ad
Deshabhimani

print edition അതിജീവന കൂട്ടുകൾക്ക്‌ എന്തു രുചി

മരിയ ഏബ്രഹാം

മരിയ ഏബ്രഹാം

avatar
അതുല്യ ഉണ്ണി


Published on May 24, 2026, 07:40 AM | 2 min read

ചില അടുക്കളകൾക്ക് പ്രത്യാശയുടെ മണമുണ്ട്. കോട്ടയം പാലായിലെ കള്ളിവയലിൽ തറവാടിന്റെ അടുക്കളമുറ്റത്തുനിന്ന്‌ പടരുന്നതും ആ സുഗന്ധമാണ്‌. അവിടെയൊരു അറുപത്തേഴു-കാരി തന്റെ ജീവിതം തിരുത്തി എഴുതുകയാണ്. പ്രായം വെറും നമ്പരാണെന്ന്‌ പറഞ്ഞുവച്ച്‌ തളരാത്ത ആവേശത്തോടെ അവിടെനിന്ന്‌ അവരുടെ ജീവിതസന്തോഷം രുചിച്ചറിയുകയാണ്‌ മരിയ ഏബ്രഹാമെന്ന മരിയ ആന്റി. അർബുദത്തെ പോരാടിത്തോൽപ്പിച്ച മരിയയ്ക്ക് പാചകമെന്നത് ഒരു തൊഴിലല്ല, മറിച്ച് തളരാത്ത മനസ്സിന്റെ അടയാളമാണ്. രോഗശയ്യയിൽനിന്ന് രുചിയുടെ ലോകത്തേക്ക് മരിയ ഏബ്രഹാം തന്റെ ജീവിതം കരുപ്പിടിപ്പിക്കുന്നത് കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പിൻബലത്തിലാണ്. ആയിരക്കണക്കിന്‌ സ്‌ത്രീകൾക്ക്‌ പാചകത്തിലൂടെ സ്വയംപര്യാപ്‌തത നേടിക്കൊടുത്ത പെൺകരുത്തിന്റെ കഥകൂടിയാണ്‌ ഇത്‌. കള്ളിവയലിൽ തറവാട്ടിലെ അടുക്കളമുറ്റം ഇന്ന് വെറുമൊരു പാചകപ്പുരയല്ല, നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ്.


പാരമ്പര്യവും കൈപ്പുണ്യവും


1958-ൽ കോട്ടയം കാഞ്ഞിരപ്പള്ളിയിലായിരുന്നു മരിയയുടെ ജനനം. ചെറുപ്പംമുതൽ പാചകത്തിനോട്‌ ഇഷ്ടം. എന്നാൽ, തമിഴ്‌നാട്ടിൽനിന്ന്‌ ബിരുദം പൂർത്തിയാക്കി തിരിച്ചെത്തിയ അവരുടെ ജീവിതത്തിന്‌ പുതുപാത നൽകിയത്‌ അമ്മ റോസക്കുട്ടിയുടെ പാചകക്കുറിപ്പുകളടങ്ങിയ പുസ്‌തകമായിരുന്നു. അങ്ങനെ പാചകം മരിയയുടെ ജീവിതമായി മാറി. അമ്മയുടെ പാചകക്കുറിപ്പിലൂടെ പകരുന്ന കൈപ്പുണ്യവും എസ്റ്റേറ്റിൽ വിളവെടുക്കുന്നവയും ഇവിടെ വിഭവങ്ങളായി. അവിടെ വിളയുന്ന ചക്കയും മാങ്ങയും നേന്ത്രപ്പഴവും മരിയയുടെ കൈകളിൽ എത്തുമ്പോൾ അവ നാവിൻതുമ്പിൽ കൊതിയൂറുന്ന വിഭവങ്ങളായി പരിണമിക്കുന്നു. അമ്മയിൽനിന്ന് പകർന്നുകിട്ടിയ പരമ്പരാഗത അറിവാണ്‌ ഈ കൈപ്പുണ്യത്തിന്റെ അടിസ്ഥാനം. മായമില്ലാത്ത വിഭവങ്ങൾ തേടി ദൂരദേശങ്ങളിൽനിന്നുപോലും ആവശ്യക്കാർ മരിയയെ തേടി എത്തുന്നു.


