ad
Deshabhimani

വരയാണ്‌ ജീവിതം

jolly teacher

ജോളി എം സുധൻ

avatar
അനിൽ ആയഞ്ചേരി

Published on May 03, 2026, 12:01 AM | 2 min read

ബാല്യംമുതൽ ആരംഭിച്ച ചിത്രരചനാവൈഭവം ഇടവേളകളില്ലാതെ തുടരുകയാണ് ജോളി. ചിത്രകലാധ്യാപനത്തിൽ 34 വർഷത്തെ സേവനത്തിൽനിന്നും വിരമിച്ചശേഷവും ജോളി എം സുധൻ വരച്ചുകൊണ്ടേയിരിക്കുന്നു. കണ്ണൂർ ജില്ലയിലെ മണിക്കടവ് എന്ന കൊച്ചുഗ്രാമത്തിൽ എ എം ദേവസ്യയുടെയും മറിയക്കുട്ടിയുടെയും മകളായി 1968ൽ ജനനം. പ്രീഡിഗ്രി പഠനത്തിനുശേഷം തലശേരി കേരള സ്കൂൾ ഓഫ് ആർട്‌സിൽനിന്ന്‌ രണ്ടുവർഷം ചിത്രകലാപഠനം കഴിഞ്ഞ് തലശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രകലാ അധ്യാപികയായി. പ്രശസ്ത ചിത്രകാരന്മാരായ പി എസ് കരുണാകരൻ, വി വേണുഗോപാൽ, എ സത്യനാഥ് എന്നീ ഗുരുനാഥന്മാരുടെ ശിക്ഷണം ജോളി എന്ന ചിത്രകാരിയുടെ കഴിവുകളെ തേച്ചുമിനുക്കി.


jolly teacherജോളിയുടെ ചിത്രങ്ങൾ


കേരള സ്കൂൾ ഓഫ് ആർട്‌സിൽ തന്നോടൊപ്പം പഠിച്ചിരുന്ന ചിത്രകാരനും നാടകനടനും സാംസ്കാരിക പ്രവർത്തകനുമായ മധു മടപ്പള്ളിയെ വിവാഹം കഴിച്ചതോടെ വരയും ചിത്രപ്രദർശനങ്ങളുമായി രണ്ടുപേരും സജീവമായി. 1995 മുതൽ 2024 വരെ ഇരുപത്തഞ്ചോളം ഗ്രൂപ്പ് എക്സിബിഷനുകളിലും അഞ്ചിലധികം സോളോ എക്‌സിബിഷനുകളിലും തന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും പ്രേക്ഷകരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. മാതൃഭൂമി, കേരള ലളിതകലാ അക്കാദമി, കേരള ചിത്രകലാ പരിഷത്ത്, കണ്ണൂർ വേൾഡ് വിഷൻ, പാനൂർ കലാക്ഷേത്ര, കേരള ഗവ. ലേബർ ഡിപ്പാർട്ട്മെന്റ്‌ തുടങ്ങിയ സ്ഥാപനങ്ങൾ നടത്തിയ പതിനഞ്ചോളം ദേശീയ–അന്തർദേശീയ ചിത്രകലാ ക്യാമ്പുകളിൽ പങ്കെടുക്കാനുള്ള അവസരവും ജോളിക്ക് ലഭിച്ചു.


jolly teacherജോളിയുടെ ചിത്രങ്ങൾ


മുംബൈയിലെ പ്രശസ്തമായ ജഹാംഗീർ ആർട്ട് ഗ്യാലറിയിലും വിദേശരാജ്യങ്ങളായ തായ്‌ലൻഡിലും ബാങ്കോക്കിലും ദുബായിലെ പിക്കാസോ ഗ്യാലറിയിലും തന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങളായിരുന്നെന്ന് ജോളി പറഞ്ഞു. ഭർത്താവ് മധുവിന്റെ അകാലവിയോഗം കുറച്ചുകാലം വേദന നിറഞ്ഞതായിരുന്നെങ്കിലും ചിത്രകലയിൽ തന്റെ പ്രിയതമൻ നടത്തിയ അതുല്യമായ യാത്രകളെ ഓർത്തുകൊണ്ട്‌ ചിത്രരചന പുനരാരംഭിക്കുകയായിരുന്നു. കോവിഡുകാലത്ത് ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ചിത്രകാരന്മാർ പങ്കെടുത്ത ഓൺലൈൻ ചിത്രരചനാമത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ജോളിയെ 100 എമിനന്റ്‌ ആർട്ടിസ്റ്റുകളിൽ ഒരാളായി തെരഞ്ഞെടുക്കുകയും ചെയ്തു. കേരള ലളിതകലാ അക്കാദമിയുടെ സംഘചിത്ര പ്രദർശനത്തിനുള്ള ഗ്രാന്റും ജോളിക്ക് ലഭിച്ചിട്ടുണ്ട്.


ഇടതുപക്ഷ പുരോഗമന കലാസാംസ്കാരിക സംഘടനകൾ വടകരയിലും പരിസരപ്രദേശങ്ങളിലും നടത്തുന്ന യുദ്ധവിരുദ്ധ–വർഗീയവിരുദ്ധ ജനകീയ ചിത്രരചനകളിലെ സജീവസാന്നിധ്യമാണ് ജോളി. സമൂഹത്തിലെ പുരോഗമന ആശയങ്ങൾക്ക് തെളിച്ചമേകാൻ ഉതകുന്നതരത്തിൽ സംവദിക്കുന്നതായിരിക്കണം തന്റെ ചിത്രങ്ങളെന്ന് ഉറച്ച് കരുതുകയും അതിനുവേണ്ടി തന്റെ ബ്രഷ് ചലിപ്പിക്കുകയുമാണ് ജോളി ചെയ്യുന്നത്. വർണങ്ങളുടെ ഒരു പൂക്കാലംതന്നെയാണ് ജോളിയുടെ ഓരോ ചിത്രവും. വരകളിൽ നിറക്കൂട്ടുകളെ സന്നിവേശിപ്പിക്കുന്ന ജോളിയുടെ രചനാരീതി വിസ്മയകരമാണ്.


jolly teacherജോളിയുടെ ചിത്രങ്ങൾ


പ്രകൃതിയെ ആവാഹിക്കാനുള്ള ഈ ശ്രമങ്ങൾ നമ്മുടെ കണ്ണുകളെ ആനന്ദിപ്പിക്കുകയും ചിന്തകളെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഇപ്പോൾ മടപ്പള്ളിയിൽ താമസിക്കുന്ന ജോളി എം സുധന് രണ്ടു മക്കളാണുള്ളത്. ആർക്കിടെക്ടായ അല്ലി എം സുധനും ഇല്ലസ്സ്ട്രേറ്ററായ അല്ലീന എം സുധനും. അമ്മയുടെ കലാപ്രവർത്തനത്തെ രണ്ടുപേരും പിന്തുണയ്ക്കുന്നുണ്ട്. റിട്ടയർമെന്റ്‌ ജീവിതം ചിത്രരചനയിലൂടെ സുഖകരമാക്കാനാണ് ജോളിയുടെ തീരുമാനം. ഒപ്പം കൂടുതൽ ചിത്രങ്ങളുമായി ജനകീയ പ്രദർശനങ്ങളും ഒരുക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home