നിയന്ത്രണമില്ലാതെ ബീജദാനം, 200 കുട്ടികളുടെ പിതാവായ യുവാവിൽ നിന്ന് കാൻസർ ഘടകങ്ങളും പകർന്നു


എൻ എ ബക്കർ
Published on Dec 15, 2025, 04:48 PM | 3 min read
പല രാജ്യങ്ങളിലായി ഇരുന്നൂറോളം സ്ത്രീകളെ ഗർഭം ധരിപ്പിക്കാനായി ഉപയോഗിച്ച ബീജ ദാതാവിന്റെ ജനിതകത്തിൽ നിന്ന് മാരകമായ കാൻസർ രോഗ ഘടകങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടതായി റിപ്പോർട്.
ബീജദാനം വഴി പിറന്ന കുട്ടികളുടെ മരണത്തോടെ നടത്തിയ പഠനത്തിലാണ് ദാതാവിൽ അദ്ദേഹം അറിയാത്ത കാൻസറുമായി ബന്ധപ്പെട്ട ഒരു അപൂർവ ജനിതക സാധ്യത ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയത്. ഇങ്ങനെ പിറന്ന നിരവധി കുട്ടികൾ ഇതിനകം മരിച്ചു.
ഈ സംഭവത്തോടെ യൂറോപ്പിലുടനീളമുള്ള നിരവധി കുടുംബങ്ങൾ ഇപ്പോൾ ഒരിക്കലും പ്രതീക്ഷിക്കാത്ത അപകടസാധ്യതയുടെ നിഴലിലാണെന്ന് ബിബിസി ഉൾപ്പെടെ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
ബീജദാനവുമായി ബന്ധപ്പെട്ട കാൻസർ ബാധിച്ച കുട്ടികളെ കണ്ടെത്തിയ ഡോക്ടർമാർ ഈ വർഷം യൂറോപ്യൻ സൊസൈറ്റി ഓഫ് ഹ്യൂമൻ ജനറ്റിക്സിൽ ആശങ്കകൾ അറിയിച്ചു. തുടർന്ന് ദാതാവിന്റെ പേരിൽ അറിയപ്പെട്ടിരുന്ന 67 കുട്ടികളിൽ 23 പേർക്ക് ഈ വകഭേദം കണ്ടെത്തി. പത്ത് പേർക്ക് ഇതിനകം കാൻസർ ഉണ്ടായതായും മനസിലാക്കി.
ബീജം വിറ്റ ഡെൻമാർക്കിലെ യൂറോപ്യൻ ബീജ ബാങ്ക് കുറ്റ സമ്മതവുമായി രംഗത്ത് എത്തിയിട്ടുണ്ട്. തങ്ങളുടെ ഈ നമ്പറിലുള്ള ബീജം ചില രാജ്യങ്ങളിൽ വളരെയധികം കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ ഉപയോഗിച്ചതായി സമ്മതിച്ചു. ബീജം കർശന നിയമ നിബന്ധനയുള്ള യുകെയിലെ ക്ലിനിക്കുകൾക്ക് വിറ്റിട്ടില്ല.
അതേ സമയം ജർമ്മനി, സ്പെയിൻ, ഗ്രീസ്, ഐസ്ലാൻഡ്, അയർലൻഡ്, ജോർജിയ തുടങ്ങി 14 രാജ്യങ്ങളിലായി 67 ഫെർട്ടിലിറ്റി ക്ലിനിക്കുകൾ ഈ ദാതാവിന്റെ ബീജം ഉപയോഗിച്ചു.
ഒരു ദാതാവിനെ ഇത്ര വ്യാപകമായി എങ്ങനെ ഉപയോഗിച്ചു. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു മ്യൂട്ടേഷൻ തിരിച്ചറിയുന്നതിൽ സ്റ്റാൻഡേർഡ് സേഫ്ഗാർഡുകൾ പരാജയപ്പെട്ടത് എന്തുകൊണ്ട്. കുടുംബങ്ങളെ സഹായിക്കാനായി സൃഷ്ടിച്ച ഒരു ശാസ്ത്ര സംവിധാനം എങ്ങനെയാണ് ഒരു ദുരന്തം അനുവദിച്ചത്. എന്നിങ്ങനെ ചോദ്യങ്ങൾ ഉയർന്നിരിക്കയാണ്.
ആരെങ്കിലും ബീജമോ അണ്ഡമോ ദാനം ചെയ്യുമ്പോൾ അതത് ക്ലിനിക്കുകൾ അവ അംഗീകരിക്കുന്നതിന് മുമ്പ് പൊതുവായ പാരമ്പര്യ അവസ്ഥകൾ പരിശോധിക്കേണ്ടതാണ്. ഈ നിയമ പ്രക്രിയ രാജ്യത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു. ഓരോയിടത്തും നിബന്ധനകളും നിയമങ്ങളും വ്യത്യസ്തമാണ്. പല രാജ്യങ്ങളും ഇക്കാര്യത്തിൽ നിയമം നിർമ്മിച്ചിട്ടു പോലുമില്ല. അസാധാരണമോ അന്യമോ ആയ കാര്യമായി കരുതന്നു. ഈ നിയമ നിർമ്മാണ ഇടവേളയാണ് പല ക്ലിനിക്കുകളും ബീജ വില്പനയിൽ പ്രയോജനപ്പെടുത്തിയത്.

