26 March Sunday

ഗുരുവിന് ആദരം; 1500 നർത്തകിമാർ വേദിയിൽ

ജിഷ അഭിനയUpdated: Tuesday Apr 24, 2018

 വിശ്വമാനവിക സന്ദേശമുണർത്തുന്ന ദൈവദശകം അരങ്ങിലെത്തിയപ്പോൾ ചിലങ്കമണികൾ പോലും ആഹ്ളാദത്താൽ ശിരസ് നമിച്ചു. ധന്യം, ഈ നിമിഷം. ചരിത്രത്തിന്റെ കുറിപ്പുകൾ ഇതാ ഇവിടെ ഒരിക്കൽ കൂടി പുനർജീവിക്കുന്നു. ഒരു കൂട്ടം കലാകാരന്മാരിലൂടെ. സാരഥ്യം വഹിച്ചതാകട്ടെ കലാമണ്ഡലം ഹൈമവതിയെന്ന ഗുരുനാഥയും.

104 വർഷം മുമ്പ് ശ്രീനാരായണഗുരു രചിച്ച ദൈവദശകം മോഹിനിയാട്ടമായി അവതരിപ്പിച്ചത് ഗുരുവിനുള്ള ആദരം കൂടിയായി. 1500 നർത്തകർ ഒത്തുചേർന്ന് തൃശൂർ കൊടുങ്ങല്ലൂർ ഗവ. ഹയർസെക്കന്ററി സ്കൂൾ ഗ്രൗണ്ടിലായിരുന്നു അവതരണം. ഗിന്നസ് റെക്കോർഡ്, ലിംക ബുക്ക് ഓഫ് റെക്കോർഡ് എന്നിവയും ഇതിലൂടെ ലക്ഷ്യമാക്കുന്നു. 60 വിദേശ ഭാഷകളിലും 40 ഇന്ത്യൻ ഭാഷകളിലും ദൈവദശകം മൊഴിമാറ്റിയതിന്റെ പ്രഖ്യാപനം ചടങ്ങിൽ നടന്നു.

ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും അനുഗ്രഹവുമായാണ് ഈ അവതരണത്തെ കലാമണ്ഡലം ഹൈമവതി വിശേഷിപ്പിക്കുന്നത്. മാധ്യമപ്രവർത്തകൻ ഗിരീഷ് ഉണ്ണികൃഷ്ണൻ ഈ ആശയവുമായി അടുത്തെത്തിയപ്പോൾ ഏറെ ആലോചിച്ചു. എന്നാൽ ഇതൊരു നിയോഗമായിരിക്കാം. പ്രത്യേകിച്ചും മോഹിനിയാട്ടത്തിന്. അല്ലെങ്കിൽ കുച്ചിപ്പുടിയോ, ഭരതനാട്യമോ ഒന്നുമാവാതെ മോഹിനിയാട്ടമായി ഇതെന്റെ മുന്നിലെത്തണമെങ്കിൽ നിയോഗമല്ലാതെ മറ്റെന്ത്. ഏതു പ്രതിസന്ധിയുണ്ടായാലും കലാകാരിയെന്ന നിലയിൽ രണ്ടാമതൊരു ചിന്തക്ക് സ്ഥാനമില്ലെന്ന ഉറച്ച തീരുമാനത്തോടെ മുന്നോട്ട് പോയി. നിരവധി പണ്ഡിതരോട് ഇത് സംബന്ധിച്ച് ചർച്ച ചെയ്തു. മൂന്ന് മാസത്തോളം വേണ്ടി വന്നു ദൈവദശകം മോഹിനിയാട്ടമായി ചിട്ടപ്പെടുത്താൻ. ആദ്യഘട്ടത്തിൽ മുദ്രകൾ മാത്രം ചിട്ടപ്പെടുത്തി റെക്കോർഡ് ചെയ്ത് കുട്ടികൾക്ക് നൽകി. പിന്നീട് പൂർണരൂപത്തിലാക്കി വീണ്ടും റെക്കോർഡ് ചെയ്തു. 12 മിനിറ്റാണ് അവതരണം. ഇത്രയും മഹത്തായ കൃതിയെ അതിന്റെ അന്തസ്സത്ത ചോരാതെ കുറഞ്ഞ സമയത്തിനുള്ളിലേക്ക് ചുരുക്കുക എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. മനസിരുത്തിയ പഠനത്തിലൂടെയാണ് അതു സാധ്യമാക്കിയത്. ഒന്നും രണ്ടുമല്ല, 1500 കുട്ടികൾ ഒരേ രീതിയിൽ അവതരിപ്പിക്കണം. നിസാര കാര്യമല്ല. എന്നാൽ കലാമണ്ഡലം ധനുഷ സന്യാലിന്റെ ആത്മസമർപ്പണവും കൂടി ചേർന്നപ്പോൾ വിജയത്തിലേക്കുള്ള വഴി സുഗമമായി. ധനുഷ പലയിടങ്ങളിലും പോയി കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചു. ഒരേയൊരു നിബന്ധനയേ ഞാൻ മുന്നോട്ടുവെച്ചുള്ളൂ, കലാമണ്ഡലത്തിന്റെ ശൈലിയും ചിട്ടയും വസ്ത്രധാരണവും ഒന്നും മാറിക്കൂടാ. അതും യാഥാർഥ്യമായെന്ന സന്തോഷമുണ്ട്. ചെന്നെയിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുൾപ്പെടെയുള്ള കുട്ടികൾ ഇതിൽ പങ്കാളികളായി. യഥാർഥത്തിൽ ഈ അവതരണത്തിന് ശേഷം ഇപ്പോൾ അനുഭവിക്കുന്ന പോസിറ്റീവ് എനർജി, അതിനെ എന്തു വിശേഷിപ്പിക്കണമെന്നറിയില്ല. ധാരാളം പുതിയ കുട്ടികൾ നൃത്തരംഗത്തേക്കെത്തുന്നുവെന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം നൽകുന്നു. അതിന്റെ തെളിവുകൂടിയാണല്ലോ ഈ അവതരണം.

