നാടകമാണ് എല്ലാമെല്ലാം

വിജയകുമാരി. ഫോട്ടോ: ജി പ്രമോദ്
ജിഷ അഭിനയ
Published on Mar 16, 2026, 12:04 PM | 2 min read
നോക്കി നോക്കിയിരിക്കെ, ചിന്തയിലാണ്ടുപോകവെ ആ അമ്മ തെല്ലുറക്കെ പറഞ്ഞു. ‘നാടകമാണ് എന്റെ എല്ലാമെല്ലാം.’ കൊല്ലം പട്ടത്താനം കിഴക്കേവീട്ടിൽ വിജയകുമാരി. വയസ്സ് 85. കേരളത്തിന്റെ സാമൂഹ്യരാഷ്‌ട്രീയ മണ്ഡലങ്ങളിൽ ശ്രദ്ധേയമായ നാടകങ്ങൾ സംഭാവന ചെയ്‌ത ഒ മാധവന്റെ ഭാര്യയും പ്രശസ്‌ത അഭിനേത്രിയുമായ വിജയകുമാരി. ഇൗ വർഷത്തെ സംസ്ഥാന സർക്കാരിന്റെ വനിതാരത്‌നം പുരസ്‌കാരത്തിനർഹയായ അവർ 20028 ലേറെ സ്‌റ്റേജുകളിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വർത്തമാനത്തിനിടെ ആ അമ്മ മകൻ ജോയ്‌മോനെക്കുറിച്ചും പറഞ്ഞു. മലയാള സിനിമയുടെ മുകേഷാണ് ജോയ്‌മോൻ.
അരങ്ങിലേക്ക്
കൊല്ലം കന്റോൺമെന്റ് സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്പോൾ ഒരു ദിവസം ഏതാനും പേർ സ്‌കൂളിലേക്ക് വന്നു. ഒ മാധവൻ, തോപ്പിൽഭാസി, കാമ്പിശ്ശേരി കരുണാകരൻ, അഡ്വ. ജനാർദ്ദനക്കുറുപ്പ് തുടങ്ങിയവർ. നാടകത്തിൽ അഭിനയിക്കാൻ വരാമോ എന്നായിരുന്നു ചോദ്യം. വീട്ടിൽനിന്നും അനുമതി കിട്ടിയതോടെ ഉത്തരം നൽകി, സമ്മതം. ബന്ധുവായ സുധർമയാണ് വിജയകുമാരിയെ നാടകത്തിലേക്ക് കൈപിടിച്ചെത്തിച്ചത്. അങ്ങനെ ആദ്യമായി നാടകത്തിലെത്തി. ‘നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി’. 1952 ഡിസംബർ ആറിന് നാടകം ചവറയിൽ അവതരിപ്പിച്ചു. അന്നേ ദിവസം തന്നെ 32 ബുക്കിങ് കിട്ടി. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യിൽ അയലത്തെ വീട്ടിലെ പപ്പു എന്ന കർഷക കഥാപാത്രത്തെയാണ് ഒ മാധവൻ അവതരിപ്പിച്ചത്. പരമുപിള്ളയുടെ മകൾ മീനാക്ഷിയെന്ന കഥാപാത്രത്തെ വിജയകുമാരിയും അവതരിപ്പിച്ചു. ഇടയ്‌ക്ക് പരമുപിള്ളയെയും ഒ മാധവൻ അവതരിപ്പിച്ചു. അച്‌ഛനും മകളുമായി വേദിയിലെത്തി. അനിയത്തി, അമ്മ, മകൾ എന്നിങ്ങനെ വ്യത്യസ്‌തമായി വിവിധ നാടകങ്ങളിൽ വേഷമിട്ടു. "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി" അരങ്ങിൽ അവതരിപ്പിക്കുമ്പോൾ ഏറെ വെല്ലുവിളികൾ നേരിട്ടു. എന്നാൽ, എല്ലാം അതിജീവിച്ച് നാടകം അവതരിപ്പിച്ചു.
