വിഴിഞ്ഞം ലോകത്തിലെതന്നെ ഏറ്റവും കാര്യപ്രാപ്തിയുള്ള തുറമുഖങ്ങളുടെ ഗണത്തിലേക്കുയർന്നു: പി രാജീവ്

കൊച്ചി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവർത്തനം ആരംഭിച്ച് ഒരു വർഷം തികയുന്ന ഈ വേളയിൽ ലോകത്തിലെ തന്നെ ഏറ്റവും കാര്യപ്രാപ്തിയുള്ള തുറമുഖങ്ങളുടെ ഗണത്തിലേക്കുയരുകയാണെന്ന് മന്ത്രി പി രാജീവ്.
ഒരു വർഷത്തിനുള്ളിൽ 615 കപ്പലുകൾ വിഴിഞ്ഞം തീരത്തെത്തിയതായും ഇതിൽതന്നെ 399 മീറ്ററിലധികം നീളമുള്ള അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകളിൽപ്പെടുന്ന 41 കപ്പലുകൾ എത്തിയത് പ്രധാനപ്പെട്ട കാര്യമാണെന്നും ആകെ 13.2 ലക്ഷം ടി ഇ യു വിഴിഞ്ഞം ഇക്കാലയളവിൽ കൈകാര്യം ചെയ്യാനായതായും മന്ത്രി സമൂഹ മാധ്യമത്തിൽ കുറിച്ചു.
'ഇന്ത്യയിലെ ആദ്യ ഷിപ്പ്-ടു-ഷിപ്പ് എൽഎൻജി ബങ്കറിങ്ങ് പദ്ധതി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാഗമായി യാഥാർത്ഥ്യമാകാനൊരുങ്ങുകയാണ്. പദ്ധതി ആരംഭിക്കുന്നതിന് അദാനി വിഴിഞ്ഞം പ്രൈവറ്റ് പോർട്ട് ലിമിറ്റഡുമായി ബിപിസിഎൽ ധാരണാപത്രം ഒപ്പുവെച്ചുകഴിഞ്ഞു. 2045ൽ മാത്രം പൂർത്തിയാകുമെന്ന് പറഞ്ഞ വിഴിഞ്ഞം തുറമുഖത്തിൻ്റെ എല്ലാ ഘട്ട നിർമ്മാണ പ്രവർത്തനങ്ങളും 2028ൽ തന്നെ പൂർത്തിയാക്കണമെന്ന ഉദ്ദേശ്യത്തോടെ അതിവേഗത്തിൽ നിർമ്മാണം മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്.
ഒപ്പം സംസ്ഥാന സർക്കാരിൻ്റെ വിഷൻ 2031ൻ്റെ ഭാഗമായി കേരളത്തിൻ്റെ മുന്നേറ്റത്തിൽ സുപ്രധാനപങ്ക് വഹിക്കാൻ പോകുന്ന വിഴിഞ്ഞം ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോറും പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞത്തെ ആഗോളതലത്തിൽ തന്നെ എക്കണോമിക് ഹബ്ബാക്കിമാറ്റാനുള്ള ഈ പദ്ധതിയിൽ ഇൻ്റസ്ട്രിയൽ ടൗൺഷിപ്പ്, ടൂറിസം ഇൻ്റഗ്രേറ്റഡ് ഇൻ്റസ്ട്രിയൽ ഡെവലപ്മെൻ്റ് സോൺ, ലോജിസ്റ്റിക്സ് ഹബ്ബ്, റീജണൽ ബിസിനസ് സെൻ്റർ തുടങ്ങി 8 സാമ്പത്തിക ക്ലസ്റ്ററുകൾ ഉണ്ടായിരിക്കും' - പി രാജീവ് പോസ്റ്റിൽ പറഞ്ഞു.








0 comments