ad
Deshabhimani

print edition എന്നും സ്വപ്‌നം തൊട്ടുകൊണ്ടിരിക്കുന്നു

naseema

നസീമ കുഞ്ഞുമോൻ

avatar
ജിഷ അഭിനയ

Published on Jul 12, 2026, 12:00 AM | 2 min read

സ്‌ത്രീയെ സ്വപ്‌നം കാണാൻ പഠിപ്പിക്കുന്നതാരാണ്‌? നിറഞ്ഞ നീലാകാശങ്ങളായിരിക്കാം. തുറന്ന ജാലകങ്ങളുള്ള വീടായിരിക്കാം. എന്നാൽ ആ സ്വപ്‌നങ്ങൾക്ക്‌ പ്രായം തടസ്സമാകില്ലെന്ന്‌ ഓർമപ്പെടുത്തുകയാണ്‌ നസീമ കുഞ്ഞുമോൻ. 67 –ാം വയസ്സിൽ എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പ് കീഴടക്കിയപ്പോൾ വിടർന്ന ചിരിയോടെ അവർ പറഞ്ഞതും ഇത്രമാത്രം. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി മൂർക്കനാട് ഒന്നാം വാർഡ് മുൻ കൗൺസിലറാണ് ഇ‍ൗ സ്വപ്‌നങ്ങൾക്കുടമ. കരുവന്നൂർ വലിയ പാലത്തിന് സമീപം മൂർക്കനാട് ബണ്ട് റോഡിൽ ഉള്ളുവളപ്പിൽ നസീമ കുഞ്ഞുമോൻ തന്റെ ഇഷ്‌ടയിടങ്ങളിലേക്കുള്ള യാത്ര തുടരുകയാണ്‌.


അന്നും ഇന്നുമായി ഞാൻ


കുട്ടിക്കാലത്ത്‌ ഒരിക്കലും തനിച്ച്‌ യാത്ര ചെയ്‌തിട്ടില്ല. വിവാഹശേഷം ഭർത്താവിനൊപ്പമാണ്‌ ഇരിങ്ങാലക്കുടയിൽനിന്ന്‌ ആലുവവരെ പോയത്‌. കുഞ്ഞുങ്ങൾ മുതിർന്നപ്പോൾ അവരെയുംകൊണ്ട്‌ ചെറുയാത്രകൾ ആരംഭിച്ചു. പിന്നീടത്‌ തനിച്ച്‌ യാത്ര ചെയ്യുന്നതിന്‌ പ്രേരണയായി. ഒറ്റയ്‌ക്കും കുടുംബത്തോടൊപ്പവും പലയിടങ്ങളിലേക്കും യാത്ര ചെയ്‌തു. കശ്‌മീർ, സ‍ൗദി, മസ്‌ക്കത്ത്‌, ഖത്തർ, നേപ്പാൾ എന്നിവിടങ്ങളിലേക്കെല്ലാം പോയിട്ടുണ്ട്‌. ഇപ്പോൾ എവറസ്റ്റിനരികിൽനിന്ന്‌ ചിന്തിക്കുന്പോൾ എല്ലാം അത്‌ഭുതമായി മാറുന്നു. ആഗ്രഹിച്ചിരുന്നെങ്കിലും ഇത്ര പെട്ടെന്ന്‌ നടക്കുമെന്ന്‌ കരുതിയില്ല. മൂന്ന്‌ മാസം ജിമ്മിൽ പോയി കഠിന പരിശീലനം നടത്തി. യഥാർഥത്തിൽ ഇ‍ൗ പ്രായത്തിൽ അതിനേക്കാൾ കൂടുതൽ നാൾ നീണ്ട പരിശീലനം ആവശ്യമാണ്‌. അതിന്റേതായ ചെറിയ ബുദ്ധിമുട്ടുകൾ യാത്രയിലുടനീളമുണ്ടായിരുന്നു. പക്ഷേ മുന്നിൽ ഒരു ലക്ഷ്യമുണ്ടാകുന്പോൾ മറ്റൊന്നും തടസ്സമാകില്ലല്ലോ. മെയ് രണ്ടുമുതൽ 10 ദിവസംകൊണ്ടാണ്‌ 65 കിലോമീറ്റർ ദുർഘടപാതകൾ പിന്നിട്ടത്‌. മൈനസ് ഡിഗ്രിയിലുള്ള പ്രതികൂല കാലാവസ്ഥ പലപ്പോഴും വെല്ലുവിളിയായി.


എന്നാൽ അതിലൊന്നും തളർന്നില്ല. ഏഴ്‌ മുതൽ 75 വയസ്സുവരെയുള്ള 20 അംഗ സ്‌ത്രീകളുടെ സംഘമായിരുന്നു ഞങ്ങളുടേത്‌. ഒന്പതിന്‌ 5364 മീറ്റർ ഉയരത്തിൽ ബേസ്‌ ക്യാന്പിലെത്തി. യാത്രയ്‌ക്ക്‌ മുന്പ്‌ ഒട്ടേറെ ശാരീരിക ക്ഷമത പരിശീലനങ്ങളും പരിശോധനയുമുണ്ടായിരുന്നു. കൊച്ചിയിൽനിന്ന്‌ ഡൽഹി, കാഠ്മണ്ഡു, നാംചേ എന്നിവിടങ്ങളിലൂടെയുള്ള യാത്ര. ചെറിയ വിമാനത്തിൽ ലുക്ള എന്ന സ്ഥലത്തെത്തിയ ശേഷമാണ് എവസ്റ്റ് കീഴടക്കാനുള്ള നടത്തം ആരംഭിക്കുന്നത്.