മച്ചാടിൽ നിന്നൊരു പെൺകുട്ടി

തൃശൂർ വിരുപ്പാക്ക പെരിങ്ങോട് വാര്യത്ത് കൃഷ്ണവാര്യരുടേയും മച്ചാട് വാര്യത്ത് പാർവതി വാരസ്യാരുടേയും മകളായി 1955 ഒക്ടോബർ 12നാണ് ജനനം. അച്ഛൻ നാട്ടിലെ അറിയപ്പെടുന്ന ഭിഷഗ്വരനായിരുന്നു. അച്ഛന്റെ ജോലി ആവശ്യാർഥം എനിക്ക് ഒരു വയസുള്ളപ്പോൾ ചെറുതുരുത്തിയിലേക്ക് താമസം മാറി. കലാമണ്ഡലവുമായുള്ള ബന്ധം അന്നവിടെ തുടങ്ങുന്നു. അഞ്ചാം വയസിൽ ചന്ദ്രിക ടീച്ചറുടെ കീഴിൽ നൃത്തം അഭ്യസിച്ചുതുടങ്ങി. ശങ്കരനാരായണൻ ആശാന്റെ കീഴിൽ കഥകളിയും അഭ്യസിച്ചു. 12‐ാം വയസിൽ പഴയ കലാമണ്ഡലത്തിൽ അനിയത്തി രുഗ്മിണിയോടൊപ്പം അരങ്ങേറ്റം നടത്തി. ഇന്ന് അനിയത്തി ജീവിച്ചിരിക്കുന്നില്ല. 13‐ാം വയസിൽ കലാമണ്ഡലത്തിൽ ചേർന്നു. അച്ഛന് കഥകളിയെന്നാൽ ജീവനായിരുന്നു. ആ പ്രോത്സാഹനമാണ് എന്നെ നൃത്തരംഗത്തെക്കെത്തിച്ചത്. കലാമണ്ഡലം സത്യഭാമ, ലീലാമണി, ചന്ദ്രിക എന്നിവരെല്ലാമാണ് അധ്യാപകർ. സുകുമാരി നരേന്ദ്രമേനോൻ പാട്ടു ടീച്ചറും. ചിട്ടയായ ശിക്ഷണ രീതി. 14‐ാം വയസിൽ അരങ്ങേറ്റം നടത്തി. 16‐ാം വയസിൽ ഡിപ്ലോമ പൂർത്തിയാക്കി. പിന്നീട് തുർച്ചയായ അവതരണങ്ങൾ. എന്നാൽ വാരസ്യാർ കുടുംബത്തിൽ നിന്ന് പുറത്ത് നൃത്തം അഭ്യസിപ്പിക്കാൻ പോവുകയെന്നത് മറ്റുള്ളവരെ ഏറെ അലോസരപ്പെടുത്തി. അതുകൊണ്ടുതന്നെ നമ്പൂതിരി കുടുംബങ്ങളിലും മറ്റും നൃത്തം പഠിപ്പിക്കുകയെന്ന രീതിയിലേക്ക് ചുരുങ്ങേണ്ടി വന്നു.