mariamaria


രുചിക്കൂട്ടിലെ കശ്മീരിഗന്ധം


മരിയയുടെ രുചിക്കൂട്ടുകൾക്ക് പുതിയ മാനങ്ങൾ കൈവന്നത് വിവാഹശേഷം 18 വർഷം നീണ്ടുനിന്ന കശ്മീരിലെ ജീവിതത്തിലൂടെയാണ്. ​അന്യനാട്ടിലെ പരിമിതസാഹചര്യങ്ങളാണ് മരിയയിലെ പാചകവിദഗ്ധയെ ഉണർത്തിയത്. കേരളത്തിലെ തനതുചേരുവകൾ കിട്ടാതിരുന്നപ്പോൾ, ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് സ്വന്തം ശൈലിയിൽ പുതിയ വിഭവങ്ങൾ പരീക്ഷിച്ചുതുടങ്ങി. ഉത്തരേന്ത്യൻ വിഭവങ്ങളുടെ വൈവിധ്യവും നിർമാണരീതികളും ആഴത്തിൽ പഠിച്ച്‌ അവയിൽ തന്റേതായ പുതുമകൾകൂടി ചേർത്ത്‌ പാചകത്തെ കലയായി മാറ്റി. ​ഐപിഎസ്‌ ഓഫീസറായ ഭർത്താവ്‌ ഐ കെ ഏബ്രഹാമിന്റെ വിരമിക്കലിനുശേഷം മക്കളുടെ വിദ്യാഭ്യാസത്തിനായി കോട്ടയത്ത് എത്തിയതോടെയാണ്‌ പാചകത്തിൽ കൂടുതൽ ശ്രദ്ധപുലർത്തിയത്‌. പ്രമുഖ പാചകവിദഗ്ധരുടെ പുസ്തകങ്ങളിലൂടെയായിരുന്നു പഠനം. പഠിച്ചത്‌ നിരവധി സ്‌ത്രീകൾക്ക്‌ പകർന്നുനൽകി. അത്‌ പുതുസംരംഭവുമാക്കി.


അതിജീവനത്തിന്റെ പാഠങ്ങൾ


ചില ജീവിതങ്ങൾ അങ്ങനെയാണ്. പ്രതിസന്ധികൾ വരുമ്പോൾ അവർ തളർന്നുപോകില്ല, പകരം കൂടുതൽ തിളക്കത്തോടെ ഉദിച്ചുയരും. 2022-ൽ വായ്ക്കുള്ളിലെ അർബുദം എന്ന വില്ലൻ മരിയയുടെ ജീവിതത്തിലേക്ക് അതിക്രമിച്ചുകയറിയപ്പോൾ, അവിടത്തെ അടുക്കളമുറ്റം നിശ്ശബ്ദമായില്ല. താൻ കണ്ട സ്വപ്‌നങ്ങളെ മുറുകെ പിടിച്ച്‌ ഇഷ്ടമേഖലയായ പാചകത്തിലേക്കുള്ള മടക്കംകൊണ്ട് അവർ ജീവിതപ്രതിസന്ധിയെ മറികടന്നു. കീമോതെറാപ്പിയുടെയും മരുന്നുകളുടെയും കയ്‌പിനേക്കാൾ മരിയ തന്റെ കൈപ്പുണ്യത്തിന്റെ മധുരത്തിന് പ്രാധാന്യം നൽകി. എന്നാൽ, അർബുദത്തെ തുടർന്ന്‌ വായുടെ മുകൾഭാഗം ശസ്‌ത്രക്രിയയിലൂടെ നീക്കിയപ്പോൾ സ്വാദ്‌ അറിയുന്ന ശേഷിയാണ്‌ അവർക്ക്‌ നഷ്ടമായത്‌. എന്നാൽ, ഇവയ്‌ക്കൊന്നും മരിയയുടെ ആത്മവിശ്വാസത്തെ തോൽപ്പിക്കാനായില്ല. തളരാതെ, പതറാതെ, അഭിമാനത്തോടെ രുചിക്കൂട്ടുകളാൽ അവർ ഇന്നും മുന്നേറുന്നു.


