'നേരിട്ടറിയാത്തവരുൾപ്പടെ എനിക്കായി പ്രാർത്ഥിച്ചു, എല്ലാവർക്കും നന്ദി'; ആശുപത്രിയിൽനിന്ന് മടങ്ങി ആവണി

തിരുവനന്തപുരം: 'എന്നെ നേരിട്ടറിയാത്തവരുൾപ്പടെ എനിക്കായി പ്രാർത്ഥിച്ചു, എല്ലാവർക്കും നന്ദി' - ആവണി പറഞ്ഞത് ഒരു ആശുപത്രിയെയാകെ സാക്ഷിനിർത്തിയാണ്. സന്തോഷം മാധ്യമങ്ങൾ കേരളത്തിനായി പകർത്തി നൽകി. ആശുപത്രി കിടക്കയിൽനിന്ന് നിറഞ്ഞ പുഞ്ചികളോടെ മടങ്ങുന്ന വേളയിലായിരുന്നു ആവണിയുടെ പ്രതികരണം.
ആരോഗ്യസ്ഥിതി വീണ്ടെടുത്തതിന് ശേഷം ചെറിയ രീതിയിൽ ഒരുവിവാഹ സൽക്കാരം നടത്തുന്നതിനെകുറിച്ചുള്ള ആലോചനയുമുണ്ട്. എറണാകുളം വിപിഎസ് ലേക്‌ഷോർ ആശുപത്രി ആവണിക്കും ഷാരോണിനും വിവാഹ സമ്മാനമായി ചികിത്സ സൗജന്യമാക്കിയിരുന്നു.
പ്രിയതമയുടെ കൈപിടിച്ച് ഷാരോൺ എപ്പോഴത്തെയും പോലെ ഒപ്പമുണ്ടായിരുന്നു. വിവാഹ ദിവസം അപ്രതീക്ഷിതമായി കടന്നെത്തിയ അപകടത്തിൽ പരിക്കേറ്റ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ വിവാഹിതയായ ആലപ്പുഴ കൊമ്മാടി മുത്തലശേരിയിൽ ആവണി സാധാരണ ജീവിതത്തിലേക്ക് ചുവടുവെയ്‌ക്കുകയാണ്.
21ന് വിവാഹ ദിവസം പുലർച്ചെ മേക്കപ്പിനായി കുമരകത്തേക്ക് പോകുമ്പോൾ കാർ മരത്തിൽ ഇടിച്ചാണ് ആവണിക്കും ഒപ്പമുണ്ടായിരുന്നവർക്കും പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും നട്ടെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാൽ ആവണിയെ വിദഗ്ധ ചികിത്സക്ക് എറണാകുളത്തേക്ക് മാറ്റി. നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്തണമെന്ന വരൻ ഷാരോണിന്റെയും ഇരുകുടുംബങ്ങളുടെയും ആഗ്രഹപ്രകാരം അത്യാഹിത വിഭാഗത്തിൽ തന്നെ താലികെട്ടാനുള്ള സൗകര്യമൊരുക്കുകയായിരുന്നു.
ശസ്ത്രക്രിയക്ക് ശേഷം ഫിസിയോ തെറാപ്പി ആരംഭിച്ചിരുന്നു. കാലുകൾ അവിടെയുണ്ടെന്ന് പോലും തിരിച്ചറിയാത്ത വിധത്തിലാണ് ആശുപത്രിയിലെത്തിയതെന്ന് ആവണി മുൻപ് പറഞ്ഞിരുന്നു. ‘അപകടമുണ്ടായതോടെ എന്റെ ചിന്ത മുഴുവൻ ഷാരോണിനെക്കുറിച്ചായിരുന്നു. എന്റെ ജീവിതമോ പോയി, ഷാരോണിന് കൂടി അതുണ്ടാകരുതെന്നാണ് ഓർത്തത്. എന്നാൽ ഷാരോൺ എന്നെ ചേർത്തുപിടിച്ച് ഒപ്പംനിന്നു–- ആവണി പറഞ്ഞു. ആവണിക്ക് അപകടം സംഭവിച്ച വിവരം ഞെട്ടലോടെയാണ് കേട്ടതെന്ന് ഷാരോൺ പറഞ്ഞു.
‘എന്ത് സംഭവിച്ചാലും ജീവിത കാലം മുഴുവൻ ഒപ്പമുണ്ടെന്ന് അറിയിക്കാൻ ഓടിയെത്തുകയായിരുന്നു. പല ഭാഷകളിൽ നിന്നുള്ളവർ സ്നേഹാശംസകൾ അറിയിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നുണ്ട്. എല്ലാവരോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട്– ഷാരോൺ മുൻപ് പ്രതികരിച്ചു. മാവേലിക്കര ബിഷപ് മൂർ സ്‌കൂൾ അധ്യാപികയായ ആവണിയുടെ മാതാപിതാക്കളായ എം ജഗദീഷും ജ്യോതിയുമാണ് ആശുപത്രിയിൽ ഇരുവർക്കുമൊപ്പമുള്ളത്. ചേർത്തല കെവിഎം കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അസി. പ്രൊഫസറാണ് തുമ്പോളി വളപ്പിൽ വി എം ഷാരോൺ.







0 comments