ഫാറ്റി ലിവർ മാറ്റാം..! ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ മതി

ഫാറ്റി ലിവർ മാറാനായി മരുന്ന് കഴിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. കരൾ രോഗത്തിന്റെ പല കാരണങ്ങളിൽ ഒന്നാണ് മോശമായ ഭക്ഷണരീതി. ചില ഭക്ഷണവും ശീലങ്ങളും നമ്മുടെ ജീവിതത്തിൽ നിന്ന് ഒഴിവാക്കിയാൽ തന്നെ ഒരു പരിധിവരെ ഫാറ്റി ലിവർ പോലുള്ള ആരോഗ്യപ്രശ്നങ്ങളെ പൂർണമായും ഒഴിവാക്കാൻ സാധിക്കും.
അതിൽ പ്രധാനപ്പെട്ടതാണ് മദ്യം. നിങ്ങൾ കരളിന്റെ ആരോഗ്യത്തിനു വേണ്ടി എന്തെങ്കിലും മാറ്റം വരുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം ഒഴിവാക്കേണ്ടത് മദ്യമാണ്. ചെറിയ തോതിൽ പോലും മദ്യം കഴിക്കുന്നത് കരളിനെ വളരെ മോശമായി ബാധിച്ചേക്കാം. അടുത്തതായി ഒഴിവാക്കേണ്ടത് വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ആണ്.
നമ്മൾ നിത്യജീവിതത്തിൽ നിന്ന് മാറ്റിനിർത്താത്തവയാണ് ഇത്തരം ഭക്ഷണങ്ങൾ. പ്രത്യേകിച്ചും മലയാളിയുടെ ഭക്ഷണരീതിയിൽ വറുത്ത ഭക്ഷണങ്ങൾ ഇല്ലാത്ത ഒരു ജീവിതം ചിന്തിക്കാൻ പോലും കഴിയാത്തതാണ്. അമിതമായി ഉപ്പ് ചേർത്ത ഭക്ഷണം കഴിക്കുന്നതും കരളിന് ദോഷമാണ്. ഫ്ലൂയ്ഡ് റിറ്റൻഷനും കരളിന് ക്ഷതമുണ്ടാക്കാനും സോഡിയത്തിന്റെ അളവ് കൂടുന്നത് ഒരു കാരണമാകും.
ബീഫ്, പോർക്ക്, സോസേജ്, ഡെയ്‌ലി മീറ്റ് തുടങ്ങിയ റെഡ് മീറ്റ് കരളിന് ദോഷകരമാണ്. ഇത്തരം ഭക്ഷണം കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. ധാന്യങ്ങൾ ശരീരത്തിന് നല്ലതാണെങ്കിലും സംസ്കരിച്ച ധാന്യങ്ങൾ ഫൈബർ തീരെ ഇല്ലാത്തതാണ്.
ഇത്തരത്തിലുള്ള സംസ്കരിച്ച ധാന്യങ്ങൾ കൊണ്ടുണ്ടാക്കുന്ന വൈറ്റ് ബ്രഡ്, പാസ്ത എന്നിവ പെട്ടെന്ന് ദഹിച്ച് രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂട്ടും. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. ഇത്തരത്തിൽ നമ്മൾ പാലിച്ചുവരുന്ന ഭക്ഷണക്രമത്തിൽ ചെറിയ വ്യത്യാസം വരുത്തി ചില ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ തന്നെ നമുക്ക് കരളിന്റെ ആരോഗ്യം സംരക്ഷിക്കാനാകും.









0 comments