ക്രോമിനെ കൈവിട്ട് കോമറ്റിലേക്ക് മാറിയോ ? ബ്രൗസർ യുദ്ധത്തിൽ പുതിയ ആശങ്കകൾ


എൻ എ ബക്കർ
Published on Oct 10, 2025, 05:50 PM | 4 min read
കോമറ്റ് വെബ് ബ്രൗസർ മനുഷ്യരുടെ തൊഴിലവസരങ്ങൾ കയ്യടക്കുമോ? പെർപ്ലെക്സിറ്റി എഐയുടെ സ്ഥാപകനും സിഇഒയുമായ അരവിന്ദ് ശ്രീനിവാസ് തങ്ങളുടെ പുതിയ എഐ ബ്രൗസറായ കോമറ്റിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആശങ്ക ഉയർത്തിയിരിക്കുന്നത്.
“കോമറ്റ് വെബ് ബ്രൗസർ ഉൽപ്പാദനക്ഷമത ഗണ്യമായി വർദ്ധിപ്പിക്കും. കമ്പനികൾക്ക് പുതിയ ജീവനക്കാരെ നിയമിക്കുന്നത് ഒഴിവാക്കാനാക്കും” എന്ന് അരവിന്ദ് ശ്രീനിവാസിന്റെ വാക്കുകൾ വാർത്തയായതിന് പിന്നാലെയാണ് ആശങ്ക.
തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വെബ് ബ്രൗസറിനെ ഒരു 'യഥാർത്ഥ പേഴ്‌സണൽ അസിസ്റ്റന്റ്' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
“ ഇത് ഉപയോക്താക്കൾക്ക് ഒരേ സമയം കൂടുതൽ ജോലികൾ ചെയ്തു തീർക്കാൻ പിന്തുണ നൽകുന്നു. നിങ്ങളുടെ ടീമിൽ ഒരാളെ കൂടി നിയമിക്കുന്നതിനുപകരം, നിങ്ങൾ ചെയ്യുന്ന എല്ലാ ജോലികൾക്കും അനുബന്ധമായി കോമെറ്റ് ഉപയോഗിക്കാം,” ശ്രീനിവാസ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ കോമെറ്റ് ബ്രൗസർ ഉപയോഗിക്കാൻ ഇതുവരെ പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമായിരുന്നു. പെര്‍പ്ലെക്‌സിറ്റി മാക്‌സ് വരിക്കാര്‍ക്ക് മാത്രമായി കോമറ്റ് പരിമിതപ്പെടുത്തിയിരുന്നു. കോമറ്റിനായുള്ള വെയിറ്റ്ലിസ്റ്റ് ദശലക്ഷങ്ങള്‍ കടന്നപ്പോള്‍ കമ്പനി ഇത് എല്ലാ ഉപയോക്താക്കള്‍ക്കും സൗജന്യമാക്കി.
ഇന്ത്യയിൽ നേരത്തെ തന്നെ എല്ലാ ഉപയോക്താക്കൾക്കും സൗജന്യമാണെന്ന് പ്രഖ്യാപിച്ചു. ഇപ്പോൾ ചർച്ചകളും അവതരണങ്ങളും സൈബർ ലോകത്ത് നിറയുന്നു. കോമറ്റ് ചെയ്തു തീർക്കുന്ന ജോലികളെ കുറിച്ചുള്ള വർണ്ണനകൾ ഇതിന് തൊട്ടുപിന്നാലെ സൈബർ ലോകത്ത് പറന്നു നടക്കുന്നു.
എവിടെനിന്നാണ് ഈ കോമറ്റ്
കോമറ്റ് ഒരു പുതിയ തരം ബ്രൗസറാണ്. അതിൽ വെബിൽ സർഫ് ചെയ്യാനും വാങ്ങലുകളും വിൽക്കലുകളും നടത്താനും സാധ്യമാവും. ഇമെയിലുകൾ അയയ്ക്കുക, കലണ്ടർ ഇവന്റുകൾ സൃഷ്ടിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നിർവ്വഹിക്കാനും ഇതിലെ സംയോജിത AI ചാറ്റ്ബോട്ട് പ്രാപ്തമാണ്.