തോട്ടത്തിൽനിന്ന് തീൻമേശയിലേക്ക്


കള്ളിവയൽ എസ്റ്റേറ്റിലെ സമൃദ്ധിയിൽനിന്നാണ് മരിയയുടെ വിഭവങ്ങൾ പിറക്കുന്നത്. സ്വന്തം തോട്ടത്തിൽ ഉണ്ടാകുന്നവ കൃത്രിമച്ചേരുവകളില്ലാതെ വിഭവങ്ങളായി മാറുന്നു. ആവശ്യത്തിലധികം സാധനങ്ങൾ തോട്ടത്തിൽനിന്ന്‌ ലഭിച്ചപ്പോൾ അവ പലതരം വിഭവങ്ങളാക്കി ബന്ധുക്കൾക്ക്‌ നൽകിയായിരുന്നു തുടക്കം. വിഭവങ്ങൾക്ക്‌ ആവശ്യക്കാർ ഏറിയതോടെ പുതിയത്‌ പരീക്ഷിക്കാൻ തുടങ്ങി. മായംചേർക്കാതെ പൂർണമായും വീട്ടിൽത്തന്നെ നിർമിച്ചവയ്‌ക്ക്‌ പ്രിയമേറി. അങ്ങനെ ഇതൊരു പുതുസംരംഭമാക്കി. എല്ലായിടത്തുനിന്നും മികച്ച പ്രതികരണവും ലഭിച്ചുതുടങ്ങിയതോടെ കൂടുതൽ വിപുലമാക്കി. ഓൺലൈൻ വിപണിയാണ്‌ പ്രധാനം. ഓർഡർ അനുസരിച്ച്‌ വിഭവങ്ങളെല്ലാം ആവശ്യക്കാരുടെ വീട്ടുപടിക്കൽ എത്തിക്കുന്നു.


സ്ത്രീശാക്തീകരണവും 
വിപണിയും


പാചകം സ്ത്രീകൾക്ക് കേവലം അടുക്കളജോലിമാത്രമല്ല, മറിച്ച് സാമ്പത്തികഭദ്രതയും സ്വയംപര്യാപ്തതയും നൽകുന്ന വലിയൊരു സംരംഭമാണെന്ന് മരിയ തെളിയിക്കുന്നു. ഈ തിരിച്ചറിവാണ് സ്ത്രീകൾക്ക് പാചക ക്ലാസുകൾ നൽകാൻ അവരെ പ്രേരിപ്പിച്ചത്. കഴിഞ്ഞവർഷങ്ങൾക്കിടയിൽ ആയിരക്കണക്കിന് സ്ത്രീകൾക്കാണ് മരിയ പാചകത്തിൽ പരിശീലനം നൽകിയത്. അവരെയെല്ലാം സ്വയംതൊഴിൽ കണ്ടെത്താൻ പ്രാപ്തരാക്കി എന്നതിലാണ് മരിയ ഇന്ന് ഏറ്റവും വലിയ സംതൃപ്തി കണ്ടെത്തുന്നത്. ഓൺലൈൻ വിപണനസാധ്യതകളെ സമർഥമായി ഉപയോഗിക്കുന്ന മരിയ, വീട്ടുപടിക്കൽ രുചികരമായ വിഭവങ്ങൾ എത്തിക്കുന്നതിലൂടെ ബിസിനസിലും പുതുമാതൃക സൃഷ്ടിക്കുന്നു. വാട്‌സാപ്പിലൂടെയും സമൂഹമാധ്യമത്തിലൂടെയും ലഭിക്കുന്ന ഓർഡറുകൾ കൃത്യമായി വീട്ടുപടിക്കൽ എത്തിക്കുന്ന വിതരണശൃംഖല ഇവർക്കുണ്ട്. പ്രായം തളർത്താത്ത ആവേശവുമായി മരിയ ഇന്നും അടുക്കളയിൽ സജീവമാണ്. രുചിയുടെ പുതിയ ലോകം തുറന്ന് അവർ പുഞ്ചിരിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home