27 വിമാന യാത്രകൾ, 24 മത്സരങ്ങൾ; ഫിഫ പ്രസിഡന്റിന്റെ ലോകകപ്പ് യാത്രകളിൽ വിമർശനവുമായി പരിസ്ഥിതി പ്രവർത്തകർ

Photo Credit:FIFA
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിന്റെ ഭാഗമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ നടത്തുന്ന സ്വകാര്യ ജെറ്റ് യാത്രകൾ വലിയ പാരിസ്ഥിതിക വിവാദങ്ങൾക്ക് തിരികൊളത്തുന്നു.
ലോകകപ്പിന്റെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം 24 മത്സരങ്ങളിൽ നേരിട്ട് പങ്കെടുത്ത ഇൻഫാന്റിനോ, ഇതിനായി ആയിരക്കണക്കിന് മൈലുകളാണ് സ്വകാര്യ വിമാനത്തിൽ പറന്നത്. ഫിഫയുമായി ബന്ധമുള്ള സ്വകാര്യ ജെറ്റ് ഈ കാലയളവിൽ 27 തവണ യാത്രകൾ നടത്തിയതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
ഇൻഫാന്റിനോയുടെ ഈ യാത്രകൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാർബൺ ഡയോക്സൈഡിന്റെ അളവ് ഞെട്ടിപ്പിക്കുന്നതാണ്. കണക്കുകൾ പ്രകാരം, രണ്ടാഴ്ചത്തെ അദ്ദേഹത്തിന്റെ യാത്രകൾ വഴി പുറന്തള്ളപ്പെട്ടത് ഏകദേശം 516 ടൺ കാർബൺ ഡയോക്സൈഡിന് തുല്യമായ മലിനീകരണമാണ്.
ഇത് 78 സാധാരണ മനുഷ്യർ ഒരു വർഷം കൊണ്ട് പുറന്തള്ളുന്ന കാർബൺ ബഹിർഗമനത്തിന് ഏകദേശം തുല്യമാണ്. പരിസ്ഥിതി സൗഹൃദപരമായ ടൂർണ്ണമെന്റാണ് ഇത്തവണത്തേതെന്ന് ഫിഫ അവകാശപ്പെടുമ്പോഴും, പ്രസിഡന്റിന്റെ ഇത്തരം യാത്രകൾ ആ അവകാശവാദങ്ങളെ പരിഹസിക്കുന്നതാണെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
യാത്രകളുടെ കാര്യക്ഷമതയും സമയ ലാഭവും പരിഗണിച്ചാണ് സ്വകാര്യ വിമാനം ഉപയോഗിക്കുന്നതെന്ന് ഫിഫ പ്രതികരിച്ചെങ്കിലും, ഇതിന്റെ പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ച് പ്രതികരിക്കാൻ അധികൃതർ തയ്യാറായില്ല.
2030-ഓടെ കാർബൺ ബഹിർഗമനം പകുതിയായി കുറയ്ക്കുമെന്നും 2040-ഓടെ 'നെറ്റ് സീറോ' ലക്ഷ്യം കൈവരിക്കുമെന്നും ഫിഫ വാഗ്ദാനം നൽകിയിട്ടുണ്ട്.
എന്നാൽ, ഇത്തവണത്തെ ലോകകപ്പിന്റെ മൊത്തം കാർബൺ ഫുട്പ്രിന്റ് ഒമ്പത് ദശലക്ഷം ടൺ വരെ ഉയർന്നേക്കാമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
ഖത്തർ ലോകകപ്പിലെ 'കാർബൺ ന്യൂട്രൽ' അവകാശവാദം തെറ്റാണെന്ന് നേരത്തെ തെളിഞ്ഞ സാഹചര്യത്തിൽ, ഫിഫയുടെ നിലവിലെ പാരിസ്ഥിതിക നയങ്ങൾ വലിയ ചോദ്യചിഹ്നമായി തുടരുകയാണ്.










0 comments