ഗൂഗിൾ ക്രോമാണ് ഇപ്പോൾ ഏറ്റവും ജനപ്രിയമായ ബ്രൗസർ. പെർപ്ലെക്‌സിറ്റിയുടെ കോമറ്റ് പോലുള്ള പുതിയ എൻട്രി ഒരു പുതിയ "ബ്രൗസർ യുദ്ധം" അവതരിപ്പിച്ചിരിക്കയാണ്.
സുരക്ഷ മുൻനിർത്തിയാണ് കോമറ്റിനെതിരെ ആദ്യ നീക്കം ഉണ്ടായത്. ബ്രൗസർ സൃഷ്ടാക്കൾ അവയിൽ AI സവിശേഷതകൾ ചേർക്കാൻ തിടുക്കം കൂട്ടുകയാണ്. എന്നാൽ അവർ പുതിയ തരത്തിലുള്ള ദുർബലതകളും അതിനൊപ്പം ചേർക്കുന്നുണ്ടാവാമെന്ന ലെയർഎക്‌സിന്റെ സിഇഒ ഓർ എഷെഡ്ന്റെ വാക്കുകൾ എതിർ പക്ഷം ആയുധമാക്കുന്നു.
"ബ്രൗസിംഗ് കൂടുതൽ അപകടകരമാകുന്ന ഒരു ലോകത്തേക്ക്" നമ്മൾ പ്രവേശിക്കാൻ പോകുകയാണ് എന്നാണ് എഷെഡ് പറഞ്ഞത്. “ഏകദേശം വംശനാശം സംഭവിച്ച പഴയ തരത്തിലുള്ള ആക്രമണങ്ങൾ തിരിച്ചുവരുന്നത് നമുക്ക് കാണേണ്ടിയും നേരിടേണ്ടിയും വരും. അല്ലെങ്കിൽ ഇപ്പോൾ കണ്ടെത്തിയതുപോലുള്ള പുതിയ തരത്തിലുള്ള ആക്രമണങ്ങൾ വന്നേക്കാം എന്നാണ് മുന്നറിയിപ്പ്. പഴയ വൈറസ് ആക്രമണ കാലത്തെ ഓർമ്മപ്പെടുത്തിയാണ് സംശയ മുന ഉയർത്തിയത്.

എന്താണ് കോമെറ്റിന് സംഭവിച്ചത്
ലേയർഎക്‌സ് "കോമറ്റ്ജാക്കിംഗ്" എന്ന ഒരു ദുർബലത കണ്ടെത്തി. ബ്രൗസറിന്റെ AI-യിലേക്കുള്ള കോഡിൽ ഒരു ക്ഷുദ്ര പ്രോംപ്റ്റ് ഉണ്ട്. ഇത് അതിന്റെ URL- ഇൽ മറഞ്ഞിരിക്കുന്നു. ഉപയോക്താവ് ആ ലിങ്കിൽ ക്ലിക്കുചെയ്യുമ്പോൾ, ബ്രൗസർ ഉപയോക്താവിൽ നിന്നുള്ള ഒരു നിർദ്ദേശമായി ആ ക്ഷുദ്ര പ്രോംപ്റ്റിനെ തെറ്റിദ്ധരിക്കുന്നു. അത് പ്രകാരം നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ തുടങ്ങുകയും ചെയ്യുന്നു.
ലെയർഎക്‌സ് ഇത് വിശദീകരിക്കുന്നുണ്ട്. ക്ലിക് ചെയ്യുന്നതോടെ സൃഷ്ടിക്കപ്പെടുന്ന നിർദ്ദേശങ്ങൾ കോമറ്റിനെക്കൊണ്ട് ഉപയോക്താവിന്റെ ഇമെയിൽ, കലണ്ടർ തുടങ്ങിയ അക്കൗണ്ടുകളിൽ നിന്ന് ഡാറ്റ എക്‌സ്‌ട്രാക്‌റ്റ് ചെയ്യിപ്പിക്കും. ഇത്തരം ഡാറ്റാ മോഷണത്തിനെതിരെ കോമറ്റിന് സുരക്ഷാ സംവിധാനങ്ങളുണ്ട്. എന്നാൽ അത് മറികടക്കുന്നതായാണ് കണ്ടെത്തൽ.
