വിമൂ സാംഘ്‌വിയുടെ ഉടൽരൂപങ്ങൾ

ആദർശ് ഓണാട്ട്
Published on Mar 16, 2026, 12:16 PM | 3 min read
മണ്ണ് ഒരു മഹാസത്യമാണ്; അത് മനുഷ്യന്റെ ആദ്യത്തെയും അവസാനത്തെയും കൂട്ട്. എന്നാൽ കളിമണ്ണിനെ വെറുമൊരു ഭൗതികവസ്തുവായി കാണാതെ, അതിലേക്ക് സ്വന്തം ജീവശ്വാസം പകർന്നുനൽകിയ ഉപാസകയായിരുന്നു വിമൂ സാംഘ്‌വി. കൊച്ചിയിലെ മട്ടാഞ്ചേരിയിൽ, പഴയ കെട്ടിടങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും ഗന്ധമുള്ള ഒഇഡി ഗ്യാലറിയിൽ നടന്നുകയറുമ്പോൾ നാം കാണുന്നത് വെറുമൊരു ശിൽപ്പപ്രദർശനമല്ല, ഒരു കലാകാരി തന്റെ വിരൽത്തുമ്പുകൾകൊണ്ട് മണ്ണിൽ തീർത്ത സ്വകാര്യ പ്രാർഥനകളാണ്. ‘വിസ്പറിങ് ക്ലേ’ എന്ന് ഇതിന് പേരിട്ടവർക്ക് തെറ്റിയില്ല. ഓരോ ശിൽപ്പവും ഓരോ മർമരമാണ്, അത് നമ്മോട് പതുക്കെ സംസാരിക്കുന്നു.

മൺപാത്രമെന്ന ക്യാൻവാസ്
വിമൂ സാംഘ്‌വിയുടെ ലോകം കളിമണ്ണിന്റേതായിരുന്നു. ഭാരതീയ കലാലോകത്ത് ‘സ്റ്റുഡിയോ പോട്ടറി’ എന്ന മാധ്യമത്തെ വെറുമൊരു ഗൃഹോപകരണ നിർമാണമെന്ന നിലയിൽനിന്ന് ഉന്നതമായ കലാപദവിയിലേക്ക് ഉയർത്തിയ വിരലിലെണ്ണാവുന്നവരിൽ ഒരാളായിരുന്നു അവർ. അഹമ്മദാബാദിലെ ധനിക കുടുംബത്തിൽ ജനിച്ച്, അമേരിക്കയിൽനിന്ന് ഇൻഡസ്ട്രിയൽ സൈക്കോളജിയിൽ ഉന്നത ബിരുദങ്ങൾ നേടിയിട്ടും വിമൂവിന്റെ മനസ്സ് ഉടക്കിനിന്നത് ചക്രത്തിന്മേൽ കറങ്ങുന്ന ആ നനഞ്ഞ മണ്ണിലായിരുന്നു.