ലോകമെമ്പാടും ഒരു ദാതാവിന്റെ ബീജം എത്ര തവണ ഉപയോഗിക്കാം എന്നതിനും നിയമമൊന്നുമില്ല. വ്യക്തിഗത രാജ്യങ്ങൾ അവരുടേതായ പരിധികൾ നിശ്ചയിക്കുന്നത് മാത്രമാണ് നിലവിലുള്ളത്. പല രാജ്യങ്ങളും ഇക്കാര്യം ചിന്തിച്ച് തുടങ്ങിയിട്ടില്ല. ചില രാജ്യങ്ങൾ നിശ്ചിത പരിധികൾ "നിർഭാഗ്യവശാൽ" ലംഘിച്ചു എന്നാണ് യൂറോപ്യൻ ബീജ ബാങ്ക് പ്രതികരിച്ചത്.
യൂറോപ്യൻ ബ്രോഡ്കാസ്റ്റിംഗ് യൂണിയന്റെ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം നെറ്റ്‌വർക്കിന്റെ ഭാഗമായി ബിബിസി ഉൾപ്പെടെ 14 പൊതു സേവന പ്രക്ഷേപകരാണ് വിവരങ്ങൾ പുറത്ത് കൊണ്ടു വന്നത്. ദാതാവിനെ കണ്ടെത്തി എങ്കിലും വിവരങ്ങൾ പുറത്തു വിട്ടില്ല.
ബെൽജിയത്തിൽ ഒരു ബീജ ദാതാവിനെ ആറ് കുടുംബങ്ങൾ മാത്രമേ ഗർഭധാരണത്തിന് ഉപയോഗിക്കാവൂ എന്ന് നിബന്ധയുണ്ട്. എന്നാൽ 38 വ്യത്യസ്ത സ്ത്രീകൾ ഇതേ ദാതാവിൽ നിന്ന് 53 കുട്ടികളെ പ്രസവിച്ചതായി കണ്ടെത്തി.
വിദ്യാർത്ഥിയായിരിക്കെ 2005 മുതൽ ഈ യുവാവ് ബീജം ദാനം ചെയ്തു വരുന്നു. ഏകദേശം 17 വർഷത്തോളം അദ്ദേഹത്തിന്റെ ബീജം സ്ത്രീകളിൽ ഉപയോഗിച്ചു എന്നും കണ്ടെത്തി.
ഈ വിതരണത്തിന് കാരണക്കാരനായ ബീജദാതാവ് ആരോഗ്യവാനാണ്. ദാതാക്കളുടെ ഗുണനിലവാര പരിശോധനാ ഫലങ്ങളിൽ വിജയിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ചില കോശങ്ങളിലെ ഡിഎൻഎയിൽ ജനിക്കുന്നതിന് മുമ്പ് തന്നെ കാൻസർ അനുകൂല മ്യൂട്ടേഷൻ സാധ്യയുണ്ടായിന്നു. ഇത് TP53 ജീനിനെ തകരാറിലാക്കുന്നതാണ്. ശരീരത്തിലെ കോശങ്ങൾ കാൻസർ ആകുന്നത് തടയുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതാണ് ടിപി53.

"യുകെയിൽ ഇത്തരത്തിൽ ആവശ്യമായ പകുതി ബീജവും ഇപ്പോൾ ഇറക്കുമതി ചെയ്യുന്നതാണ്. അടുത്ത കാലത്തായി രാജ്യങ്ങൾ വലിയ അന്താരാഷ്ട്ര ബീജ ബാങ്കുകളെ ആശ്രയിക്കുന്നത് സാധാരണമായി മാറിയിരിക്കുന്നു"- ഷെഫീൽഡിൽ ഒരു ബീജ ബാങ്ക് നടത്തിയിരുന്നയാളും ഇപ്പോഴത്തെ മാഞ്ചസ്റ്റർ സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് ബയോളജി മെഡിസിൻ ആൻഡ് ഹെൽത്തിന്റെ ഡെപ്യൂട്ടി വൈസ് പ്രസിഡന്റുമായ പ്രൊഫസർ അലൻ പേസി പറഞ്ഞു.
"എല്ലാത്തിനും നിങ്ങൾക്ക് സ്ക്രീനിംഗ് ചെയ്യാൻ കഴിയില്ല, നിലവിലെ സ്ക്രീനിംഗ് ക്രമീകരണത്തിൽ ബീജദാതാവാകാൻ അപേക്ഷിക്കുന്ന എല്ലാ പുരുഷന്മാരിൽ നിന്നും 1% അല്ലെങ്കിൽ 2% മാത്രമേ ഞങ്ങൾ സ്വീകരിക്കുന്നുള്ളൂ. അതിനാൽ ഞങ്ങൾ നടപടികൾ കൂടുതൽ കർശനമാക്കിയാൽ, ഞങ്ങൾക്ക് ബീജദാതാക്കളുണ്ടാകില്ല - അവിടെയാണ് ബാലൻസ് കിടക്കുന്നത്." എന്നും തുറന്ന് സമ്മതിച്ചു.
ബീജദാനത്തിലൂടെ 550 കുട്ടികൾക്ക് ജന്മം നൽകിയ ശേഷം ദാതാവിനെ നിർബന്ധിതമായി നിർത്തിച്ച സംഭവങ്ങൾ ഉണ്ടെന്നും സമ്മതിച്ചു.










0 comments