‘വിബ്രിയോ വൾനിഫിക്കസ്' മാംസഭുക്കായ ബാക്ടീരിയകൾ

Vibrio vulnificus
avatar
സാം അലക്‌സ്‌

Published on Sep 07, 2025, 11:09 AM | 2 min read

അടുത്തിടെ മുംബൈയിൽ 78 വയസ്സുള്ള ഒരാളുടെ ഇടതുകാൽ പാദത്തിന്റെ ഒരുഭാഗം ബാക്ടീരിയ അണുബാധമൂലം നഷ്ടപ്പെട്ടതായി വാർത്ത വന്നിരുന്നു. മുംബൈയിലെ വർളി കടൽത്തീരത്ത് സ്ഥിരമായി മത്സ്യബന്ധനത്തിന് പോയിരുന്ന ഇദ്ദേഹത്തിന്റെ കാലിലുണ്ടായ മുറിവിലൂടെയാണ് അപകടകാരിയായ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചതും അണുബാധയ്ക്ക് കാരണമായതും. വിബ്രിയോ ജനുസിൽ ഉൾപ്പെടുന്ന ‘വിബ്രിയോ വൾനിഫിക്കസ്' (Vibrio vulnificus) എന്ന ബാക്ടീരിയ ആണ് ഈ മാരക രോഗാവസ്ഥയ്ക്ക് പിന്നിൽ. കോശങ്ങളെയും പേശികളെയും നശിപ്പിക്കുന്ന ഇത്തരം ബാക്ടീരിയകളെ മാംസഭുക്കായ സൂക്ഷ്മജീവികൾ (Flesh-eating bacteria) എന്ന്‌ ശാസ്‌ത്രലോകം വിളിക്കുന്നു.


വിബ്രിയോ വൾനിഫിക്കസ്


വടി രൂപത്തിലുള്ള ചലിക്കാൻ ശേഷിയുള്ള ഈ ബാക്ടീരിയകൾ സാധാരണയായി ഉപ്പുവെള്ളത്തിലും അഴിമുഖങ്ങളിലും സമുദ്ര പരിസ്ഥിതികളിലുമാണ് കാണപ്പെടുന്നത്. കോളറ പരത്തുന്ന ബാക്ടീരിയയുടെ അതേ ഗണത്തിൽപ്പെടുന്നവയാണ് ഇവയും. 1976ലാണ് ഈ ബാക്ടീരിയയെ ആദ്യമായി കണ്ടെത്തിയത്. മലിനമായ ഉപ്പുവെള്ളത്തിൽ അധികമായി കാണപ്പെടുന്ന ഇവ ശരീരത്തിൽ എത്തിയാൽ അടുത്ത 48 മണിക്കൂർ വളരെ നിർണായകമാണ്. കൃത്യസമയത്ത് മരുന്നുകൾ നൽകിയില്ലെങ്കിൽ രക്തത്തിലും ശ്വാസകോശത്തിലേക്കും ഇവ അതിവേഗം പടർന്ന് ജീവൻതന്നെ അപകടത്തിലാക്കും.


അണുബാധ


പൊതുവേ മനുഷ്യശരീരത്തിലെ ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കാൻ ഈ ബാക്ടീരിയകൾക്ക് കഴിവില്ലെങ്കിലും കാലിലും മറ്റ് ശരീരഭാഗത്തുമുള്ള മുറിവുകളിലൂടെ ഇവ അകത്തു കടക്കുകയും ഉടനെ മുറിവിനോടു ചേർന്നുള്ള മൃദുവായ കോശങ്ങൾ, പേശികൾ എന്നിവയെ ബാധിക്കുകയും ചെയ്യും. മുറിവിന് ചുറ്റുമുള്ള കോശങ്ങളെ ഇവ വേഗത്തിൽ നശിപ്പിച്ചാൽ ഉടൻ രക്തത്തിൽ കലർന്ന് അവയെ വിഷമയമാക്കും. കോശങ്ങളെ നിർജീവമാക്കി ചർമത്തിനടിയിലെ ‘ഫാസിയ' എന്നറിയപ്പെടുന്ന ടിഷ്യുവിനെ നശിപ്പിക്കുന്നതിനാലാണ്‌ ഈ രോഗാവസ്ഥയെ നെക്രോടൈസിങ്‌ ഫാസിയൈറ്റിസ് എന്ന് വിളിക്കുന്നത്. ഇത്തരം രോഗാവസ്ഥയ്ക്ക് കാരണമാകുന്ന മറ്റ്‌ ബാക്ടീരിയകളാണ് ഗ്രൂപ്പ് എ സ്‌ട്രെപ്റ്റോകോക്കസ്,സ്റ്റെഫെെലോ കോക്കസ് ഒറിയസ്, ക്ലോസ്ട്രിഡിയം എന്നിവ. പഠനങ്ങൾ അനുസരിച്ച് വേനൽക്കാലത്തും ചുഴലിക്കാറ്റ്, കൊടുങ്കാറ്റ് എന്നിവയ്ക്ക് ശേഷവുമാണ് വിബ്രിയോ വൾനിഫിക്കസ് ബാക്ടീരിയകൾ വളരുകയും പെറ്റു പെരുകുകയും ചെയ്യുന്നത്. സമുദ്രജലത്തിന്റെ വർധിച്ചുവരുന്ന താപനില ഈ സൂക്ഷ്മജീവികൾക്ക് അനുയോജ്യമായ പ്രജനന സമയമാണ്.


ലക്ഷണങ്ങൾ


വയറിളക്കം, വയറുവേദന, വിറയൽ, ഛർദി, പനി, കുറഞ്ഞ രക്തസമ്മർദം, മാനസികനിലയിലെ മാറ്റങ്ങൾ എന്നിവ പ്രധാന ലക്ഷണങ്ങളാണ്. അണുബാധ അധികമായാൽ ചർമത്തിൽ ചുവപ്പ് നിറത്തിൽ പെട്ടെന്ന് വീർക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യും. ചെറുതും വലുതുമായി ദ്രാവകം നിറഞ്ഞ കുമിളകൾ ശരീരത്തിൽ ഉണ്ടാവുകയും അതികഠിനമായ വേദന അനുഭവപ്പെടുകയും ചെയ്യും. മണിക്കൂറുകൾ കഴിയുന്തോറും ആന്തരിക രക്തസ്രാവവും സെപ്റ്റിക് ഷോക്കും ശസ്ത്രക്രിയ ആവശ്യമായി വരുന്ന ഗുരുതര ചർമ അണുബാധയ്ക്കും അവയവങ്ങളുടെ ക്ഷതത്തിനും കാരണമാകും. ശരീരഭാഗങ്ങളിൽ പ്രത്യേകിച്ച് കാലിൽ മുറിവുകൾ ഉണ്ടായാൽ മലിനമായ കടൽ വെള്ളത്തിൽ ഇറങ്ങാതിരിക്കുക, മലിനമായ കടൽ വെള്ളത്തിൽ ഇറങ്ങിയാൽ ഉടനെ നന്നായി കുളിക്കുക തുടങ്ങിയവയും ശ്രദ്ധിക്കുക. അമേരിക്കയിൽമാത്രം പ്രതിവർഷം എൺപത്തയ്യായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home