വംശനാശം സംഭവിച്ചിട്ടില്ല: പരാദ സസ്യത്തെ 175 വർഷങ്ങൾക്ക് ശേഷം വയനാട്ടിൽ കണ്ടെത്തി

കമ്പെലിയ ഒറൻഷ്യാക
ജാഷിദ് കരീം
Published on Dec 03, 2025, 09:55 PM | 2 min read
കൽപ്പറ്റ: ഭൂമുഖത്ത് നിന്ന് വേരറ്റ് പോയെന്ന് കരുതിയിരുന്ന പുഷ്പിത പരാദസസ്യത്തെ 175ലധികം വർഷങ്ങൾക്ക് ശേഷം വയനാട് തൊള്ളായിരം ഭൂപ്രദേശത്തുനിന്ന് കണ്ടെത്തി. ഒറോബാഞ്ചെസീ സസ്യ കുടുംബത്തിൽ ഉൾപ്പെടുന്ന കമ്പെലിയ ഒറൻഷ്യാക എന്ന സസ്യത്തെയാണ് കണ്ടെത്തിയത്. കല്പറ്റ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ ഗവേഷകനായ സലിം പിച്ചൻ, ആലപ്പുഴ സനാതന ധർമ്മ കോളേജിലെ സസ്യശാസ്ത്ര ഗവേഷകരായ ഡോ. ജോസ് മാത്യു, അരുൺരാജ്, ഡോ. വി. എൻ. സഞ്ജയ്, ശ്രീലങ്കയിലെ പെരാഡീനിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ബി. ഗോപല്ലാവ എന്നിവരാണ് ഈ നിർണായക കണ്ടെത്തലിന് പിന്നിൽ.
1849ന് മുൻപ് തമിഴ്നാട്ടിലെ നടുവട്ടത് നിന്ന് റോബർട്ട് വൈറ്റ് ആണ് ഈ സസ്യത്തെ ആദ്യമായി കണ്ടെത്തി ശാസ്ത്രലോകത്തിന് മുൻപിൽ അവതരിപ്പിച്ചത്. അതിന് ശേഷം ഈ സസ്യത്തെ ആരുംതന്നെ എവിടെയും കണ്ടതായോ ശേഖരിച്ചതായോ വിശ്വാസ്യ യോഗ്യമായ തെളിവുകൾ ഇല്ല. പിന്നീട് കാണപ്പെടാത്തതിനാൽ ഒന്നര നൂറ്റാണ്ടിലേറെയായി ശാസ്ത്രലോകം ഈ സസ്യത്തിൻ്റെ സ്വഭാവഗുണങ്ങളെ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന ക്രിസ്റ്റിസോണിയ ബൈക്കളർ എന്ന സസ്യംതന്നെ ആവാം ഇതെന്ന് കരുതിപ്പോരുകയും ചെയ്തു. വൈറ്റ് വിശദീകരിച്ച കാമ്പെലിയ എന്ന ജനുസ്സ് ക്രിസ്റ്റിസോണിയ എന്ന് ജനുസ്സിനെ തെറ്റായി വിശദീകരിച്ചത് ആണോ അല്ലയോ എന്ന കാര്യത്തിൽ നിലനിന്നിരുന്ന അവ്യക്തതയും അതിന്മേൽ ഉണ്ടായ തെറ്റായ വ്യാഖ്യാനങ്ങളും കാരണം ഈ സസ്യത്തിനെ പൂർണമായും മനസ്സിലാക്കാൻ ശാസ്ത്രലോകത്തിന് സാധിച്ചിരുന്നില്ല.
2022-23 കാലഘട്ടത്തിൽ വയനാട് തൊള്ളായിരം മേഖലയോട് ചേർന്ന ഭൂപ്രദേശത്തുനിന്ന് കിട്ടിയ സസ്യം റോബർട്ട് വൈറ്റ് വിശദീകരിച്ച കമ്പെല്ലിയ ഓറൻഷ്യക തന്നെ ആണെന്ന് ഉറപ്പിക്കുക എന്നതായിരുന്നു ഗവേഷകരുടെ മുന്നിലെ വെല്ലുവിളി. പശ്ചിമ ഘട്ടത്തിലെ ഒറോബാഞ്ചെസീ സസ്യകുടുംബത്തെക്കുറിച്ച് ഗവേഷണം ചെയ്യുന്ന അരുൺരാജിൻ്റെ പഠനങ്ങൾ ആണ് കമ്പെല്ലിയ എന്ന ജനുസും ഈ സസ്യവുമായി ബന്ധപ്പെട്ട അവ്യക്തതകൾക്ക് വിരാമമിട്ട്, ലഭിച്ച സസ്യം കമ്പെല്ലിയ ഓറൻഷ്യക ആണെന്ന് ഉറപ്പുവരുത്തിയത്. ഇംഗ്ലണ്ടിലെ റോയൽ ബോട്ടാണിക്കൽ ഗാർഡൻറെ ഔദ്യോഗിക ജേർണൽ ആയ ക്യൂ ബുള്ളറ്റിനിൻ്റെ പുതിയ ലക്കത്തിൽ ഈ കണ്ടെത്തൽ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. പ്രത്യേക ഇനത്തിൽപെട്ട കുറിഞ്ഞി ചെടികളുടെ വേരിൽ നിന്ന് വളർച്ചയ്ക്ക് ആവശ്യമായ പോഷക ഘടകങ്ങൾ വലിച്ചെടുത്ത് ജീവിക്കുന്ന ഈ പൂർണ പരാദ പുഷ്പിത സസ്യം വളരെ കുറച്ചു ആഴ്ചകൾ മാത്രം ജീവിക്കുന്നതാണ്.
ഉരുൾപൊട്ടൽ നാശം വിതച്ച ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരമേ ഇപ്പൊൾ ഈ സസ്യത്തെ കണ്ടെത്തിയിരിക്കുനിന്നിടത്തേക്കുള്ളൂ എന്നത് ശ്രദ്ധയോടെ നോക്കി കാണേണ്ടതാണ്. ഇപ്പോഴത്തെ ഈ കണ്ടെത്തൽ പരിസ്ഥിതി ലോലമായ വെള്ളരിമല മേഖലയുടെ സംരക്ഷണപ്രാധാന്യം വ്യക്തമാക്കുന്നതാണ്.








0 comments