1960- കളിൽ മൺപാത്ര നിർമാണം വെറുമൊരു ‘കൈവേല'യായി മാത്രം കണ്ടിരുന്ന കാലത്ത്, അതിൽ അബ്സ്ട്രാക്റ്റ് രൂപങ്ങളും ശിൽപ്പകലയും പരീക്ഷിച്ച ധീരതയായിരുന്നു വിമൂവിന്റേത്. മൺപാത്രകലയെ തനത് ഇന്ത്യൻ ലളിതകലയുടെ ഭാഗമാക്കി മാറ്റിയ ആദ്യകാല ആധുനിക കലാകാരികളിൽ ഒരാളാണ് അവർ. സിംഘ്‌വിയുടെ സൃഷ്ടികളിൽ ക്യൂബിസ്റ്റ് ശൈലിയുടെ സ്വാധീനം കാണാം. ഒപ്പം മനുഷ്യരൂപങ്ങൾ, സമുദ്രത്തിലെ ജൈവിക രൂപങ്ങൾ, വിവിധ മതചിഹ്നങ്ങൾ എന്നിവയെല്ലാം കളിമൺപാത്രശിൽപ്പങ്ങൾക്ക് വിഷയമായി. പരമ്പരാഗത ചക്രങ്ങൾ ഉപയോഗിച്ചുള്ള നിർമാണരീതിയും കൈകൊണ്ട് നേരിട്ട് രൂപങ്ങൾ സൃഷ്ടിക്കുന്ന ‘ഹാൻഡ്ബിൽഡിങ്' രീതിയും സമന്വയിപ്പിച്ച ശൈലി വിമൂവിന് സ്വന്തമായിരുന്നു. പ്രത്യേക ശ്രദ്ധ അർഹിക്കുന്നത് അവരുടെ ഗ്ലേസുകളിലെ പരീക്ഷണങ്ങളാണ്. പ്രാദേശികമായി ലഭിക്കുന്ന അസംസ്‌കൃത വസ്തുക്കളിൽനിന്ന് പുതിയ നിറക്കൂട്ടുകളും ഫിനിഷുകളും കണ്ടെത്താൻ നിരന്തരം പരിശ്രമിച്ചു. ഓരോ മൺപാത്രത്തെയും അവർ ഒരോ ക്യാൻവാസ് പോലെ കണ്ടു. അവിടെ നിറങ്ങളും രൂപങ്ങളും നിശ്ശബ്ദമായി സംസാരിച്ചു.

ഓർമകളെ പ്രതിഷ്ഠിച്ച മണ്ണ്
ഈ പ്രദർശനത്തിൽ നിരത്തിയിരിക്കുന്ന ശിൽപ്പങ്ങളിലേക്ക് നോക്കുക. അവിടെ ലണ്ടനിലെ വന്യമായ ആധുനികതയുണ്ട്, അതേസമയം മുംബൈയിലെ ‘കുംഭാർവാഡ’യിലെ പാരമ്പര്യ കുംഭാരന്മാരുടെ വിയർപ്പിന്റെ ഗന്ധവുമുണ്ട്. മട്ടാഞ്ചേരിയിലെ ഗ്യാലറിയിലേക്ക് കാഴ്ചക്കാർ ഒഴുകിയെത്തുന്നത് വിമൂവിന്റെ ശിൽപ്പങ്ങളിലെ ആ ചൈതന്യത്തെ തൊട്ടറിയാനാണ്. കളിമണ്ണിനെ സ്ഫുടം ചെയ്ത് അവർ രൂപപ്പെടുത്തിയ ആ മുഖങ്ങളും ഉടലുകളും ഏതോ പ്രാചീന പുരാണങ്ങളിലെ കഥാപാത്രങ്ങളെപ്പോലെ നമ്മെ നോക്കി നിൽക്കുന്നു. തന്റെ അച്ഛന്റെയും തനിക്ക് പ്രിയപ്പെട്ടവരുടെയും മുഖച്ഛായയുള്ള ശിൽപ്പങ്ങൾ വിമൂ നിർമിച്ചിരുന്നു എന്ന് അവരുടെ കൊച്ചുമകൻ രാജ് സാംഘ്‌വി സാക്ഷ്യപ്പെടുത്തുന്നു. ഫോട്ടോഗ്രാഫുകളെക്കാൾ തീവ്രമായി വിരലുകൾകൊണ്ട് അവർ ഓർമകളെ മണ്ണിൽ പ്രതിഷ്ഠിക്കുകയായിരുന്നു.