ഗൈഡിന്റെ സഹായത്തോടെ ഓരോ ദിവസവും 10 കിലോമീറ്റർ നടക്കണം. ദുർഘടമായ യാത്രയിൽ പലപ്പോഴും ഭയം തോന്നുമെങ്കിലും അടുത്ത കാഴ്‌ചയിൽ ആ നിമിഷം നമ്മൾ എല്ലാം മറക്കും. യഥാർഥത്തിൽ ആസ്വാദനത്തേക്കാൾ കൂടുതൽ ജീവിതത്തിന്റെ ചില തിരിച്ചറിവുകളാണ്‌ ഇ‍ൗ യാത്രകൾ സമ്മാനിക്കുക. ഇവിടെ ഇ‍ൗ ഭൂമിയിൽ നമ്മൾ ഒന്നുമല്ലെന്ന വലിയ തിരിച്ചറിവ്‌. 65 കിലോമീറ്ററോളം തലച്ചുമടായി ഓരോ സാധനങ്ങളും ഇവിടെയെത്തിക്കണം. സ്‌ത്രീപുരുഷ ഭേദമില്ലാതെ എല്ലാവരും പണിയെടുക്കുന്നു. എന്തു വിചിത്രമാണെന്നോ അവരുടെയെല്ലാം ജീവിതങ്ങൾ. നമുക്കൊന്നും ഒന്നുമറിയേണ്ട. എത്ര നിസ്സാരമായാണ്‌ നാം ജീവിതം ജീവിച്ച്‌ തീർക്കുന്നത്‌.


മെെനസ്‌ ഡിഗ്രിയിലെ നടത്തം


ലുക്ള, ഫക്‌ഡിങ്, നാംചേ ബസാർ, ടെങ് പൊച്ചേ, ഡെങ് ബൊച്ചേ, ലബുച്ചേ, ഗോരാക്ഷേപ്‌ എന്നീ സ്ഥലങ്ങളിലൂടെയുള്ള യാത്ര. വിവിധ മലകൾ ചുറ്റി മലമുകളിലെ ഗ്രാമങ്ങളിലൂടെയാണ് ആദ്യ രണ്ടു മൂന്ന് ദിവസങ്ങളിലെ യാത്ര. പിന്നീട്‌ ആൾത്താമസവും റോഡുമില്ലാത്ത ഒരു ഭാഗം. അഗാധമായ കൊക്കയുടെ അരികിലൂടെയുള്ള സഞ്ചാരം. ഓക്സിജനും ആശുപത്രിയും കടകളും ഒന്നുമില്ലാത്ത സ്ഥലങ്ങളിലൂടെയായിരുന്നു ആ യാത്ര. നടത്തം തുടങ്ങിയ ദിവസങ്ങളിൽ മൈനസ് 3 ഡിഗ്രി ആയിരുന്നു തണുപ്പെങ്കിൽ മുകളിലേക്ക് എത്തുംതോറും തണുപ്പ് കൂടി. മൈനസ് 20 ഡിഗ്രിക്ക് മുകളിലായിരുന്നു തണുപ്പ് രേഖപ്പെടുത്തിയത്. പ്രതികൂല കാലാവസ്ഥയിൽ അധികം ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. എന്നാൽ ശരീരവും മുഖവും കറുത്തു. കൈകാലുകൾ വീണ്ടുകീറി.


എന്നും ജനങ്ങൾക്കൊപ്പം


ആലുവ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായും പിന്നീട് 2020- – 2025 കാലയളവിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി മൂർക്കനാട് ഒന്നാം വാർഡ് കൗൺസിലറായും പ്രവർത്തിച്ചു. നിലവിൽ സിപിഐ എം മയ്യാർ ബ്രാഞ്ചംഗമാണ്‌. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരിക്കെ കുടുംബശ്രീ സ്‌ത്രീകളെ ഉൾപ്പെടുത്തി ഒരു ദിവസത്തെ വിനോദയാത്ര സംഘടിപ്പിക്കുമായിരുന്നു. ഭർത്താവ്‌ കുഞ്ഞുമോനും മക്കളായ അജീഷും അഭീഷും പ്രോത്സാഹനവുമായി കൂടെയുണ്ട്‌. ലക്ഷദ്വീപ്‌, അന്നപൂർണ... നസീമ കുഞ്ഞുമോന്‌ പോകാൻ ഇനിയുമേറെ സ്വപ്‌നയിടങ്ങൾ. എല്ലാം നടക്കുമെന്നാണ്‌ പ്രതീക്ഷ. അതാണല്ലോ ജീവിതവും.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home