ad
Deshabhimani

ക്യൂബൻ രക്ത്പുഷ്‌പത്തിന്റെ ഓർമയ്ക്ക്‌

celia sanchez

സീലിയ സാഞ്ചസ്

avatar
പി എസ് പൂഴനാട്

Published on Jan 19, 2025, 08:47 AM | 4 min read

മേരിക്കൻ സാമ്രാജ്യത്വം ക്യൂബയിൽ അവരോധിച്ച ഫൽജെൻഷിയോ ബാറ്റിസ്റ്റയുടെ നേതൃത്വത്തിലുള്ള പട്ടാള ഏകാധിപത്യത്തെ ക്യൂബൻ മണ്ണിൽനിന്ന്‌ അട്ടിമറിക്കുന്നതിനുള്ള വിപ്ലവപോരാട്ടങ്ങളിൽ സ്ത്രീ പോരാളികൾ വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്‌. ബാറ്റിസ്റ്റയുടെ പട്ടാള മാഫിയാ സംഘങ്ങൾ നടത്തിയ കൊടും ക്രൂരതകൾക്കെതിരെയുണ്ടായ പ്രതിഫലനങ്ങൾ കൂടിയായിരുന്നു ആ സാന്നിധ്യങ്ങൾ. സ്വാതന്ത്ര്യത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചുമുള്ള സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു, ആയുധമെടുത്ത് അടരാടാൻ അവർക്ക് ആത്മവീര്യം നൽകിയത്. അങ്ങനെ വിപ്ലവ ഭൂമികയിൽ അവർ ചരിത്രം രചിക്കുകയായിരുന്നു. ഇങ്ങനെ മുന്നണി പോരാളിയായി സ്വന്തം ജീവിതം പകുത്തുനൽകിയ മഹാവിപ്ലവകാരിയായിരുന്നു സീലിയ സാഞ്ചസ് (Celia Sanchez). 1950കൾമുതൽ 1980-ൽ മരണം തന്റെ ശ്വാസകോശത്തെ കാർന്നുതിന്നുന്നതുവരെ സീലിയ സാഞ്ചസ് എന്ന വനിതാപോരാളി ക്യൂബൻ വിപ്ലവ പ്രക്രിയയിൽ നിറഞ്ഞുനിൽക്കുകയായിരുന്നു. ഒരിക്കലും മറക്കാൻ പാടില്ലാത്ത ആ വിപ്ലവ വനിതയുടെ ഓർമദിനമായിരുന്നു, ജനുവരി 11. ഓർമകളുടെ 45 വർഷങ്ങൾ.

സിയേറാ മെയ്സ്ട്രാ മലനിരകളിൽ ബാറ്റിസ്റ്റയുടെ പട്ടാള മാഫിയാ സംഘങ്ങൾക്കെതിരെ ആദ്യമായി തോക്കെടുത്ത് പൊരുതിനിന്ന വനിതാ പോരാളിയായിരുന്നു സീലിയ സാഞ്ചസ്. മെക്സിക്കോയിൽനിന്ന്‌ ഫിദൽ കാസ്ട്രോയെയും വിപ്ലവകാരികളെയും ക്യൂബൻ തീരത്ത്‌ ഗ്രാൻമ എന്ന ബോട്ടിൽ സുരക്ഷിതമായി എത്തിക്കാനുള്ള നിയന്ത്രണ ചുമതലയും സീലിയ സാഞ്ചസിനായിരുന്നു. വിപ്ലവ വിജയത്തെ തുടർന്ന് കാസ്ട്രോയും സഖാക്കളും 1959 ജനുവരി ഒന്നിന് ഹവാനയിലേക്ക് പാഞ്ഞടുത്ത ജീപ്പിൽ അവരോടൊപ്പം ഉണ്ടായിരുന്ന ഒരേയൊരു വനിതാ പോരാളിയും സീലിയ സാഞ്ചസ് ആയിരുന്നു.


