ബഹ്‌റൈൻ കേരളീയ സമാജത്തിൽ അന്താരാഷ്ട്ര പുസ്തകോത്സവവും സാംസ്കാരികോത്സവവും

മനാമ: ഒൻപതാമത് അന്താരാഷ്ട്ര പുസ്തകോത്സവവും സാംസ്‌കാരികോത്സവും വ്യാഴാഴ്ച ബഹ്‌റൈൻ കേരളീയ സമാജത്തിൽ ആരംഭിക്കും. ഈ മാസം 14 വരെ നീളുന്ന പുസ്തകോത്സവം ബഹ്‌റൈൻ കേരളീയ സമാജവും പ്രസാധകരായ ഡിസി ബുക്‌സും ചേർന്നാണ് ഒരുക്കുന്നത്.
കേരളത്തിലെ പ്രമുഖ എഴുത്തുകാരുടെയും സെലിബ്രിറ്റികളും സാന്നിധ്യം പ്രതീക്ഷിക്കുന്ന പുസ്തകമേളയിൽ ബഹ്‌റൈനിലെ ഏഴ് മലയാളി എഴുത്തുകാരുടെ പുസ്തകങ്ങളും മേളയിൽ പ്രകാശനം ചെയ്യുമെന്ന് സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു. ഒരു ലക്ഷത്തോളം പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്ന പുസ്തകമേളയിൽ കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പുസ്തകശേഖരവും ഉണ്ടാകും.
വ്യാഴാഴ്ച വൈകീട്ട് 7 നാണ് ഉദ്ഘാടന ചടങ്ങ്. ഏഷ്യൻ സ്‌കൂൾ വിദ്യാർഥികൾ പങ്കെടുക്കുന്ന ബാൻഡോടെ ചടങ്ങ് ആരംഭിക്കും. ഇന്ത്യൻ അംബാസ്സഡർ വിനോദ് കെ ജേക്കബ് മുഖ്യാതിഥിയും കവിയും ഗാനരചയിതാവുമായ പ്രഭാ വർമ വിശിഷ്ടാതിഥിയും ആയിരിക്കും.
രാവിലെ 9.00 മുതൽ രാത്രി 10.30 വരെയാണ് പുസ്തകമേള. എല്ലാ ദിവസവും സാംസ്‌കാരിക പരിപാടികളിൽ ഗസൽ സന്ധ്യ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പരിപാടികൾ, ബഹ്‌റൈനിലുള്ള മറ്റു രാജ്യ കലാകാരന്മാരുടെ സംസ്‌കാരിക പരിപാടികൾ, ആർദ്രഗീത സന്ധ്യ, നൃത്തനൃത്യങ്ങൾ, ഡാൻസ് ഡ്രാമ, മ്യൂസിക് ബാൻഡ് തുടങ്ങി നിരവധിപരിപാടികൾ, സ്‌പോട് ക്വിസ്സ് എന്നിവ നടക്കും. സമാജം ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫോട്ടോഗ്രഫി എക്‌സിബിഷനും ആർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആർട് ആന്റ് പെയിന്റിംഗ് എക്‌സിബിഷനും അരങ്ങേറും.
വെള്ളിയാഴ്ച കൾച്ചർവിവാ എന്ന നൃത്തസംഗീത പരിപാടിയിൽ ഇന്ത്യ, ബഹ്‌റൈൻ, തായ്‌ലൻഡ്, സൗത്ത് ആഫ്രിക്ക, നേപ്പാൾ, കാമറൂൺ, ശ്രീലങ്ക, ചൈന, ഭൂട്ടാൻ, ബംഗ്ലാദേശ്, കെനിയ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുക്കും. രാത്രി പുസ്തക പ്രകാശന ചടങ്ങിൽ എഴുത്തുകാരി നിഷ രത്‌നമ്മ, രമ്യ മിത്രപുരം എഴുതിയ പുസ്തകം പ്രാകാശനം ചെയ്യും. തുടർന്ന് മുഖാഭിമുഖം.