വിവാഹപ്പന്തലിലെ ഉറക്കം
കാമ്പിശ്ശേരി, കൊടാകുളങ്ങര വാസുപിള്ള, ജനാർദ്ദനക്കുറുപ്പ്, കെപിഎസി സുലോചന തുടങ്ങിയ പ്രഗത്ഭർക്കൊപ്പം ഒട്ടേറെ നാടകങ്ങൾ അവതരിപ്പിച്ചു. പതിനാറാംവയസ്സിൽ വിജയകുമാരി ഒ മാധവന്റെ സഹധർമിണിയായി. 1956ൽ കെപിഎസിയുടെ ഹിറ്റ് നാടകമായ "മുടിയനായ പുത്രൻ’ കളിച്ചുകൊണ്ടിരിക്കെയാണ് വിവാഹം. വിവാഹദിവസവും തലേന്നും നാടകമുണ്ടായിരുന്നു. വിവാഹപ്പന്തലിൽ വധു ഉറങ്ങി വീണതുകണ്ട് എല്ലാവരും ചിരിച്ചു. എന്നാൽ, നാടകവുമായി അത്രയ്ക്കും തിരക്കായിരുന്നു അന്ന്. ഒ മാധവനെ വിജയകുമാരി സ്നേഹത്തോടെ വിളിച്ചിരുന്നത് മാഞ്ചേട്ടൻ എന്നായിരുന്നു. ഏഴ് വർഷം കെപിഎസിയിൽ ഇരുവരും തുടർന്നു. 1960ലാണ് കൊല്ലം കാളിദാസ കലാകേന്ദ്രം ആരംഭിച്ചത്. ഡോക്ടർ ആണ് ആദ്യ നാടകം. സംവിധാനം പി കെ വിക്രമൻ നായർ. ഈ നാടകം സീരിയൽ ആക്കിയപ്പോഴും അരങ്ങിൽ അവതരിപ്പിച്ചപ്പോഴുമൊക്കെ കുടുംബാംഗങ്ങളെല്ലാം പങ്കാളികളായിരുന്നു. കാളിദാസ കലാകേന്ദ്രത്തിന്റെ അമ്പതാം വാർഷികം 2010ൽ ആഘോഷിച്ചു. രമണനാണ് ട്രൂപ്പിന്റെ സുവർണജൂബിലി നാടകം.
സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അഞ്ച് നാടകത്തിലെ അഞ്ച് വ്യത്യസ്ത കഥാപാത്രങ്ങളെ വിജയകുമാരി വേദിയിൽ അവതരിപ്പിച്ചു. ഡോക്ടർ നാടകത്തിലെ നഴ്സ്, കടൽപ്പാലത്തിലെ ഖദീജ ഉമ്മ, സ്വന്തം ലേഖകനിലെ ഗ്രേസി ഫിലിപ്പ്, സംഗമം നാടകത്തിലെ നായികയുടെ ചെറുപ്പവും പ്രായമായപ്പോഴുള്ള കഥാപാത്രവും തുടങ്ങിയവ അരങ്ങിൽ അവതരിപ്പിച്ചു.
കാളിദാസ കലാകേന്ദ്രത്തിൽ തന്നോടൊപ്പം അഭിനയിച്ച രണ്ടുപേർ അപകടത്തിൽ മരിച്ചത് വിജയകുമാരി വേദനയോടെ ഓർമിക്കുന്നു. പ്രശസ്ത നടൻ തിലകൻ കാളിദാസ കലാകേന്ദ്രത്തിലെ കലാകാരനായിരുന്നു. മുടിയനായ പുത്രൻ, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, ഡോക്ടർ, കടൽപ്പാലം, യുദ്ധഭൂമി, അൾത്താര, പ്രതിരൂപങ്ങൾ, രമണൻ, സ്വന്തം ലേഖകൻ, റെയിൻബോ തുടങ്ങിയ നിരവധി നാടകങ്ങളിൽ അഭിനയിച്ചു. അവസാനമായി അഭിനയിച്ച നാടകം കാളിദാസ കലാകേന്ദ്രത്തിന്റെ വൈറ്റ് ഹൗസാണ്. നന്ദനം, മിഴിരണ്ടിലും, അമ്മക്കിളിക്കൂട് തുടങ്ങി ഒട്ടേറെ സിനിമകളിലും അഭിനയിച്ചു. നിരവധി സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്‌തു.
കന്യാദാനം
കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന ‘കന്യാദാനം’ സീരിയലിൽ വിജയകുമാരി വേഷമിട്ടു. മകൾ സന്ധ്യയുടെ മകൻ ദിവ്യദർശനാണ് സംവിധാനം. ദിവ്യദർശന്റെ മകൾ നാല് വയസ്സുകാരി ദയ ദർശനും അഭിനയിച്ചു. സീരിയലിൽ മുഴുവൻ ഡയലോഗും വിജയകുമാരി കാണാതെ പറയും. നാടകത്തിൽനിന്നും ലഭിച്ച പരിശീലനമാണ് അതെന്ന് അവർ പറയുന്നു.
കേരള സംഗീത നാടക അക്കാദമി എസ് എൽ പുരം അവാർഡും സംഗീത നാടക അക്കാദമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. കൂടാതെ നിരവധി പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്. മുകേഷിനെ കൂടാതെ മകൾ സന്ധ്യ രാജേന്ദ്രനും മരുമകൻ ഇ എ രാജേന്ദ്രനും സിനിമാ- സീരിയൽ താരങ്ങളാണ്. ഇളയമകൾ ജയശ്രീ ശ്യാംലാൽ. ഇൗ പ്രായത്തിലും നാടകത്തോടുള്ള അഭിനിവേശം പറഞ്ഞറിയിക്കാനാകാത്തതാണെന്ന് വിജയകുമാരി കൂട്ടിച്ചേർക്കുന്നു.










0 comments