1957-ൽത്തന്നെ ബാറ്റിസ്റ്റയുടെ പട്ടാളഭരണകൂടം ക്യൂബയിലെ ഏറ്റവും അപകടകാരിയായ വനിതയായി സീലിയ സാഞ്ചസിനെ മുദ്രകുത്തി. അമേരിക്കൻ സിഐഎയുടെ ഫയലുകളിൽ തകർത്തുകളയേണ്ട പെണ്ണായി സീലിയയെ രേഖപ്പെടുത്തി. ജീവൻ എപ്പോൾ വേണമെങ്കിലും തകർക്കപ്പെടുമെന്ന ബോധ്യമുണ്ടായിട്ടും, പോരാട്ടഭൂമിയിൽനിന്നും ഒരടിപോലും പിൻമാറിയില്ല. വിപ്ലവാനന്തരം പുതിയ സോഷ്യലിസ്റ്റ് ക്യൂബ കെട്ടിപ്പടുക്കുന്നതിലും അവർ അതിനിർണായക പങ്കുവഹിച്ചു. ആത്മത്യാഗത്തിന്റെയും നീതിബോധത്തിന്റെയും ലാളിത്യത്തിന്റെയും പ്രത്യയശാസ്ത്ര ബോധത്തിന്റെയും പുതിയൊരു ഭാവുകത്വരൂപത്തെയായിരുന്നു അവർ പ്രകാശിപ്പിച്ചുകൊണ്ടിരുന്നത്. ജീവിതത്തിൽ താൻ ചെയ്തിട്ടുള്ളതെല്ലാം വെറും നിസാരങ്ങളാണെന്നും അവയൊന്നും എഴുതിപിടിപ്പിക്കേണ്ട ആവശ്യമില്ലെന്നും അവർ നിരന്തരം ആവർത്തിച്ചു. സോഷ്യലിസത്തിൻകീഴിൽ എങ്ങനെയായിരിക്കണം പുതിയ മനുഷ്യൻ എന്നതിന്റെ തിളയ്ക്കുന്ന മാതൃകയായിരുന്നു സീലിയ സാഞ്ചസ്.


ക്യൂബയിലെ ഓറിയന്റയിലെ മെദിയലുണ്ട എന്ന പ്രദേശത്തായിരുന്നു 1920 മെയ് 9ന് സീലിയ സാഞ്ചസ് പിറന്നത്. ബഹുഭൂരിപക്ഷം ക്യൂബൻ ജനതയും പട്ടിണിയും ദാരിദ്ര്യവുംകൊണ്ട് പൊരിഞ്ഞുകൊണ്ടിരുന്ന ഘട്ടമായിരുന്നു അത്. എന്നാൽ സീലിയയുടെ കുടുംബം സാമ്പത്തികമായി നല്ല നിലയിലായിരുന്നു. സീലിയയുടെ അമ്മ നേരത്തേ മരിച്ചു. അച്ഛൻ ഏറെ സ്വീകാര്യനായ ഒരു ഡോക്ടറായിരുന്നു. ചരിത്രത്തോടും പുസ്തകങ്ങളോടും അഭിനിവേശമുണ്ടായിരുന്ന ദേശീയവാദിയായ ഒരു രാഷ്ട്രീയ ആക്ടിവിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം. തന്റെ 5 പെൺമക്കൾക്കും പുതിയ ക്യൂബയെക്കുറിച്ചുള്ള സ്വപ്നങ്ങൾ അദ്ദേഹം നിരന്തരം പകർന്നുകൊടുത്തു. കുടുംബത്തിനുള്ളിൽ നിറഞ്ഞുനിന്നത് ഹോസെ മാർട്ടിയുടെ ആശയലോകമായിരുന്നു. ക്യൂബയുടെ ഏറ്റവും ഉയർന്ന മലനിരകളായ സിയേറ മെയ്സ്ട്രയിലെ പിക്കോ ടർക്കിനോ കുന്നിൽ ഹോസെ മാർട്ടിയുടെ പ്രതിമ സ്ഥാപിക്കാൻ സീലിയ സാഞ്ചസിനെയും കൂട്ടി അച്ഛൻ മലനിരകൾ കയറി. അങ്ങനെ യൗവനാരംഭത്തിൽത്തന്നെ ക്യൂബൻ വിമോചനത്തിന്റെ തീപാറുന്ന ലക്ഷ്യങ്ങൾ സീലിയയുടെ ശരീരത്തിലും മനസ്സിലും നിറഞ്ഞു. 1947-ൽ രൂപീകരിക്കപ്പെട്ട ഓർത്തഡോക്സ് പാർടിയോടൊപ്പമായിരുന്നു കുടുംബം. ജനകീയ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സുതാര്യമായൊരു ഗവ. സംവിധാനം ക്യൂബയിൽ വരുന്നതിനുവേണ്ടിയായിരുന്നു ആ പാർടി നിലകൊണ്ടത്. സാമൂഹ്യ പരിഷ്കാരങ്ങൾക്കുവേണ്ടിയും വാദിച്ചു.