6ന് വൈകീട്ട് സാംസ്‌കാരിക പരിപാടിയിൽ ഇന്ത്യൻ സാംസ്‌കാരിക വൈവിധ്യം വിളിച്ചറിയിക്കുന്ന കലൈഡോസ്‌കോപ്പ് അരങ്ങിലെത്തും. പതിനെട്ടോളം ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നൃത്തരൂപൾ അണിനിരക്കും. ഡിസംബർ 7ന് 7.30 ന് ഐഐപിഎ കലാകാരന്മാർ അവതരിപ്പിക്കുന്ന 'ഗസൽ സന്ധ്യയെ' തുടർന്നുള്ള പൊതുചടങ്ങിൽ ബൈജു എൻ നായർ പങ്കെടുക്കും. ലിജിത് ഫിലിപ്പ് കുര്യൻ എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും.
8ന് മലയാളം മിഷൻ ബഹ്‌റൈൻ ചാപ്റ്ററിലെ കുട്ടികൾക്കായി 'അക്ഷരത്തോണി' എന്നപേരിൽ എഴുത്തു ചിത്രരചനാ മത്സരങ്ങൾ നടക്കും. തുടർന്നുള്ള ചടങ്ങിൽ എഴുത്തുകാരൻ നസീഫ് കലയത്തു പങ്കെടുക്കും. ബഹ്‌റൈനിലെ എഴുത്തുകാരൻ നാസർ മുതുകാടിന്റെ പുസ്തകവും പ്രകാശനം ചെയ്യും. 9 ന് ആർദ്രഗീതസന്ധ്യ എന്ന പേരിൽ മലയാളം ആർദ്ര ഭാവഗീതങ്ങളുടെ അവതരണവും തുടർന്ന് നടക്കുന്ന പൊതുചടങ്ങിൽ ഫിറോസ് തിരുവത്രയുടെ ആദ്യ കവിത സമാഹാരം പ്രാസംഗികനും എഴുത്തുകാരനുമായ ഫാ. ബോബി ജോസ് കട്ടികാട്ടിൽ പങ്കെടുക്കും.
10 ന് ടീം സിതാറിന്റെ നേതൃത്വത്തിൽ സംഗീത പരിപാടിയും വിവിധ കലാകാരന്മാരുടെ നൃത്തനൃത്യങ്ങളും നടക്കും. തുടർന്ന് സമാജം ആർട്‌സ് ക്ലബിന്റെ ആർട്‌സ് ആൻഡ് പെയിന്റിംഗ് എക്‌സിബിഷൻ ഉദ്ഘാടനം.
11ന് വൈകീട്ട് സാംസ്‌കാരിക പരിപാടികളിൽ ഐഐപിഎ കലാകാരന്മാർ അവതരിപ്പിക്കുന്ന ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ, പിങ്ക് ബാൻഡ് നയിക്കുന്ന സംഗീത പരിപാടി എന്നിവ അരങ്ങേറും. പൊതു ചടങ്ങിൽ പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ പിഎംഎ ഗഫൂർ പങ്കെടുക്കും. ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി അനീക്ക അബ്ബാസ് എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും നടക്കും.
12 ന് വൈകീട്ട് കലാകേന്ദ്ര ആർട്‌സിന്റെ ആഭിമുഖ്യത്തിൽ നൃത്ത സംഗീത പരിപാടികൾ നടക്കും. തുടർന്നുള്ള പൊതു ചടങ്ങിൽ ആശാ രാജീവ് എഴുതിയ പുസ്തകത്തിന്റെ പ്രകാശനം പ്രമുഖ എഴുത്തുകാരൻ ഇ സന്തോഷ് കുമാർ നിർവ്വഹിക്കും. 13 ന് സാംസ്‌കാരിക പരിപാടികളെ തുടർന്ന് പ്രമുഖ എഴുത്തുകാരനും വിമർശകനുമായ ഹമീദ് ചേന്നമംഗലൂരുമായുള്ള സംവാദം നടക്കും. 14 ന് നടക്കുന്ന നൃത്തസംഗീത പരിപാടികൾക്കും ക്വിസ് മത്സരത്തിനും ശേഷം അന്താരാഷ്ട്ര പുസ്തകമേളയുടെ സമാപന സമ്മേളനം നടക്കും.
സമാജം സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായരുടെ നേതൃത്വത്തിൽ ആഷ്‌ലി കുര്യൻ മഞ്ഞില കൺവീനറായും ജോയ് പോളി, സവിത സുധിർ, സിൻഷാ വിതേഷ് എന്നിവർ ജോയിന്റ് കൺവീനർമാരായ സംഘാടകസമിതിയാണ് പുസ്തകമേളയുടെ നടത്തിപ്പിനായി പ്രവർത്തിക്കുന്നത്.








0 comments