'ഹൃദയത്തെ സൂക്ഷിക്കാം'..! ഇന്ന് ലോക ഹൃദയ ദിനം

ഇന്ന് ലോക ഹൃദയ ദിനം. ഹൃദ്‌രോഗവും ഹൃദയാഘാതവുമൊക്കെ ഇപ്പോൾ ഒരു പതിവ് വാക്കായി മാറിയിരിക്കുകയാണ്. ലോക ഹൃദയദിനാചരണത്തിന്റെ 25-ാം വാർഷികം കൂടിയായ ഇന്ന് ഹൃദ്‌രോഗത്തെ പ്രതിരോധിക്കാനുള്ള അവബോധം സൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടത്. ആഗോള മരണനിരക്കിന്റെ 31 ശതമാനവും ഹൃദ്‌രോഗം മൂലം മരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലും കഴിഞ്ഞ വർഷങ്ങളിൽ ഹൃദ്‌രോഗം ബാധിക്കുന്നവരുടെ നിരക്ക് ക്രമാതീതമായി വർധിക്കുകയാണ്.
ഇന്ത്യയിലെ ഹൃദ്‌രോഗികളുടെ എണ്ണതിലെ വർധനവിൽ ഭക്ഷണക്രമം വലിയ പങ്കുതന്നെ വഹിക്കുന്നുണ്ട്. കൊഴുപ്പുകൂടിയതും അമിതമായി എണ്ണ ഉപയോഗിക്കുന്ന ഭക്ഷണവും നമ്മുടെ ജീവിതശൈലിയുടെ ഭാഗമാണ്. അതിനോടൊപ്പം പുകവലിയും മദ്യപാനവും പോലുള്ള ശീലങ്ങൾ കൂടി ഉണ്ടെങ്കിൽ ഹൃദ്‌രോഗത്തിനുള്ള സാധ്യത വർധിക്കുന്നു. നെഞ്ച് വേദന, അസ്വസ്ഥത, ശ്വാസതടസ്സം, കടുത്ത ക്ഷീണവും തളർച്ചയും, മുറിവുകൾ ഉണങ്ങാതിരിക്കുന്ന അവസ്ഥ, കാലിൽ നീര്, മുഖത്തോ കൈകാലുകളിലോ മരവിപ്പ് എന്നിങ്ങനെ നീളുന്നു ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ.
ഹൃദയത്തിന്റെ പല ഭാഗങ്ങളെ ബാധിക്കുന്ന രോഗങ്ങൾ ഇപ്പോൾ കണ്ടുവരുന്നുണ്ട്. അതിന്റെ സാധാരണയായി കാണുന്ന കാരണങ്ങൾ ജീവിതശൈലിയിലെ പ്രശ്നങ്ങൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, അമിത പുകവലി, മദ്യപാനം എന്നിവയാണെന്ന് ഡോക്ടർമാർ പറയുന്നു. ഇതിനുപുറമെ ജന്മനാ ഹൃദ്‌രോഗത്തിന് അടിമപ്പെടുന്ന അവസ്ഥയുമുണ്ടാകാം. ആരോഗ്യകരമായ ജീവിതക്രമം പാലിക്കുന്നത് ഹൃദ്‌രോഗത്തെ പ്രതിരോധിക്കാൻ ഒരു പരിധിവരെ സഹായിക്കും. ആരോഗ്യമുള്ള ഒരു ഹൃദയത്തെ പടുത്തുയർത്താൻ നമുക്ക് തന്നെ ശ്രമിക്കാവുന്നതാണ്.









0 comments