28 March Tuesday

സ്വന്തം മണ്ണല്ലേ അതിന്റെ സുഖം

പ്രജോഷ്‌ കുമാർ സിUpdated: Sunday Nov 20, 2022

 prajoshdbi@gmail.com

അംബിക സുകുമാരൻ. അറുപതുകളിൽ മലയാള സിനിമയിലെ നായികാ സങ്കൽപ്പത്തിന്‌ പകരക്കാരിയുണ്ടായിരുന്നില്ല.  പ്രേംനസീർ, സത്യൻ, മധു നായകത്രയത്തിന്റെ കാലത്ത് അവർ വെള്ളിത്തിര അടക്കിവാണു. ഷീലയും ശാരദയുമൊക്കെ വരുന്നതുവരെ എതിരാളികളില്ലാത്ത കാലം.  74 മലയാള ചിത്രം. ഹിന്ദിയിലും തമിഴിലും അഭിനയിച്ചു.  വിവാഹം ആ അഭിനയ ജീവിതത്തിന് വിരാമമിട്ടു. ഭർത്താവ് സുകുമാരനൊപ്പം അമേരിക്കയിലേക്ക് ചേക്കേറി അവിടെ സ്ഥിരതാമസമാക്കി.  ഇപ്പോൾ മൂന്നുവർഷം കൂടുമ്പോൾ നാട്ടിൽ വരും.  ചെന്നൈയിലും തിരുവനന്തപുരത്തും കോഴിക്കോട്ടുമായി കുടുംബവീടുകളിൽ താമസിച്ചാണ് മടക്കം. ഭർത്താവ് സുകുമാരന്റെ സഹോദരൻ അഡ്വ. കെ വി നാരായണമേനോന്റെ ആഴ്ചവട്ടത്തെ വീട്ടിലിരുന്ന് അവർ പഴയ സിനിമാകാലത്തെ ഓർത്തെടുക്കുന്നു.

സിനിമയിലേക്കുള്ള വഴി നൃത്തമായിരുന്നു. എങ്ങനെയാണ് അത് സംഭവിച്ചത്
തിരുവിതാംകൂർ രാജകുടുംബാംഗമായിരുന്നു. ചെറുപ്രായത്തിൽ ഗുരു ഗോപിനാഥിനു കീഴിൽ  നൃത്തപഠനം തുടങ്ങി. പതിനഞ്ചാം വയസ്സിൽ വിശപ്പിന്റെ വിളി എന്ന സിനിമയിൽ നൃത്തരംഗത്തായിരുന്നു അരങ്ങേറ്റം. ചലച്ചിത്ര താരങ്ങളായിരുന്ന പത്മിനി, രാഗിണി എന്നിവരുടെ അമ്മ എന്റെ അമ്മയുടെ സഹോദരിയായിരുന്നു.

കൂടപ്പിറപ്പ്‌ ആദ്യ സിനിമ
സംവിധായകൻ ജെ ഡി തൊട്ടാൻ അച്ഛന്റെ കുടുംബ സുഹൃത്തായിരുന്നു. തിരുവനന്തപുരം സെന്റ് സേവിയേഴ്‌സ്‌ സ്കൂളിൽ സെക്കൻഡ് ഫോറത്തിൽ പഠിക്കുകയായിരുന്നു. നായകൻ  പ്രേംനവാസ് ഉൾപ്പെടെ  ഏറിയപങ്കും പുതുമുഖങ്ങളായിരുന്നു. വയലാർ രാമവർമ ആദ്യമായി ചലച്ചിത്രഗാന രംഗത്തേക്കു കടന്നുവന്നത് ഈ സിനിമയിലാണ്. ‘തുമ്പീ, തുമ്പീ  വാവാ ഈ തുമ്പ തണലിൽ വാവാ’ എന്ന ഗാനം സിനിമയിൽ ഞാനാണ്‌ പാടിയത്‌. പോഞ്ഞിക്കര റാഫിയായിരുന്നു  തിരക്കഥാകൃത്ത്‌.  സിനിമാ സെറ്റിലെത്തിയാൽ എല്ലാവരും കുടുംബമാണ്. ഒരുമിച്ചാണ് ഭക്ഷണം കഴിക്കുക. അതുകൊണ്ട് വലിയ പ്രയാസം തോന്നിയിരുന്നില്ല.

രണ്ടു സിനിമയിൽ മാത്രം നൃത്തം ചെയ്‌തു
സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളാണ് അന്ന് മലയാള സിനിമ കൈകാര്യം ചെയ്തിരുന്നത്. സിനിമയുടെ പശ്‌ചാത്തലം പൂർണമായും കേരളമായിരുന്നു. മിക്കതിലും കുടുംബിനിയായിരുന്നു. ദാരിദ്ര്യവും കരച്ചിലുമായിരുന്നു പ്രധാന പ്രമേയം. കുട്ടിക്കുപ്പായം കണ്ട് കരയാത്തവർ ഉണ്ടായിരുന്നില്ല. എല്ലാം ലോ ബജറ്റ്‌ ചിത്രങ്ങൾ. വർഷത്തിൽ പത്ത്‌ പടം. നൃത്ത രംഗങ്ങളൊക്കെ കുറവായിരുന്നു. ഒരു കൊട്ട പൊന്നുണ്ടാലോ (കുട്ടിക്കുപ്പായം), കണ്മണി നീയെൻ കരം പിടിച്ചാൽ (കുപ്പിവള), കന്നി നിലാവത്ത്‌ കസ്തൂരി പൂശുന്ന (തച്ചോളി ഒതേനൻ), ഉണരൂണരൂ ഉണ്ണി പൂവേ (അമ്മയെ കാണാൻ), കണി കാണും നേരം കമല നേത്രന്റെ (ഓമനക്കുട്ടൻ), എന്റെ വീണക്കമ്പിയെല്ലാം വിലയ്‌ക്കെടുത്തു (മൂലധനം), സമയമാരഥത്തിൽ ഞാൻ സ്വർഗയാത്ര (അര നാഴിക നേരം)തുടങ്ങിയ സിനിമകളിൽ ഗാനരംഗത്ത് അഭിനയിച്ചു. രണ്ടു സിനിമയിൽ മാത്രമാണ് നൃത്തം ചെയ്യാൻ അവസരം ലഭിച്ചത്‌.