1920ൽ അഹമ്മദാബാദിൽ ജനിച്ച വിമൂ സാംഘ്‌വി 2017ൽ 97–-ാം വയസ്സിലാണ് മരിക്കുന്നത്. അവരുടെ ആദ്യകാല ജീവിതം കലയുമായി ബന്ധമുള്ളതായിരുന്നില്ല. അമേരിക്കയിലെ വിവിധ സർവകലാശാലകളിൽനിന്ന് ഇൻഡസ്ട്രിയൽ സൈക്കോളജിയിൽ ബിരുദവും ഇൻഡസ്ട്രിയൽ എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടി മാനേജ്‌മെന്റ് രംഗത്ത് ജോലി ചെയ്യുമ്പോഴാണ് വിമൂവിന് കളിമണ്ണിനോട് ‘പ്രണയം' തുടങ്ങുന്നത്. ആ പ്രണയം അവരെ ലണ്ടനിലേക്ക് എത്തിച്ചു. ജെ ജെ സ്കൂൾ ഓഫ് ആർട്‌സിലും സോഫിയ കോളേജിലും പഠിപ്പിച്ചിരുന്ന വിമൂ, ഒരു വലിയ തലമുറയെത്തന്നെ ഈ കലയിലേക്ക് നയിച്ചു. വിൽസ്ഡൺ ആർട്ട് സ്‌കൂളിലെ റൊണാൾഡ് കൂപ്പറിന്റെയും പ്രശസ്ത മൺപാത്രകലാകാരി മരിയാൻ ഡി ട്രേയുടെയും കീഴിലുമായിരുന്നു വിമൂവിന്റെ ശിക്ഷണം.
കഥപറയുന്ന കളിമണ്ണ്
കളിമണ്ണിനെക്കുറിച്ചും ഗ്ലേസുകളെക്കുറിച്ചുമുള്ള ആഴത്തിലുള്ള അറിവ് യൂറോപ്പിൽനിന്ന് നേടിയെടുത്തെങ്കിലും അവർ തന്റെ കലാസൃഷ്ടികളിലേക്കു പകർന്നത് പൂർണമായും ഇന്ത്യൻ സൗന്ദര്യബോധമായിരുന്നു. ലൂസി റീ, ബെർണാഡ് ലീച്ച് തുടങ്ങിയ ലോകോത്തര മാസ്റ്റർമാരെയാണ് അവർ ഗുരുസ്ഥാനത്ത് കണ്ടത്.

പബ്ലിസിറ്റിയുടെ ലോകത്തുനിന്ന് എപ്പോഴും അവർ മാറിനിന്നു. 97–-ാം വയസ്സിൽ വിടവാങ്ങുമ്പോൾ മകനും പ്രശസ്ത കോളമിസ്റ്റുമായ വീർ സാംഘ്‌വിക്കും പേരക്കുട്ടി രാജ് സാംഘ്‌വിക്കുമായി അഞ്ഞൂറോളം വരുന്ന അപൂർവ സൃഷ്ടികളുടെ ശേഖരം വിമൂ സാംഘ്‌വി ബാക്കിവച്ചിരുന്നു. ഈ ശേഖരമാണ് ഇപ്പോൾ പ്രശസ്ത കലാനിരൂപകനായ രൺവീർ ഷായുടെ നേതൃത്വത്തിലുള്ള പ്രകൃതി ഫൗണ്ടേഷൻ ലോകത്തിനു മുന്നിൽ എത്തിക്കുന്നത്. ചെന്നൈയിലെ പ്രകൃതി ഫൗണ്ടേഷന്റെയും ഡോ. ക്രിസ്റ്റിൻ മൈക്കിളിന്റെയും ഇക്കാര്യത്തിലുള്ള ഈ പരിശ്രമം അഭിനന്ദനാർഹമാണ്.
അമ്മയുടെ ജീവിതം കളിമണ്ണിനുവേണ്ടി ഉഴിഞ്ഞുവച്ചതായിരുന്നുവെന്നും അവർ സൃഷ്ടിച്ച ഓരോ കളിമൺപാത്രശിൽപ്പങ്ങളും അമ്മയുടെ കഥയാണ് പറയുന്നതെന്നും അമ്മയെപ്പറ്റി വീർ സാംഘ്‌വി എഴുതി. ഇനി കേവലം ദിവസങ്ങൾ മാത്രമാണ് ഈ മൺരൂപങ്ങൾ കൊച്ചിയിലുണ്ടാവുക. ഡിസംബർ 10-ന് തുടങ്ങിയ ഈ ദൃശ്യവിരുന്ന് മാർച്ച് 31ന് മട്ടാഞ്ചേരിയിലെ ഗ്യാലറിയിൽനിന്ന് വിടവാങ്ങും.











0 comments