സാമൂഹിക സാഹചര്യങ്ങളെ നേരിടാനും വികാരങ്ങൾ പങ്കുവയ്ക്കാനും എഐ; ആശങ്ക ഉയർത്തുന്ന 'സോഷ്യൽ ഓഫ്‌ലോഡിംഗ്'

ന്യൂയോർക്ക്: സ്വന്തം വികാരങ്ങളും ചിന്തകളും വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ തയ്യാറാകാതെ, അതിനായി ജെൻ സീ വ്യാപകമായി എഐയെ ആശ്രയിക്കുന്നതായി റിപ്പോർട്ടുകൾ. പ്രണയബന്ധങ്ങളിലെ പിണക്കങ്ങൾ പരിഹരിക്കാനും, മറ്റൊരാളെ സ്നേഹപൂർവ്വം വേണ്ടെന്നുവെക്കാനും, സങ്കീർണമായ സന്ദേശങ്ങളുടെ അർത്ഥം കണ്ടെത്താനും യുവാക്കൾ ചാറ്റ് ജിപിടി പോലുള്ള പ്ലാറ്റ്‌ഫോമുകളെ ഉപയോഗിക്കുന്നത് വർദ്ധിച്ചുവരികയാണ്. ഇതിനെ 'സോഷ്യൽ ഓഫ്‌ലോഡിംഗ്' ('സാമൂഹിക ഉത്തരവാദിത്ത കൈമാറ്റം') എന്നാണ് ഗവേഷകർ വിശേഷിപ്പിക്കുന്നത്.
യേൽ സർവ്വകലാശാലയിലെ വിദ്യാർഥികൾക്കിടയിൽ നടന്ന ഒരു അനുഭവം ഈ പ്രവണതയുടെ ആഴം വ്യക്തമാക്കുന്നു. ഒരു ഡേറ്റിംഗിന് ശേഷം തനിക്ക് താല്പര്യമില്ലെന്ന് അറിയിക്കാൻ പാട്രിക് എന്ന യുവാവ് അയച്ച സന്ദേശം എഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന് സന്ദേശം ലഭിച്ച എമിലി തിരിച്ചറിഞ്ഞു. സ്വന്തം വികാരങ്ങൾ നേരിട്ട് പ്രകടിപ്പിക്കാനുള്ള പേടിയും ആശയക്കുഴപ്പവുമാണ് ഇതിന് കാരണമെന്ന് പാട്രിക് സമ്മതിക്കുന്നു. എന്നാൽ ഇത്തരം സന്ദേശങ്ങൾ പലപ്പോഴും കൂടുതൽ ആശയക്കുഴപ്പങ്ങൾക്ക് കാരണമാകുന്നുവെന്നും വ്യക്തിബന്ധങ്ങളിലെ ആത്മാർത്ഥത നഷ്ടപ്പെടുത്തുന്നുവെന്നുമാണ് എമിലിയെപ്പോലുള്ളവരുടെ അനുഭവം.
മനുഷ്യബന്ധങ്ങളിലെ സ്വാഭാവികമായ സങ്കീർണ്ണതകളെ നേരിടാനുള്ള കഴിവിനെ ഈ പ്രവണത തകർക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കോവിഡ് കാലത്തെ ഒറ്റപ്പെടലിൽ വളർന്നുവന്ന ഒരു തലമുറയ്ക്ക് സാമൂഹിക സൂചനകൾ മനസ്സിലാക്കാനും മറ്റൊരാളുടെ മാനസികാവസ്ഥ തിരിച്ചറിയാനുമുള്ള ശേഷി കുറവാണെന്ന് ടഫ്റ്റ്‌സ് യൂണിവേഴ്സിറ്റിയിലെ ഡോ. മിഷേൽ ഡിബ്ലാസി ചൂണ്ടിക്കാട്ടുന്നു. ഗൗരവമേറിയ കാര്യങ്ങൾ സംസാരിക്കാൻ പോലും മൂന്നിലൊന്ന് കൗമാരക്കാരും ഇപ്പോൾ എഐ സഹായം തേടുന്നുവെന്നാണ് 2025-ലെ കണക്കുകൾ വ്യക്തമാക്കുന്നത്.
ഓരോ സന്ദേശവും എഐ വഴി മിനുക്കിയെടുക്കുന്നത് സ്വന്തം വാക്കുകളിലും ചിന്തകളിലുമുള്ള ആത്മവിശ്വാസം നഷ്ടപ്പെടുത്താൻ കാരണമാകും. ഇത് യുവാക്കളുടെ സ്വത്വബോധത്തെയും വ്യക്തിത്വ രൂപീകരണത്തെയും ദോഷകരമായി ബാധിക്കും. ബന്ധങ്ങളിൽ ഉണ്ടാകേണ്ട സ്വാഭാവികമായ തർക്കങ്ങളും വിട്ടുവീഴ്ചകളുമാണ് ഒരാളെ സാമൂഹികമായി പക്വതയുള്ളവനാക്കുന്നത്. എന്നാൽ എഐ സഹായികൾ എപ്പോഴും വായനക്കാരനെ പ്രീണിപ്പിക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്. ഇത് യഥാർത്ഥ ജീവിതത്തിലെ വെല്ലുവിളികൾ നേരിടാൻ അവരെ പ്രാപ്തരാക്കുന്നില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
മാതാപിതാക്കൾ മക്കളുടെ ഇത്തരം ശീലങ്ങളെ ശ്രദ്ധിക്കണമെന്നും അവർക്ക് നേരിട്ട് സംസാരിക്കാനുള്ള ആത്മവിശ്വാസം നൽകണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു. വൈകാരികമായ കാര്യങ്ങൾ പങ്കുവെക്കാൻ എഐയെക്കാൾ പ്രിയപ്പെട്ടവരെ സമീപിക്കുന്നതാണ് മാനസികാരോഗ്യം നിലനിർത്താൻ നല്ലത്. ബന്ധങ്ങളിലെ പിഴവുകളും കുഴപ്പങ്ങളും മനുഷ്യസഹജമാണെന്നും അവ നേരിട്ട് പരിഹരിക്കാൻ ശ്രമിക്കുന്നതിലൂടെ മാത്രമേ വൈകാരിക വളർച്ച സാധ്യമാകൂ എന്നും റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു.











0 comments