1952 മാർച്ച് 10നായിരുന്നു ജനറൽ ഫൽജെൻഷിയോ ബാറ്റിസ്റ്റ എന്ന പട്ടാള മേധാവി സൈനിക അട്ടിമറിയിലൂടെ ക്യൂബയുടെ അധികാരം പിടിച്ചെടുത്തത്. അമേരിക്കൻ കൊളോണിയൽ ശക്തികൾ ബാറ്റിസ്റ്റയുടെ പിറകിലുണ്ടായിരുന്നു. അഴിമതിയുടെയും അടിച്ചമർത്തലിന്റെയും ജനാധിപത്യ ധ്വംസനങ്ങളുടെയും ഭീകരകാലം ക്യൂബയിൽ അങ്ങനെ കടുത്തു. മറ്റെല്ലാ ജനാധിപത്യവാദികളെയുംപോലെ സീലിയ സാഞ്ചസും ബാറ്റിസ്റ്റയുടെ അതിശക്തയായ വിമർശകയായി ഉയർന്നുവന്നു.


ജനാധിപത്യപോരാട്ടങ്ങളുടെ സാധ്യതകൾ അടഞ്ഞതിനാൽ സായുധ പോരാട്ടങ്ങളുടെ പുതിയൊരു ഭൂമികയിലേക്ക് ക്യൂബൻ പോരാളികൾ എത്തുകയായിരുന്നു. ഒപ്പം ആ പോരാട്ടവേദിയിലേക്ക് സീലിയ സാഞ്ചസ് എന്ന ചെറുപ്പക്കാരിയും നടന്നടുക്കുകയായിരുന്നു. സീലിയ സാഞ്ചസും പോരാളികളും സിയേറ മെയ്സ്ട്രാ മലനിരകളിൽ കേന്ദ്രീകരിച്ചു. ബാറ്റിസ്റ്റയുടെ പട്ടാളബാരക്കുകളെയും ഔട്ട്പോസ്റ്റുകളെയും ആക്രമിച്ച്‌ ആയുധങ്ങൾ പിടിച്ചെടുത്തു. സായുധരായ പോരാളികളുടെ ഒരു സംഘത്തെത്തന്നെ അവർ വാർത്തെടുത്തു. സിയേറാ മെയ്സ്‌ട്രാ മലനിരകളിൽ സായുധ പോരാട്ടങ്ങൾക്കായി ഫിദൽ കാസ്ട്രോയും ചെ ഗുവേരയും എത്തിച്ചേരുന്നതിനും 3 വർഷങ്ങൾക്കുമുമ്പായിരുന്നു കടുത്ത പോരാട്ടങ്ങൾക്ക് ആ മലനിരകളിൽ തുടക്കം കുറിച്ചത്. യഥാർഥത്തിൽ, സീലിയ സാഞ്ചസായിരുന്നു സിയേറാ മെയ്സ്ട്രാ മലനിരകളുടെ പ്രത്യേകതകൾ ഫിദൽ കാസ്ട്രോയെ പഠിപ്പിച്ചത്.


