കുട്ടികളിലെ വിഷാദരോഗം തിരിച്ചറിവും പരിഹാരവും

ഡോ. ജിത ജി
Published on Aug 29, 2025, 12:00 AM | 2 min read
കുട്ടികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും മാതാപിതാക്കളും അധ്യാപകരും ബന്ധുക്കളും വളർച്ചയുടെ ഭാഗമായി കാണാറുണ്ട്. എന്നാൽ ചില പ്രത്യേക മാനസിക ലക്ഷണങ്ങൾ അവരുടെ കഴിവിനെയും ആരോഗ്യത്തെയും ബാധിക്കുന്ന തരത്തിൽ രൂപപ്പെടാറുണ്ട്. ഇതിന് കാരണം വിഷാദരോഗം ആയിരിക്കാം. പത്തു മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളിലും കൗമാരപ്രായത്തിലുള്ളവരിലുമാണ് വിഷാദരോഗം കൂടുതലായി കണ്ടു വരുന്നത്.
കുട്ടികളിൽ വൈകാരികമായ ഉയർച്ചകളും താഴ്ചകളും കാണപ്പെടാം, എന്നാൽ ചില കുട്ടികളിൽ ഏതാനും ആഴ്ചകളിൽ കൂടുതൽ ഇത് നിലനിൽക്കുന്നതായി കാണാം. ഇത് ഗുരുതര മാനസികാരോഗ്യ പ്രശ്നമായി മാറാനുള്ള സാധ്യതയുണ്ട്. അമേരിക്കൻ സൈക്യാട്രിക് അസോസിയേഷന്റെ പഠനപ്രകാരം ലോകത്ത് സ്കൂളിൽ പോകുന്ന 100 കുട്ടികളിൽ 3 മുതൽ 5 വരെ കുട്ടികളിൽ വിഷാദ രോഗലക്ഷണങ്ങൾ കണ്ടെത്തിട്ടുണ്ട്.
ലക്ഷണങ്ങൾ
ഓരോ കുട്ടിക്കും ചെറിയ ചെറിയ കാര്യങ്ങളിൽ വിഷമങ്ങളുണ്ടാകാം. അവർക്കു നിരാശ ഉണ്ടായേക്കാം. എന്നാൽ വിഷാദരോഗം എന്നത് പതിവിൽ കൂടുതൽ ദിവസം നീണ്ടുനിൽക്കുന്നതും, നേരത്തെ ആസ്വദിച്ച കാര്യങ്ങളിൽ താൽപ്പര്യം നഷ്ടപ്പെടുന്നതും മാത്രമല്ല, ദൈനംദിന പ്രവർത്തനങ്ങളിൽ വൈകല്യങ്ങളുണ്ടാക്കുന്നതുമാണ്. മുമ്പ് താൽപ്പര്യത്തോടെ ചെയ്ത കാര്യങ്ങളിൽ താൽപ്പര്യം കുറയുകയും അമിതമായ ഉറക്കവും അല്ലെങ്കിൽ ഉറങ്ങാൻ കഴിയാത്തതോ, പഠനത്തിലെ ശ്രദ്ധ നഷ്ടപ്പെടുകയും ആത്മഹത്യ പ്രവണത കൂടിവരുകയും കൂടാതെ പ്രതീക്ഷ നഷ്ടപ്പെടുകയും ചെയ്യുന്നതാണ് വിഷാദരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ ഇവയെല്ലാം ഒരു പ്രത്യേക സന്ദർഭത്തിൽ കുറച്ചു സമയത്തേക്കു മാത്രം ഉണ്ടാകുന്നത് സാധാരണയാണെന്ന് വേണമെങ്കിൽ പറയാം. ഇതു അധികമാവുകയോ, ദൈനംദിന പ്രവർത്തനത്തെ ബാധിക്കുകയോ ചെയ്യുമ്പോഴാണ് വിഷാദരോഗമായി സംശയിക്കേണ്ടത്.
കാരണങ്ങൾ
കുട്ടികളിലെ വിഷാദരോത്തിന് നിരവധി കാരണങ്ങളുണ്ട്. കുടുംബപരവും സാമൂഹ്യപരവുമായ പ്രശ്നങ്ങൾ, ഒറ്റപ്പെട്ട ജീവിതശൈലി, ജനിതകപരമായ കാരണങ്ങൾ, മാനസിക സമ്മർദം, പഠനവിഷയ സമ്മർദം, കുട്ടിക്കാലത്തെ മോശം അനുഭവമോ അല്ലെങ്കിൽ ആഘാതമോ തുടങ്ങിയവ അവയിൽ ചിലതാണ്.
അവഗണിക്കരുത്
കുട്ടികളിൽ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കാതെ ചികിത്സ തേടുന്നത് പ്രധാനമാണ്. കുട്ടികളുമായി വാത്സല്യപരമായ ബന്ധം ശക്തമാക്കുകയും അവർക്കു പിന്തുണ നൽകുകയും ചെയ്യണം.അവരുമായി നിരന്തരം തുറന്നു സംസാരിക്കുകയും വേണം. സ്കൂളുകളിലും ക്ലാസുകളിലും അധ്യാപകർ കുട്ടികളെ നിരീക്ഷിക്കുകയും ലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ അവർക്ക് ആവശ്യമായ കൗൺസലിങ് നൽകുകയും വേണം. വിഷാദരോഗത്തെ നിസ്സാരവൽക്കരിക്കുന്നതോ, മോശമായി പ്രതികരിക്കുന്നതോ അപകടകരമാണ്. പകരം കുട്ടിയുടെ അവസ്ഥയെ, അവരുടെ മാനസിക വേദനയും മനസ്സിലാക്കി അവർക്ക് ആവശ്യമായ പിന്തുണയും കൗൺസലിങ്ങും നൽകണം. ഇത് പരിഹരിക്കാവുന്നതേയുള്ളൂ.
(തിരുവനന്തപുരം കിംസ്ഹെൽത്തിലെ സൈക്യാട്രി & ബിഹേവിയറൽ മെഡിസിൻ വിഭാഗം സ്പെഷ്യലിസ്റ്റാണ് ലേഖിക)









0 comments