മോഷ്ടിച്ച വിവരങ്ങൾ ബേസ്64-ൽ എൻകോഡ് ചെയ്യാൻ AI-യോട് നിർദ്ദേശിച്ചുകൊണ്ട് ആക്രമണകാരിക്ക് സുരക്ഷയെ മറികടക്കാൻ കഴിഞ്ഞു. അടിസ്ഥാനപരമായി നിരുപദ്രവകരമായ ടെക്‌സ്‌റ്റ് പോലെ തോന്നിപ്പിക്കാൻ സ്‌ക്രാംബിൾ ചെയ്യുകയാണ് ഇവിടെ സംഭവിക്കുന്നത്. ഇതാണ് കോമറ്റിന്റെ പ്രചാരകരിൽ ഞെട്ടൽ ഉണ്ടാക്കിയ ദുർബലത.
ഒരു സുരക്ഷാ പ്രശ്നവും ഇല്ലെന്നായിരുന്നു തുടക്കത്തിൽ പെർപ്ലെക്സിറ്റിയുടെ വിശദീകരണം. എന്നാൽ പിന്നീട് പ്രശ്‌നം സ്വതന്ത്രമായി തിരിച്ചറിഞ്ഞ് അത് ശരിയാക്കിയെന്ന് പെർപ്ലക്‌സിറ്റി വക്താവ് ടൈമിനോട് അവകാശപ്പെട്ടു. ദുർബലത ഒരിക്കലും ചൂഷണം ചെയ്യപ്പെട്ടിട്ടില്ലെന്ന് അവരുടെ വക്താവ് പറഞ്ഞു, “ഞങ്ങളുടെ അഭിവൃദ്ധി പ്രാപിക്കുന്ന ബൗണ്ടി പ്രോഗ്രാമിൽ പങ്കെടുക്കുന്ന സുരക്ഷാ സമൂഹത്തോട് ഞങ്ങൾ നന്ദിയുള്ളവരാണ് എന്ന് വിധേയത്വവും പ്രകടിപ്പിച്ച് ഒഴിയാൻ ശ്രമിച്ചു. ഭാവിയിൽ ഇത്തരം തെറ്റായ ആശയവിനിമയങ്ങൾ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നു.” എന്ന ഉറപ്പും പ്രഖ്യാപിച്ചു.
സവിശേഷതകൾ അക്കമിട്ട്
വിമർശനങ്ങളും ദുർബലതകളെ കുറിച്ചുള്ള ഇത്തരം സോദാഹരണ പ്രസംഗങ്ങളും ധാരാളമെങ്കിലും ചെറുതല്ല കോമറ്റ് തുടങ്ങിവെച്ച വിപ്ലവം.
സങ്കീർണ്ണമായ ജോലികൾക്കായുള്ള ഒരു പ്രധാന ചാറ്റ് വിൻഡോയും ദ്രുത പ്രവർത്തനങ്ങൾക്കായുള്ള ഒരു അസിസ്റ്റന്റ് സൈഡ്‌ബാറും കോമറ്റിൽ കാണാം. ഇവ ഉപയോഗിച്ച് വർക്ക്ഫ്ലോകൾ കാര്യക്ഷമമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു AI- പവർ ബ്രൗസറാണ് ഇത്.
മത്സരാർത്ഥികളുടെ വിശകലനം, ഡാറ്റ ശേഖരണം, ഗവേഷണ ഓർഗനൈസേഷൻ തുടങ്ങിയ ജോലികൾ ഓട്ടോമേറ്റ് ചെയ്യുന്നതിന് സ്വയം സന്നദ്ധമാണ്. ലൈവ് മാർക്കറ്റിംഗ് ഇന്റലിജൻസ് ഏജന്റ്, റിസർച്ച് ഏജന്റ് പോലുള്ള പ്രത്യേക ടൂളുകൾ ബ്രൗസർ അതിനകത്ത് തന്നെ അവതരിപ്പിക്കുന്നു.
ന്യൂസ് സിന്തസൈസർ, ലീഡ്സ് മോണിറ്ററിംഗ്, സെയിൽസ് പ്രോസ്‌പെക്റ്റിംഗ് തുടങ്ങി ന്യൂസ് ട്രാക്കിംഗ്, ലീഡ് ജനറേഷൻ, വ്യക്തിഗതമാക്കിയ ഔട്ട്‌റീച്ച് തുടങ്ങിയ പ്രക്രിയകൾ ഇതിനകത്ത് ഓട്ടോമേറ്റ് ചെയ്യുന്നു.
