അറിയാം ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിന്റെ പാർശ്വഫലങ്ങൾ

ഭാരം കുറയ്ക്കാനുള്ള ഏറ്റവും എളുപ്പമുള്ള ഉപാധിയായാണ് പലരും ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിനെ കാണുന്നത്. വ്യായാമം ചെയ്യാതെ തന്നെ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിലൂടെ ഭാരം കുറയ്ക്കാം എന്നതാണ് ഇതിനു കാരണമായി കരുതുന്നത്. 12 - 18 മണിക്കൂർ വരെ ഉപവാസം ചെയ്യുന്ന ഭക്ഷണക്രമത്തെയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് എന്ന് പറയുന്നത്. ആരോഗ്യകരമായ ഭക്ഷണക്രമം ആണെങ്കിൽ പോലും ചില പാർശ്വഫലങ്ങൾ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ കാണുന്നുണ്ട്. അധികസമയം ഉപവാസത്തിലായിരിക്കുന്നതുകൊണ്ടു തന്നെ അമിതമായ വിശപ്പും ചില ഭക്ഷണങ്ങളോടുള്ള അധിക ആസക്തിയും ഒരു പാർശ്വഫലമാണ്. ഇതുകൊണ്ടുതന്നെ അധികകാലം ഡയറ്റ് പ്ലാൻ തുടരാൻ സാധിക്കാതെ വരാം.
ഭക്ഷണക്രമത്തിൽ വലിയ മാറ്റവും നിർജലീകരണവും രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യത്യാസവും തുടർന്ന് തലവേദന പോലുള്ള പ്രശ്നനങ്ങളിലേക്കും വഴി തെളിക്കാം. ശരീരം ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിനോട് പൊരുത്തപ്പെടുന്നതുവരെ ദീർഘസമയത്തെ ഉപവാസം ഊർജക്കുറവിലും ക്ഷീണത്തിലും കലാശിക്കും. ഭക്ഷണക്രമത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം ദഹനത്തെ വളരെ മോശമായി ബാധിക്കാനിടയുണ്ട്. ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് കൃത്യമായും ശരിയായും ചെയ്തില്ലെങ്കിൽ പോഷകക്കുറവിന് കാരണമാകാം. അത് പലപ്പോഴും മറ്റു വലിയ രോഗങ്ങളിലേക്ക് നയിക്കും.
എന്തുകൊടും ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കാനും ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഒരു നല്ല തീരുമാനം തന്നെയാണ്. എന്നാൽ ശ്രദ്ധയോടും ശരിയായ ക്രമത്തോടുകൂടെയും അത് ചെയ്തില്ലെങ്കിൽ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പെട്ടെന്ന് നീണ്ട സമയത്തെ ഉപവാസത്തിലേക്ക് പോകുന്നതിനു പകരം പടി പടിയായി ഉപവാസത്തിന്റെ സമയത്തിൽ വ്യത്യാസം വരുത്തുന്നതാണ് നല്ലത്.









0 comments