1953 ജൂലൈ 26നായിരുന്നു ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിൽ 165 യുവ പോരാളികൾ ഓറിയന്റെ പ്രവിശ്യയുടെ തലസ്ഥാനമായ സാൻറിയാഗോ സിറ്റിയിലെ മോൻകാദാ പട്ടാള ബാരക്കിൽ അതിശക്തമായ സായുധ പോരാട്ടം നടത്തിയത്. എന്നാൽ ആ പോരാട്ടത്തെ ബാറ്റിസ്റ്റയുടെ പട്ടാളം പരാജയപ്പെടുത്തി നിരവധി പോരാളികളെ കൊന്നുതള്ളി. തലനാരിഴയ്ക്കാണ്‌ കാസ്ട്രോ രക്ഷപ്പെട്ടത്. എന്നാൽ ആഗസ്റ്റ് ഒന്നാം തീയതി കാസ്ട്രോയെ പിടികൂടി. തുടർന്ന്‌ മറ്റ് പോരാളികൾക്കൊപ്പം 15 വർഷത്തെ തടവുശിക്ഷക്ക് വിധിച്ചു. എന്നാൽ ക്യൂബയിൽ കത്തിക്കയറിയ പ്രതിഷേധാഗ്നിയെത്തുടർന്ന് 1955 മെയ് 15ന് കാസ്ട്രോയും പോരാളികളും ജയിൽമോചിതരായി. തുടർന്നായിരുന്നു ജൂലൈ 26 പ്രസ്ഥാനം ഒരു ഒളിപ്പോർ സംഘടനയായി 1955 ജൂൺ 12ന് ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിൽ രൂപംകൊള്ളുന്നത്. ബാറ്റിസ്റ്റയ്ക്കെതിരെയുള്ള നിയമപരമായ എല്ലാ പോരാട്ട വഴികളും അടയ്ക്കപ്പെട്ടു. ഫിദലിന്റെ ജീവനും ഭീഷണിയേറി. ആ ഘട്ടത്തിലായിരുന്നു മെക്സിക്കോയിലേക്ക് പലായനം ചെയ്യാൻ കാസ്ട്രോ നിർബന്ധിതനായത്. 1955 ജൂലൈ മാസത്തിൽ മെക്സിക്കോയിൽ ഫിദൽ കാസ്ട്രോയും ഏണസ്റ്റോ ചെഗുവേരയും ആദ്യമായി കണ്ടുമുട്ടി. ബാറ്റിസ്റ്റയെ സായുധവിപ്ലവത്തിലൂടെ അട്ടിമറിക്കാനുള്ള പദ്ധതികൾ തയ്യാറാക്കപ്പെട്ടു. 1956 നവംബർ 25ന് ഫിദലും ചെയും ഉൾപ്പെടെ 82 പോരാളികൾ ഗ്രാൻമ എന്ന ബോട്ടിൽ ക്യൂബൻ തീരം ലക്ഷ്യമാക്കി യാത്രതിരിച്ചു.1956 ഡിസംബർ രണ്ടിന് അവർ ക്യൂബൻ തീരത്ത് അടുത്തു. അവിടെയവർക്ക് ബാറ്റിസ്റ്റയുടെ വമ്പൻ സേനയോടായിരുന്നു ഏറ്റുമുട്ടേണ്ടിവന്നത്. ഇരുപതോളം പേരൊഴികെ ബാക്കിയെല്ലാവരെയും ബാറ്റിസ്റ്റയുടെ പട്ടാളം തകർത്തു. അവശേഷിച്ചവർ സിയേറാ മെയ്സ്ട്രാ മലനിരകളിലേക്ക് പിൻവാങ്ങി. കാസ്ട്രോയുടെയും ചെ ഗുവേരയുടെയും നേതൃത്വത്തിലുള്ള ഗറില്ലാ പോരാളികളുടെ ക്യൂബൻ തീരത്തേയ്ക്കുള്ള പ്രവേശനത്തിനുവേണ്ടി അടിസ്ഥാന സൗകര്യങ്ങളുടെ ആസൂത്രണങ്ങളെല്ലാം ഒരുക്കിയത് സീലിയ സാഞ്ചസായിരുന്നു. ജൂലൈ 26 പ്രസ്ഥാനത്തിന്റെ ക്യൂബയിലെ ഒളിപ്പോർ നേതാവെന്നനിലയിൽ ഗ്രാൻമ ഏതു തീരത്താണ് നങ്കൂരമിടേണ്ടതെന്ന് തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്വവും സീലിയ സാഞ്ചസിൽ നിക്ഷിപ്തമായിരുന്നു. ജൂലൈ 26 പ്രസ്ഥാനം ഉടലെടുത്തതുമുതൽ അതിന്റെ മുന്നണിപ്പോരാളിയായി സീലിയാ സാഞ്ചസും മാറി. ക്യൂബൻ വിപ്ലവകാരികളുടെയും തൊഴിലാളികളുടെയും കർഷകരുടെയും ബഹുജനങ്ങളുടെയും സമരാവേശത്തിനൊടുവിൽ ബാറ്റിസ്റ്റക്ക്‌ ക്യൂബയിൽനിന്ന്‌ അമേരിക്കയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. അങ്ങനെയാണ് 1959 ഡിസംബർ ഒന്നാം തീയതി പുതിയൊരു ക്യൂബ ഉദയം കൊള്ളുന്നത്.