കണ്ടന്റ് ഒപ്റ്റിമൈസേഷനും കൺവേർഷൻ ഒപ്റ്റിമൈസേഷൻ ടൂളും ഉൾപ്പെടെയുള്ള സാധ്യതകൾ മാർക്കറ്റിങ്ങുകാർക്കും ബിസിനസുകൾക്കുമായി SEO, ഉള്ളടക്ക സൃഷ്ടി, വിൽപ്പന ഫണൽ കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ഓരോ രംഗത്തുമുള്ളവർക്ക് പ്രയോജനപ്പെടുത്താവുന്ന പത്ത് പോയിന്റുകൾ ശ്രീനിവാസ് ചൂണ്ടികാണിക്കുന്നു.
1. ലൈവ് മാർക്കറ്റിംഗ് ഇന്റലിജൻസ് ഏജന്റ്
2. ഗവേഷണ ഏജന്റ്
3. വാർത്താ സിന്തസൈസർ ഏജന്റ്
4. ലീഡ്സ് മോണിറ്ററിംഗ് ഏജന്റ്
5. സെയിൽസ് പ്രോസ്‌പെക്റ്റിംഗ് ഏജന്റ്
6. ഓഡിയൻസ് റിസർച്ച് ഏജന്റ്
7. കണ്ടന്റ് ഒപ്റ്റിമൈസേഷൻ ഏജന്റ്
8. കൺവേർഷൻ ഒപ്റ്റിമൈസേഷൻ ഏജന്റ്
9. ടാലന്റ് സോഴ്‌സിംഗ് ഏജന്റ്
10. എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ഏജന്റ്
സ്വകാര്യതാ പരിഗണനകൾ
പെർപ്ലെക്സിറ്റി കോമറ്റ് ശക്തമായ ഓട്ടോമേഷൻ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സ്വകാര്യതാ ക്രമീകരണങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഡാറ്റ ശേഖരണം പരിമിതപ്പെടുത്തുന്നതിനും സെൻസിറ്റീവ് സൈറ്റുകളിലേക്കുള്ള ആക്‌സസ് തടയുന്നതിനും സെറ്റിങ്സ് സാധ്യതകൾ പ്രയോജനപ്പെടുത്തണം. സെൻസിറ്റീവ് അല്ലാത്ത ഡാറ്റ ഉൾപ്പെടുന്ന ജോലികൾക്ക് ഉപയോഗിച്ചാൽ സുരക്ഷിതമായിരിക്കും.
കോമറ്റ് ഉപയോഗിക്കുമ്പോൾ ഉൽപ്പാദനക്ഷമതയിൽ 20% വർദ്ധനവാണ് പെർപ്ലെക്സിറ്റി എഐയുടെ സ്ഥാപകനും സിഇഒയുമായ അരവിന്ദ് ശ്രീനിവാസ് അവകാശപ്പെട്ടിരിക്കുന്നത്.
കളി ചെറുതല്ല
പ്രമുഖ ടെക് കമ്പനികൾ അവരുടെ AI ചെലവ് വർദ്ധിപ്പിക്കുന്നത് തുടരുന്ന സാഹചര്യമാണ്. മെറ്റ, ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ- ആൽഫബെറ്റ് തുടങ്ങിയ ടെക് ഭീമന്മാർ 2025 ൽ AI സാങ്കേതികവിദ്യകൾക്കും ഡാറ്റാസെന്റർ വിപുലീകരണത്തിനുമായി 320 ബില്യൺ ഡോളർ വരെ ചെലവഴിക്കുമെന്നാണ് വാർത്തകൾ. ഓപ്പൺഎഐ സ്വന്തമായി കൃത്രിമ ഇന്റലിജൻസ്-പവർഡ് വെബ് ബ്രൗസർ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. 68% ആഗോള വിപണി വിഹിതവുമായി ഗൂഗിൾ ക്രോം ആധിപത്യം തുടരുന്ന ബ്രൌസിങ് രംഗമാണ് മത്സര വേദി.









0 comments