കലാമണ്ഡലം ഹൈമവതി

കലാമണ്ഡലം ഹൈമവതി


19‐ാം വയസിൽ വിവാഹത്തെ തുടർന്ന് കൽക്കട്ടയിലേക്ക് താമസം മാറിയെങ്കിലും എന്റെ ഉള്ളിലെ നൃത്തത്തെ വേറിട്ടു നിർത്താൻ എനിക്കായില്ല. അതിനിടെ അച്ഛൻ എനിക്കുവേണ്ടി കലാമണ്ഡലത്തിൽ ജോലിക്കായി അപേക്ഷിച്ചു. അങ്ങനെ ആ ജോലി എനിക്ക് ലഭിച്ചു. ഞാൻ വീണ്ടും കേരളത്തിൽ മടങ്ങിയെത്തി. മോഹിനിയാട്ടം അധ്യാപികയായാണ് ജോലിയിൽ പ്രവേശിച്ചത്. ഒപ്പം ക്ഷേമാവതി ടീച്ചറുടെ കീഴിൽ കുച്ചിപ്പുടിയും പഠിച്ചു. സത്യഭാമ ടീച്ചറാണ് മോഹിനിയാട്ടത്തിന്റെ ആഴത്തിലുള്ള വേരുകൾ പകർന്നുതന്നതെന്ന് പറയാതെ വയ്യ. 33 വർഷങ്ങൾക്ക് ശേഷം കലാമണ്ഡലം എച്ച്ഒഡി യായി പിരിഞ്ഞു. പിന്നീട് കാലടി യൂണിവേഴ്സിറ്റിയിൽ വിസിറ്റിംഗ് പ്രൊഫസറായി ജോലിയിൽ പ്രവേശിച്ചെങ്കിലും കലാമണ്ഡലത്തോടുള്ള ആത്മബന്ധം എന്നെ വല്ലാതെയുലച്ചിരുന്നു. കലാമണ്ഡലത്തിലെ തന്നെ ഒരുപരിപാടിയിൽ ഞാനതാവർത്തിച്ചു. എനിക്ക് ഇവിടെ തന്നെ അധ്യാപികയായി തുടരാനായെങ്കിലെന്ന്. ആ മോഹവും നടന്നു. ഇപ്പോൾ വീണ്ടും ഇവിടെയുണ്ട് ഞാൻ എന്റെ കുട്ടികളുടെ ടീച്ചറായി. ഒരർഥത്തിൽ ജനിച്ചത് മാത്രമേ വാര്യത്തുള്ളൂ. ബാക്കി ജീവിതം മുഴുവൻ കലാമണ്ഡലത്തിലാണ്. പിന്നെ ഞാനെങ്ങനെ മാറി നിൽക്കും.

ഇരയമ്മൻതമ്പിയുടെ ഓമന തിങ്കൾ കിടാവോ, വള്ളത്തോളിന്റെ അച്ഛനും മകളും, ഒഎൻവിയുടെ അമ്മ എന്നിങ്ങനെ ടീച്ചർ ചിട്ടപ്പെടുത്തി അവതരിപ്പിച്ച ഇനങ്ങളേറെയാണ്.കേന്ദ്രസംഗീതനാടകഅക്കാദമി അവാർഡ്, കേരള സംഗീതനാടകഅക്കാദമി അവാർഡ്, കലാദർപ്പണം പുരസ്ക്കാരം എന്നിവ കൂടാതെ വിദേശങ്ങളിൽ നിന്നുൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾക്ക് ഹൈമവതി അർഹയായിട്ടുണ്ട്. കേരള കലാമണ്ഡലം ലാസ്യമോഹിനി പുരസ്ക്കാരം നൽകി ആദരിച്ചിട്ടുണ്ട്. മോഹനം, ചൊൽക്കെട്ട് എന്നീ ഡോക്യുമെന്ററികളും ടീച്ചറെക്കുറിച്ച് നിർമ്മിച്ചിട്ടുണ്ട്.

ഭർത്താവ് ചന്ദ്രശേഖരൻ, മകൻ കൃഷ്ണപ്രസാദ്, മരുമകൾ അമ്പിളി എന്നിവരടങ്ങുന്നതാണ് കുടുംബം. ചെറുതുരുത്തി 'ശ്രീകൃഷ്ണസദനത്തി'ലാണ് താമസം. പേരക്കുട്ടി അനഘപ്രസാദും നൃത്തം അഭ്യസിക്കുന്നുണ്ട്. കലാമണ്ഡലം പുഷ്പലത ടീച്ചറുടെ കീഴിലാണ് അവൾ നൃത്തം പഠിക്കുന്നത്. അമ്മൂമ്മയോടൊപ്പം അനഘയും കഴിഞ്ഞ ദിവസം ഗുരുവായൂരിൽ ഒരേ വേദിയിൽ നൃത്തം അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. എണ്ണമറ്റ ശിഷ്യഗണങ്ങളുള്ള കലാമണ്ഡലം ഹൈമവതി ടീച്ചർ പറയുന്നതൊന്ന് മാത്രം, ഗുരുക്കന്മാരുടെ അനുഗ്രഹമാണ് എന്നും കൂടെ വേണ്ടത്. എത്ര മുകളിലേക്ക് പോകുമ്പോഴും താഴെയുള്ളത് മറക്കാതിരിക്കുക, വിനയമാണ് പ്രധാനം. അതു നമ്മെ കൂടുതൽ ഉയർത്തുകയേയുള്ളു, കഴിഞ്ഞതൊന്നും മറക്കാതെ എന്നും നൃത്തത്തെ സ്നേഹിക്കുക, അതുനമ്മെ പതിന്മടങ്ങ് കൂടുതൽ തിരിച്ച് സ്നേഹിക്കും. ഇല്ലെങ്കിൽ.... ഒരു കടലാസ് കണക്കേ നമ്മൾ കത്തിയൊടുങ്ങും. അത്രമാത്രം......


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top