celia sanchez and fidel castroസീലിയ സാഞ്ചസ് ഫിദൽ കാസ്‌ട്രോക്കൊപ്പം


വിപ്ലവ വിജയത്തെത്തുടർന്ന് സോഷ്യലിസ്റ്റ് ക്യൂബ കെട്ടിപ്പടുക്കാനുള്ള അതിതീവ്ര പ്രവർത്തനങ്ങളിലായിരുന്നു സീലിയ സാഞ്ചസിന്റെ ജീവിതം. ജനങ്ങളുടെയും സമ്പദ്ഘടനയുടെയും വളർച്ചയ്ക്കും വികാസത്തിനും പുതിയ പദ്ധതികളുടെ ആസൂത്രണത്തിലും നടപ്പാക്കലിലും സുപ്രധാന പങ്കായിരുന്നു അവർക്കുണ്ടായിരുന്നത്.

ലോക കമ്പോളത്തിൽ ക്യൂബയ്ക്ക് ഏറ്റവും കൂടുതൽ ലാഭം കൊടുക്കുന്ന സിഗററ്റ് ബ്രാൻഡായ കോഹിബ സിഗററ്റിന്റെ ആവിഷ്കർത്താവ് സീലിയ സാഞ്ചസായിരുന്നു. ഹവാന സിറ്റിയെ പുതിയ തരത്തിലുള്ള കെട്ടിടനിർമാണ രീതികൾകൊണ്ടും ഡിസൈനുകൾകൊണ്ടും അലങ്കൃതമാക്കുന്നതിനും മുഖ്യ പങ്കുവഹിച്ചു. കോപ്പെലിയ ഐസ്ക്രീം പാർക്കും ലെനിൻ പാർക്കും കൺവൻഷൻ സെന്ററും ഏറ്റവും വലിയ ആവിഷ്കാര രൂപങ്ങളായി. വന്യജീവി സങ്കേതങ്ങളുടെ രൂപകൽപ്പനയിലും മികച്ച പാടവം കാട്ടി. കുട്ടികളുടെും സ്ത്രീകളുടെയും ആരോഗ്യ-വിദ്യാഭ്യാസ കാര്യങ്ങളെ അതിസൂക്ഷ്മതയോടെ പരിഗണിക്കുന്ന പുതിയ പദ്ധതികൾക്കും രൂപംനൽകി. സാക്ഷരതാ പ്രവർത്തനങ്ങളിലും അവർ മുന്നിലുണ്ടായിരുന്നു.


ക്യൂബൻ വിപ്ലവഘട്ടങ്ങളിലെ എല്ലാ രേഖകളും ചിത്രങ്ങളും സമാഹരിച്ച് ഒരു വിപ്ലവ മ്യൂസിയം രൂപപ്പെടുത്തിയെടുക്കുന്നതിലും പ്രധാന പങ്കുവഹിച്ചത് സീലിയ സാഞ്ചസായിരുന്നു. അവസാന വർഷങ്ങളിൽ ശ്വാസകോശാർബുദം ആ വിപ്ലവകാരിയുടെ ജീവിതത്തെ പിടിച്ചുകെട്ടി. 1980 ജനുവരി 11ന് ആ ജീവിതം അവസാനിച്ചു. ക്യൂബൻ ജനതയുടെ മനസ്സിൽ ധീരതയുടെയും ആത്മാർഥതയുടെയും ത്യാഗത്തിന്റെയും നീതിയുടെയും നിലയ്ക്കാത്ത പ്രതീകമാണ്‌ സീലിയ സാഞ്ചസ്. വിപ്ലവ പോരാട്ടങ്ങളുടെയും വിമോചന മുന്നേറ്റങ്ങളുടെയും നിലയ്ക്കാത്ത താളമായി ലോകത്താകമാനം ആ മഹാമാതൃക ഒരു രക്തപുഷ്പമായി ഉയർന്നുനിൽക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home