ഹാപ്പി കോഫി ഡേ, കട്ടൻ കാപ്പിയുടെ ഗുണങ്ങൾ അറിഞ്ഞാലോ..?

ഇന്ന് അന്താരാഷ്ട്ര കാപ്പി ദിനമാണ്. ദിവസവും കാപ്പി കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങളാണ് നൽകുന്നത്. കലോറി രഹിതമായ ഒരു പാനീയമാണ് കാപ്പി. ഇത് ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കും. ഇതിൽ ധാരാളം കഫീൻ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മെറ്റബോളിസം വേഗത്തിലാക്കാനും ഊർജ്ജം വർദ്ധിപ്പിക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും.
കട്ടൻ കാപ്പി നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും നോറെപിനെഫ്രിൻ, ഡോപാമൈൻ പോലുള്ള ഹോർമോണുകളുടെ പ്രവർത്തനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കട്ടൻ കാപ്പി കുടിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. കാപ്പി കുടിക്കുന്നതിന് പ്രതികരണമായി ശരീരം കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
കട്ടൻ കാപ്പി കുടിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. കട്ടൻ കാപ്പി രക്തത്തിലെ അപകടകരമായ കരൾ എൻസൈമുകളുടെ അളവ് കുറയ്ക്കാൻ കഴിയും. ഹെപ്പറ്റൈറ്റിസ്, ലിവർ സിറോസിസ്, ഫാറ്റി ലിവർ രോഗം, കരൾ ക്യാൻസർ എന്നിവ കുറയ്ക്കാൻ കാപ്പി സഹായിച്ചേക്കാം.
കട്ടൻ കാപ്പിയിലെ ശക്തമായ ആന്റിഓക്‌സിഡന്റ് ഉള്ളടക്കം അതിന്റെ ആരോഗ്യ ഗുണങ്ങളിൽ പലതിനും കാരണമാകുന്നു. മാംഗനീസ്, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി2, ബി3, ബി5 എന്നിവയുൾപ്പെടെ ശക്തമായ ആന്റിഓക്‌സിഡന്റുകൾ ബ്ലാക്ക് കാപ്പിയിൽ അടങ്ങിയിട്ടുണ്ട്. കാപ്പിയിലെ ഡൈയൂററ്റിക് സംയുക്തങ്ങൾ ശരീരത്തിലെ വിഷവസ്തുക്കളെയും ബാക്ടീരിയകളെയും പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.
ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുന്ന പാനീയമാണ് കാപ്പി. ഒരു കപ്പ് കട്ടൻ കാപ്പി കുടിച്ചാൽ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ കഴിയും. നാഡീവ്യവസ്ഥയെ ഉത്തേജിപ്പിച്ചുകൊണ്ട് സെറോടോണിൻ, ഡോപാമൈൻ പോലുള്ള ന്യൂറോ ട്രാൻസ്മിറ്ററുകളുടെ അളവ് വർദ്ധിപ്പിക്കാൻ ഇത് സഹായിച്ചേക്കാം. കരൾ, വൻകുടൽ, സ്തനാർബുദം തുടങ്ങിയ ചിലതരം അർബുദങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാൻ കാപ്പി സഹായിച്ചേക്കാം.









0 comments