പാലക്കാടുമില്ല, അടൂരുമില്ല; മാങ്കൂട്ടത്തിൽ കേരളം വിട്ടതായി സൂചന; സഹായികളും സ്വിച്ച് ഓഫ്

രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: നിർബന്ധിത ഗർഭഛിദ്രത്തിനും ലൈംഗികപീഡനത്തിനും പൊലീസ് കേസെടുത്തതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ കേരളം വിട്ടതായി സൂചന. വ്യാഴം വൈകിട്ട് നാലോടെ അതിജീവിത മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതി നൽകിയതോടെ പാലക്കാട്ടെ എംഎൽഎ ഓഫീസ് അടച്ചുപൂട്ടി മുങ്ങുകയായിരുന്നു. സഹായികളുടെ ഫോണുകളും സ്വിച്ച് ഓഫാണ്. പത്തനംതിട്ട അടൂരിലെ വീട്ടിലേക്കും മാങ്കൂട്ടത്തിൽ എത്തിയിട്ടില്ല. കോയമ്പത്തൂർ വഴി തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന.
അതിജീവിതയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം വലിയമല പൊലീസാണ് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്. പിന്നീട് നേമം പൊലീസിനു കേസ് കൈമാറി. ലൈംഗികപീഡനം, ഗർഭഛിദ്രത്തിനു പ്രേരണ, വധഭീഷണി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് യുവതി പരാതി നൽകിയതിനെ തുടർന്നാണ് കേസ്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന് ശേഷം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു. മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് ഉടൻ കടക്കും.
കോൺഗ്രസ് എംഎൽഎക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഉയർന്നത്. മാധ്യമപ്രവർത്തകയെ വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനംചെയ്ത് യുവ നേതാവ് പീഡിപ്പിച്ചു എന്ന് ആഗസ്തിൽ പുറത്തുവന്ന വാർത്തയാണ് ആരോപണങ്ങളുടെ തുടക്കം.








0 comments