ഐഫോൺ ഉപയോക്താക്കൾക്ക് പ്രീമിയം സേവനവുമായി വാട്സാപ്പ്; എന്താണ് വാട്സാപ്പ് പ്ലസ്?

പ്രതീകാത്മക എഐ ചിത്രം
തിരുവനന്തപുരം : ഐഫോൺ ഉപയോക്താക്കൾക്കായി 'വാട്സാപ്പ് പ്ലസ്' എന്ന പേരിൽ പുതിയ പ്രീമിയം സബ്‌സ്ക്രിപ്ഷൻ പ്ലാൻ വാട്സാപ്പ് അവതരിപ്പിക്കുന്നു. തിരഞ്ഞെടുത്ത ഐഫോൺ ഉപയോക്താക്കൾക്കിടയിൽ പരീക്ഷണാടിസ്ഥാനത്തിലാണ് നിലവിൽ ഈ ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്. ആപ്പ് കസ്റ്റമൈസേഷൻ, സ്റ്റിക്കറുകൾ, ചാറ്റ് മാനേജ്‌മെന്റ്, നോട്ടിഫിക്കേഷൻ കൺട്രോൾ എന്നിവയിൽ കൂടുതൽ സൗകര്യങ്ങൾ നൽകുന്നതാണ് ഈ പുതിയ പ്ലാൻ.
വാട്സാപ്പ് ഐഒഎസ് (iOS) പതിപ്പ് 26.17.74 ഉപയോഗിക്കുന്നവരിൽ ചിലർക്കാണ് നിലവിൽ ഈ സേവനം ലഭ്യമാകുക. വരും ആഴ്ചകളിൽ കൂടുതൽ അക്കൗണ്ടുകളിലേക്ക് ഈ സൗകര്യം വ്യാപിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
വാട്സാപ്പ് പ്ലസിലെ പ്രധാന സവിശേഷതകൾ:
പ്രീമിയം സ്റ്റിക്കറുകൾ:
അനിമേറ്റഡ് ഇഫക്റ്റുകളോട് കൂടിയ സവിശേഷമായ സ്റ്റിക്കർ പാക്കുകൾ സബ്‌സ്ക്രൈബർമാർക്ക് ലഭിക്കും. ഈ സ്റ്റിക്കറുകൾ അയച്ചാൽ സബ്‌സ്‌ക്രിപ്‌ഷൻ ഇല്ലാത്തവർക്കും ആനിമേഷനുകൾ കാണാൻ സാധിക്കും.
ആപ്പ് തീം കസ്റ്റമൈസേഷൻ:
വൈബ്രന്റ് ബ്ലൂ, റോയൽ പർപ്പിൾ, ഗോൾഡൻ യെല്ലോ ഉൾപ്പെടെ 18 വ്യത്യസ്ത നിറങ്ങളിൽ ആപ്പിന്റെ തീം മാറ്റാൻ സാധിക്കും.
അൾട്ടർനേറ്റ് ആപ്പ് ഐക്കണുകൾ:
മിനിമൽ ലുക്ക് നൽകുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ശൈലിയിലുള്ളവ ഉൾപ്പെടെ 14 വ്യത്യസ്ത ആപ്പ് ഐക്കണുകൾ തെരഞ്ഞെടുക്കാം.
20 ചാറ്റുകൾ പിൻ ചെയ്യാം:
നിലവിൽ മൂന്ന് ചാറ്റുകൾ മാത്രമാണ് പിൻ ചെയ്യാൻ സാധിക്കുന്നത്. എന്നാൽ വാട്സാപ്പ് പ്ലസ് ഉപയോക്താക്കൾക്ക് 20 ചാറ്റുകൾ വരെ മുകളിൽ പിൻ ചെയ്തു വെക്കാം.
അപ്ഗ്രേഡ് ചെയ്ത ചാറ്റ് ലിസ്റ്റ്:
ഒന്നിലധികം ചാറ്റുകൾക്ക് ഒരേ തീമും റിംഗ്‌ടോണും ഒരേസമയം നൽകാൻ സബ്‌സ്ക്രൈബർമാർക്ക് സാധിക്കും.
പ്രീമിയം റിംഗ്‌ടോണുകൾ:
പത്ത് പ്രത്യേക കോൾ റിംഗ്‌ടോണുകൾ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിലയും സബ്‌സ്‌ക്രിപ്‌ഷനും:
മാസ അടിസ്ഥാനത്തിലുള്ള സബ്‌സ്‌ക്രിപ്‌ഷൻ മോഡലാണ് വാട്സാപ്പ് പിന്തുടരുന്നത്. രാജ്യത്തിനനുസരിച്ച് ഇതിന്റെ നിരക്കിൽ മാറ്റമുണ്ടാകും. യൂറോപ്പിൽ 2.49 യൂറോയും (279 ഇന്ത്യൻ രൂപ) പാകിസ്ഥാനിൽ 229 രൂപയുമാണ് (78 ഇന്ത്യൻ രൂപ) ഏകദേശ നിരക്ക്. ആപ്പിൾ ആപ്പ് സ്റ്റോർ വഴി ഉപയോക്താക്കൾക്ക് സബ്‌സ്‌ക്രിപ്‌ഷൻ നിയന്ത്രിക്കാനോ റദ്ദാക്കാനോ സാധിക്കും. ചില ഉപയോക്താക്കൾക്ക് ഒരു മാസം വരെ നീണ്ടുനിൽക്കുന്ന സൗജന്യ ട്രയൽ ഓഫറും ലഭിക്കാൻ സാധ്യതയുണ്ട്.









0 comments