മാങ്കൂട്ടത്തിലിനെതിരെ രണ്ടാമതും പീഡനക്കേസ്: പ്രത്യേകസംഘം അന്വേഷിക്കും

രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ബലാത്സംഗം, നിർബന്ധിത ഗർഭഛിദ്രം കേസുകളിൽ ഒളിവില്‍ കഴിയുന്ന കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ പീഡനപരാതിയിലും കേസെടുത്തു. ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.
പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കും. ഡിവൈഎസ്പി സജീവനാണ് അന്വേഷണച്ചുമതല. യുവതിയിൽനിന്നും അന്വേഷണസംഘം പ്രാഥമികവിവരശേഖരം നടത്തി. ഉടൻ മൊഴിരേഖപ്പെടുത്തും.
തന്നെ ഹോംസ്റ്റേയിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി കേരളത്തിനു പുറത്തുതാമസിക്കുന്ന 23കാരി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് ഇമെയിൽ വഴി പരാതി നൽകിയിരുന്നു. പരാതിയുടെ കോപ്പി മാധ്യമങ്ങളിൽ വന്നതോടെ ഗത്യന്തരമില്ലാതെ കോൺഗ്രസ് നേതൃത്വം പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. തുടർന്നാണ് യുവതിയെ കണ്ടെത്തുകയും പരാതിയിൽ കഴമ്പുണ്ടെന്ന നിരീക്ഷണത്തിൽ പൊലീസ് എത്തിച്ചേർന്നതും.
ക്രൂര ബലാത്സംഗം, ഭീഷണി
ഇൻസ്റ്റഗ്രാമിലൂടെയാണ് രാഹുൽ യുവതിയുമായി പരിചയപ്പെട്ടത്. തുടർന്ന് ടെലിഗ്രാം നമ്പർ ചോദിച്ചുവാങ്ങി മെസേജ് അയച്ചുതുടങ്ങി. പ്രണയം നടിച്ച് വിവാഹ വാഗ്‌ദാനം നൽകി. പിന്നീടൊരുനാൾ സംസാരിക്കാനെന്നുപറഞ്ഞ് ഹോംസ്റ്റേയിൽ കൊണ്ടുപോയി ക്രൂരമായി ബലാത്സംഗംചെയ്‌തു. ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു. ശാരീരികമായും മാനസികമായും കടുത്ത പീഡനമുണ്ടായി. വലിയ ബുദ്ധിമുട്ടിലേക്കുപോയി.
പിന്നീട് രാഹുൽ വിവാഹ വാഗ്‌ദാനത്തിൽനിന്ന് പിന്മാറി. ദിവസങ്ങൾക്കുശേഷം വീണ്ടും ബന്ധം സ്ഥാപിക്കാനെത്തി. ഗർഭിണിയാകണമെന്നായിരുന്നു ആവശ്യം. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമാണത്തിലെ ആരോപണവിധേയനും കോൺഗ്രസ് നേതാവുമായ ഫെന്നി നൈനാനാണ് ഹോംസ്റ്റേയിലേക്ക് വാഹനത്തിൽ കൊണ്ടുപോയതെന്നും പരാതിയിൽ പറഞ്ഞു. അടൂർ മുനിസിപ്പാലിറ്റിയിലെ എട്ടാം ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥിയാണ് ഫെന്നി.








0 comments