വയനാട് ദുരന്തം: കേരളത്തിന് നൽകിയത് 260 കോടി രൂപ മാത്രമെന്ന് കേന്ദ്രം

ന്യൂഡൽഹി : വയനാട് ദുരന്തത്തെ തുടർന്നുള്ള പുനർനിർമാണ– ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേരളം 2221.10 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും 260.56 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയിൽ പറഞ്ഞു. വയനാട് ദുരന്തത്തിനുള്ള കേന്ദ്ര ധനസഹായത്തെക്കുറിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കണക്കുകൾ വ്യക്തമാക്കിയത്.
ദേശീയ ദുരന്തപ്രതികരണ നിധിയുടെ പുനർനിർമാണ ഫണ്ട് വഴിയാണ് സഹായം അനുവദിച്ചത്. കേരളം സമർപ്പിച്ച ദുരന്തശേഷമുള്ള നഷ്ടങ്ങൾ വിലയിരുത്തിയുള്ള റിപ്പോർട്ടുപ്രകാരമാണ് 260 കോടി അനുവദിച്ചത്. തുക അനുവദിക്കുന്നതിനും ചെലവഴിക്കുന്നതിനും മാനദണ്ഡങ്ങളുണ്ട്. 2,221.10 കോടി രൂപയാണ് കേരളം ആകെ കണക്കാക്കിയത്.
അനുവദിച്ച 260.56 കോടി രൂപയുടെ സഹായം 30 ശതമാനം, 40 ശതമാനം, 30 ശതമാനം എന്നിങ്ങനെ മൂന്ന് ഗഡുക്കളായി വിതരണം ചെയ്യുമെന്നും മുമ്പ് അനുവദിച്ച തുകയുടെ കുറഞ്ഞത് 75 ശതമാനം വിനിയോഗിക്കണമെന്നും ആദ്യ ഗഡുവായ 78.17 കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ചുവെന്നും കേന്ദ്രം വിശദീകരിക്കുന്നു.
മൂലധനനിക്ഷേപങ്ങൾക്കുള്ള പ്രത്യേക സഹായമെന്ന നിലയിൽ 249.18 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ തടയൽ പദ്ധതിപ്രകാരം 72 കോടി രൂപയും കേരളത്തിന് നൽകി– മന്ത്രി അറിയിച്ചു. കേരളം 2221 കോടി രൂപ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ടാണ് 260 കോടി മാത്രം അനുവദിച്ചതെന്ന് വിശദീകരിക്കാൻ മന്ത്രി കൂട്ടാക്കിയില്ല. പ്രത്യേക സഹായമായി അനുവദിക്കുന്ന 249 കോടി രൂപ കേരളം തിരിച്ചടയ്‌ക്കേണ്ട വായ്‌പയാണ്







0 comments