കൊഴുപ്പ് മുഴുവനും ഉപേക്ഷിക്കാന്‍ പറയുന്ന ഒരു ഡയറ്റ് പ്ലാനും വിശ്വസിക്കരുതെന്ന്‌ ഡോ. മൊഹ്‌സിന്‍ വാലി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 07, 2021, 03:42 PM | 0 min read

കൊച്ചി> എല്ലാത്തരം കൊഴുപ്പുകളും ആരോഗ്യത്തിന് ഭീഷണിയാണെന്ന തെറ്റിദ്ധാരണ പരത്തുന്നതിലൂടെ അവയില്‍ പലതും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന വസ്തുത  മറക്കുകയാണെന്ന് ഡോ. മൊഹ്‌സിന്‍ വാലി. പറയുന്നു നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്ന് ശരീരം ആഗിരണം ചെയ്യുന്ന കൊഴുപ്പാണ് നമ്മുടെ ഊര്‍ജത്തിന്റെ പ്രധാന ഉറവിടമെന്ന കാര്യം അവഗണിച്ചുകൊണ്ടാണ് ഈ പ്രചാരണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

പ്രശസ്ത കാര്‍ഡിയോളജിസ്റ്റ്  ഡോ. മൊഹ്‌സിന്‍ വാലി ആര്‍ വെങ്കട്ടരാമന്‍, ശങ്കര്‍ദയാല്‍ ശര്‍മ, പ്രണബ് മുക്കര്‍ജി തുടങ്ങിയ പ്രസിഡന്റുമാരുടെ ഫിസിഷ്യനായിരുന്നു.

ഒരു ഗ്രാം കൊഴുപ്പില്‍ നിന്ന് 9 കിലോകലോറി വരെ ഊര്‍ജമാണ് നമുക്കു ലഭിക്കുന്നത്. കൊഴുപ്പില്‍ അലിയുന്ന തരം വിറ്റാമിനുകളേയും ധാതുക്കളേയും ശരീരത്തിന് ആഗിരണം ചെയ്യാനും കൊഴുപ്പുകള്‍ സഹായിക്കുന്നു. പല തരം കൊഴുപ്പുകളുണ്ടെന്നും അതുകൊണ്ടു തന്നെ ഇവ പല തരത്തിലാണ് ശരീരത്തില്‍ പ്രവർത്തിക്കുന്നതെന്ന്‌ അദ്ദേഹം പറയുന്നു.

ടിഎഫ്എ, എസ്എഫ്എ, മുഫ, പുഫ

ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിനെ വര്‍ധിപ്പിക്കുന്നതിനാല്‍ ടാന്‍സ്ഫാറ്റുകളാണ് ഏറെ അപകടകാരികളെന്ന് ഡോ വാലി ചൂണ്ടിക്കാണിക്കുന്നു. നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎലില്‍ ഇത് കുറവും വരുത്തുന്നു. ഇക്കാരണങ്ങളാല്‍ ടിഎഫ്എ പരമാവധി ഒഴിവാക്കണം. 10,000-ത്തിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് മൃഗങ്ങളെ മെരുക്കിത്തുടങ്ങിയ കാലത്തു തന്നെ ടിഎഫ്എ നമ്മുടെ ആഹാരത്തിലെത്തിയെങ്കിലും  വനസ്പതിയാണ് ടിഎഫ്എയുടെ ഉറവിടമെന്ന തെറ്റായ പ്രചാരണമാണ് പിന്നീടു നടന്നത്. എന്തായാലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും ഭക്ഷ്യഎണ്ണ സംഘടനകളുടേയും പ്രയത്‌നത്തി്‌ന്റെ ഭാഗമായി ടിഎഫ്എയുടെ ഉപഭോഗം കുറഞ്ഞു. അതുകൊണ്ടു തന്നെ ആവശ്യമായ കൊഴുപ്പ് ഉറപ്പുവരുത്തുന്ന സംതുലനത്തിനായി വനസ്പതി  മിതമായ രീതിയില്‍ ഉപയോഗിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നും ഡോ. വാലി പറയുന്നു.

എല്‍ഡിഎല്‍ വര്‍ധിപ്പിക്കുന്നതിനാല്‍ സാച്വറേറ്റഡ് ഫാറ്റ്‌സും (എസ്എഫ്എ) മിതമായേ ഉപയോഗിക്കാവൂ. പാല്‍, ചീസ്, വെണ്ണ, ബീഫ് ഉള്‍പ്പെടെയുള്ള മാംസങ്ങള്‍ തുടങ്ങിയവയാണ് എസ്എഫ്എയുടെ ഉറവിടങ്ങള്‍. വെളിച്ചെണ്ണ, പാം കെര്‍ണല്‍ ഓയില്‍ എന്നിവയിലും എസ്എഫ്എ ഉണ്ട്.

മറ്റ് ഫാറ്റുകളെ അപേക്ഷിച്ച് മോണോസാച്വറേറ്റഡ് ഫാറ്റുകള്‍ (മുഫ) ഗുണദോഷങ്ങള്‍ ഇല്ലാത്തവയാണ്. അന്നജത്തിനു പകരം ഉപയോഗിച്ചാല്‍ നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കും. കപ്പലണ്ടി, എള്ള്, ഒലീവ്, കനോള എന്നിവയുടെ എണ്ണകളും കശുവണ്ടി, ഒലീവ്, മത്തന്‍വിത്തുകള്‍, മുട്ട എന്നിവയും മുഫയാല്‍ സമ്പന്നമാണ്.

പോളിഅണ്‍സാച്വറേറ്റഡ് ഫാറ്റുകള്‍ (പുഫ) രണ്ടു തരമുണ്ട് - ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ എന്നിങ്ങനെ. ശരീരത്തിന് അത്യാവശ്യമായ ഇവ ആഹാരങ്ങളിലുള്‍പ്പെടുത്തണം. സോയാബീന്‍, കനോല, കടുക്, സൂര്യകാന്തി, കോണ്‍, സാഫ്‌ളവര്‍, ഫ്‌ളാക്‌സീഡ് എന്നിവയുടെ എണ്ണകള്‍, പൈന്‍, വാള്‍നട്ട്, സണ്‍ഫ്‌ളവര്‍ സീഡുകള്‍, സാല്‍മണ്‍, ഹെറിംഗ്, മത്തി, അയല എന്നിവയാണ് ഇവയ്ക്കായി നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്‍ ഡോ. വാലി പറയുന്നു

ഓരോരുത്തരും അവരവരുടെ ജീവിതശൈലിക്കനുസരിച്ചുള്ള ഭക്ഷണക്രമം ശീലിക്കണം. ആഹാരം അറിഞ്ഞ് കഴിയ്ക്കണം. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന ആഹാരസാധനങ്ങളുടെ ചേരുവകള്‍ വായിച്ചറിയണം. കൊഴുപ്പ് മുഴുവനും ഉപേക്ഷിക്കാന്‍ പറയുന്ന ഒരു ഡയറ്റ് പ്ലാനും വിശ്വസിക്കരുതെന്നും ഡോ വാലി പറയുന്നു. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഫാറ്റുകള്‍ ആവശ്യമാണ്. എന്തും ആവശ്യത്തിനനുസരിച്ചും അമിതമാകാതെയും കഴിയ്ക്കുന്നതാണ് നല്ല ആരോഗ്യത്തിന്റെ താക്കോല്‍ ഡോ. വാലി പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home