തന്നേക്കാൾ സൗന്ദര്യമെന്ന് സംശയം: മകനെയടക്കം നാല് കുട്ടികളെ കൊലപ്പെടുത്തി വീട്ടമ്മ

അറസ്റ്റിലായ പൂനത്തെ പൊലീസ് മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയപ്പോൾ
പാനിപ്പത്ത്: തന്നേക്കാൾ സൗന്ദര്യം കൂടുതലുണ്ടെന്ന സംശയത്തെ തുടർന്ന് ഹരിയാനയിൽ വീട്ടമ്മ സ്വന്തം മകനെയടക്കം നാല് കുട്ടികളെ കൊലപ്പെടുത്തി. സംഭവത്തിൽ പാനിപ്പത്ത് സ്വദേശി പൂനത്തെ അറസ്റ്റ് ചെയ്തു. ബന്ധുവിന്റെ മൂന്ന് പെൺമക്കളെയും സ്വന്തം മകനെയും വെള്ളസംഭരണിയിൽ മുക്കിയാണ് പൂനം കൊലപ്പെടുത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച ആറ് വയസുകാരിയായ വിധിയെ വെള്ളസംഭരണിയോട് ചേർന്ന് മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നുള്ള അന്വേഷണമാണ് കൂട്ടക്കൊലയുടെ ചുരുളഴിച്ചത്. 2023ൽ പൂനത്തിന്റെ മകൻ ഇതേ നിലയിൽ മരണപ്പെട്ടിരുന്നു.
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് ആറ് വയസുകാരി വിധി സോനിപ്പത്തിൽനിന്നും മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം നൗൽത ഗ്രാമത്തിലേക്ക് വന്നത്. കുറച്ചുകഴിഞ്ഞ് കുട്ടിയെ കാണാനില്ലെന്ന സന്ദേശം വിധിയുടെ അച്ഛന് ലഭിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ ചോദ്യംചെയ്യലിൽ പൂനത്തിന്റെ പെരുമാറ്റത്തിൽ പൊലീസിന് സംശയം തോന്നുകയായിരുന്നു. പിന്നീട് പൂനം കുറ്റം സമ്മതിച്ചു.
2023ൽ ബോഹദ് ഗ്രാമത്തിലെ ബന്ധുവിന്റെ മകളെയാണ് ആദ്യം കൊലപ്പെടുത്തിയത്. തന്റെ നേർക്കുള്ള സംശയം ഒഴിവാക്കാൻ സ്വന്തം മകനെ പിന്നീട് കൊലപ്പെടുത്തി. കഴിഞ്ഞ ആഗസ്തിൽ മറ്റൊരു കുട്ടിയെയും വെള്ളത്തിൽമുക്കിക്കൊന്നു. തന്നേക്കാൾ സൗന്ദര്യം കൂടുതലുള്ളതിനാലാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പൂനം പൊലീസിനോട് പറഞ്ഞു. ഓരോ കൊലപാതകങ്ങൾക്കുംശേഷം പൂനം അത് ആഘോഷിച്ചെന്ന് പാനിപ്പത്ത് പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.








0 comments