ജൈവവൈവിധ്യത്തിനു കനത്ത ഭീഷണി: കാട്ടുപൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്

വെല്ലിംഗ്ടൺ: ജൈവവൈവിധ്യത്തിനു കനത്ത ഭീഷണിയാകുന്ന പശ്ചാത്തലത്തിൽ കാട്ടുപൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ് ഒരുങ്ങുന്നു. 25 ലക്ഷത്തോളം കാട്ടുപൂച്ചകളെ കൊല്ലേണ്ടിവരുമെന്നാണ് കണക്ക്. 2050ഓടെ രാജ്യത്തുനിന്ന് മുഴുവൻ കാട്ടുപൂച്ചകളെയും കൊന്നൊടുക്കാനാണ് തീരുമാനമെന്ന് പരിസ്ഥിതി സംരക്ഷണ മന്ത്രി താമ പൊടാക പറഞ്ഞു. അതേസമയം വളർത്തുപൂച്ചകളുടെ ഉടമകൾ ഭയക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
ദ്വീപ് രാഷ്ട്രമായ ന്യൂസിലാൻഡ് മുമ്പും പ്രകൃതിസംരക്ഷണത്തിൻറെ ഭാഗമായി ഇത്തരത്തിൽ ജീവികളെ വൻതോതിൽ കൊന്നൊടുക്കിയിട്ടുണ്ട്.വൻതോതിൽ കൃഷിനാശമുണ്ടാക്കിയതിനെ തുടർന്ന് 2021ൽ പതിനായിരക്കണക്കിനു മയിലുകളെ കൊന്നിരുന്നു.
മുമ്പ് മാനുകൾ പെരുകിയത് പ്രകൃതിസന്തുലിതാവസ്ഥ തെറ്റിച്ചപ്പോൾ ഇവയെയും വൻതോതിൽ കൊന്നൊടുക്കിയിരുന്നു.പക്ഷികളെയും വവ്വാലുകളെയും പല്ലികളെയും പ്രാണികളെയും കാട്ടുപൂച്ചകൾ വ്യാപകമായി വേട്ടയാടുന്നതാണ് ജൈവവൈവിധ്യത്തിനു ഭീഷണിയാകുന്നത്.
ന്യൂസിലാൻഡിൻറെ സവിശേഷമായ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനുള്ള ‘പ്രിഡേറ്റർ ഫ്രീ 2050’ പട്ടികയിൽ കാട്ടുപൂച്ചകളെ ഉൾപ്പെടുത്തിയതായി മന്ത്രി അറിയിക്കുകയായിരുന്നു. മറ്റ് ജീവികളെ വേട്ടയാടുന്നതു മൂലം ജൈവവൈവിധ്യത്തിന് വെല്ലുവിളിയാകുന്ന ജീവികളെ ഉൾപ്പെടുത്തിയതാണ് ‘പ്രിഡേറ്റർ ഫ്രീ 2050’ പട്ടിക.








0 comments