സിനിമയിൽനിന്ന്‌ മാറിയത്‌ അറിഞ്ഞില്ല
അന്ന് സിനിമ ഇന്നത്തെപ്പോലെ ഗ്ലാമർ ലോകമല്ല. മിക്കവരും നാടകരംഗത്തുനിന്ന് വന്നവരാണ്. അവർ നാടകവും സിനിമയും ഒരുപോലെ കൈകാര്യം ചെയ്യുന്നു. എന്നെ സംബന്ധിച്ച് നൃത്തമായിരുന്നു ലോകം. വിവാഹശേഷം അമേരിക്കയിലെ ന്യൂജഴ്സിയിലായിരുന്നു താമസം. അവിടെ ഒരുപാട് ഇന്ത്യക്കാർ താമസിച്ചിരുന്നു. ഞാൻ അംബിക സ്കൂൾ ഓഫ് ഡാൻസ് എന്ന പേരിൽ നൃത്തവിദ്യാലയം തുടങ്ങി. നടി പത്മിനിക്കും അമേരിക്കയിൽ നൃത്തവിദ്യാലയമുണ്ടായിരുന്നു.  ഭരതനാട്യവും കുച്ചുപ്പുടിയും ഉൾപ്പെടെ ക്ലാസിക്കൽ കലകളാണ് ഞാൻ പഠിപ്പിച്ചിരുന്നത്. സ്‌കൂൾ കുറേക്കാലം തുടർന്നു. സിനിമയിൽനിന്നു മാറിയത് ഞാൻ അറിഞ്ഞില്ല. ഭാസ്കരൻ മാസ്റ്റർ രണ്ടുതവണ സിനിമയിലേക്ക്‌ ക്ഷണിച്ചു. പക്ഷേ, നിരസിച്ചു. കുടുംബമാണ്‌ പ്രധാനമെന്നു തോന്നി.

മക്കൾ
അവർക്ക് അവരുടെ ചോയ്സ് ഉണ്ട് . രണ്ടുപേരും നൃത്തം പഠിച്ചവരാണ്. അഭിനയത്തിലൊന്നും താൽപ്പര്യമില്ല.  മൂത്തയാൾ പ്രഭ കംപ്യൂട്ടർ എൻജിനിയറാണ്. രണ്ടാമത്തെയാൾ രമ ഡോക്ടറും. രണ്ടാളും അവരുടെ ഫീൽഡിൽ സംതൃപ്തരാണ്.

പഴയകാല സൗഹൃദങ്ങൾ
പലരെയും പിന്നീട് കണ്ടിട്ടില്ല. അമ്മയുടെ സഹോദരിയുടെ മകളാണ്‌ നടി സുകുമാരി. അവരും പോയി. പ്രേംനസീർ  ഒരിക്കൽ അമേരിക്കയിൽ വന്നപ്പോൾ അവസാനമായി കണ്ടു. കെ ടി മുഹമ്മദുമായി നല്ല സൗഹൃദമായിരുന്നു. ആ തലമുറയിൽ മധു മാത്രമാണ് ജീവിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ വന്നപ്പോൾ വിളിച്ചിരുന്നു. 

മലയാള സിനിമകൾ
അമേരിക്കയിലെത്തിയശേഷം അപൂർവമായേ മലയാള സിനിമ കണ്ടിട്ടുള്ളൂ. മോഹൻലാലിനു ശേഷമുള്ള താരങ്ങളെ അറിയില്ല. പണ്ട് പശ്ചാത്തലം കണ്ടാൽത്തന്നെ മലയാള സിനിമയാണെന്ന് മനസ്സിലാകും. മിക്കവാറും സ്റ്റുഡിയോകളിലാണ് ചിത്രീകരണം. ഔട്ട്‌ ഡോർ ഷൂട്ടുകൾ വളരെ കുറവ്, സൗണ്ട് റെക്കോഡിങ് വരെ ഒരുമിച്ച് നടക്കും. ബജറ്റ് വളരെ കുറവായിരുന്നു. മലയാളത്തിലെ ആദ്യ കളർചിത്രമായ കണ്ടംവെച്ച കോട്ടിലെ നായികയായിരുന്നു ഞാൻ. ബോളിവുഡ്‌ ചിത്രങ്ങളെപ്പോലെയാണ്‌ ഇന്ന്‌ മലയാള സിനിമ.

കേരളം സ്വന്തം മണ്ണ്‌
കേരളത്തിൽ സ്ഥിര താമസമാക്കാൻ ഉദ്ദേശ്യമില്ല. ഭർത്താവ്‌ അമേരിക്കയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ കെമിക്കൽ എൻജിനിയറായി വിരമിച്ചു. മക്കൾ രണ്ടുപേരും വിവാഹിതരായി. മക്കളും പേരക്കുട്ടികളുമായി സുഖമായി ജീവിക്കുന്നു. കേരളത്തിൽ എത്തുമ്പോൾ സന്തോഷമുണ്ട്‌. സ്വന്തം മണ്ണല്ലേ. അതിന്റെ സുഖം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top