷം പ്രവാസിയും ചെർപ്പുളശേരി സ്വദേശിയുമായ സുബൈർ ജീവിതത്തിലേക്ക്‌ കടന്നുവന്നു. നർഗീസിന്റെ സേവനപ്രവർത്തനങ്ങളിൽ പങ്കാളിയായി. വിധവയുടെ വീടുനിർമാണത്തിന്‌ 25,000 രൂപ സമ്മാനം നൽകാൻ എത്തിയപ്പോഴാണ്‌ അവർ ആദ്യമായി കണ്ടത്‌. പിന്നീട്‌ സുബൈർ മണ്ണാർക്കാട്‌ ഷോപ്പ്‌ തുടങ്ങിയപ്പോൾ ഉദ്‌ഘാടകയായി ക്ഷണിച്ചത്‌ നർഗീസിനെ. ആ ബന്ധം ദാമ്പത്യത്തിലേക്ക്‌ വഴിമാറി. മഹറായി ലഭിച്ച ഒന്നരലക്ഷം രൂപ പാലക്കാട്ട്‌ ശരീരം തളർന്ന കുടുംബനാഥന്‌ കട തുടങ്ങാൻ നൽകി വിവാഹവും സന്നദ്ധസേവനത്തിന്റെ മഹനീയ മാതൃകയാക്കി. പ്രവാസിയായ സുബൈർ നാട്ടിൽ സ്ഥിരതാമസമായി. ബിരുദ വിദ്യാർഥിയായ അൽഹാസാണ്‌ പലപ്പോഴും യാത്രയിൽ ഉമ്മയുടെ സഹായി. പ്ലസ്‌ടു വിദ്യാർഥി അതുൽ റഹ്‌മാനും പിന്തുണയുമായി ഒപ്പമുണ്ട്‌.

Nargees Beegam: The Compassionate Angel Bringing Hope to the Helpless

പുരസ്‌കാരത്തിളക്കം


ജീവകാരുണ്യപ്രവർത്തനങ്ങൾക്ക്‌ ഇതിനകം നിരവധി പുരസ്‌കാരങ്ങൾ നർഗീസിനെ തേടിയെത്തി. 2022ൽ മികച്ച ആരോഗ്യപ്രവർത്തകയ്‌ക്കുള്ള കൈരളി ടിവി പുസ്‌കാരം ചെയർമാൻ മമ്മൂട്ടിയിൽനിന്ന്‌ ഏറ്റുവാങ്ങി. ഐഎൻഎൽ സുലൈമാൻ സേട്ട്‌ പുരസ്‌കാരം, ഉമ്മൻചാണ്ടി പുരസ്‌കാരം, ബോബി ചെമ്മണൂർ സദയം ചാരിറ്റബിൾ ട്രസ്റ്റ്‌ അവാർഡ്‌ തുടങ്ങി ഇരുപത്തഞ്ചോളം പുരസ്‌കാരങ്ങൾ. ‘ഞാൻ നർഗീസ്‌ നർഗീസ് ബീഗംബീഗം’ എന്ന പേരിൽ പുസ്‌തകവും പുറത്തിറക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home