ad
Deshabhimani

ഇനി 'ബിസിനസ് ഏജന്റ്' മറുപടി നൽകും; വാട്സാപ്പിൽ പുതിയ എഐ ഫീച്ചറുമായി മെറ്റ

Whatsapp Business Agent

Representative image from official page of Whatsapp for Business

വെബ് ഡെസ്ക്

Published on Jul 09, 2026, 10:47 AM | 2 min read

മുംബൈ : ഇന്ത്യയിലെ ബിസിനസുകൾക്കായി 'മെറ്റാ ബിസിനസ് ഏജന്റ്' (Meta Business Agent) എന്ന പേരിൽ എഐ അധിഷ്ഠിത പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്. ബിസിനസ് സ്ഥാപനങ്ങൾക്ക് ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് കൂടുതൽ വേഗത്തിലും സ്മാർട്ടായും മറുപടി നൽകാനും വിൽപനയുമായി ബന്ധപ്പെട്ട ചാറ്റുകൾ ഓട്ടോമാറ്റ് ചെയ്യാനും, ദൈനംദിന പ്രവർത്തനങ്ങൾ സുഗമമാക്കാനും ഈ എഐ-ടൂൾ സഹായിക്കും. ഓൺലൈൻ വഴിയുള്ള ഉപഭോക്തൃ സന്ദേശങ്ങളുടെ എണ്ണം വൻതോതിൽ വർധിച്ച സാഹചര്യത്തിൽ കസ്റ്റമർ സപ്പോർട്ട് ടീമുകളുടെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.


ഈ മെറ്റാ ബിസിനസ് ഏജന്റ് വഴി കമ്പനികൾക്ക് വാട്സാപ്പിൽ തന്നെ ഉപഭോക്താക്കളുമായുള്ള ചാറ്റുകൾ പൂർണമായും നിയന്ത്രിക്കാൻ സാധിക്കും. ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുക, ഉൽപ്പന്നങ്ങളുടെ കാറ്റലോഗ് കാണിച്ച് അനുയോജ്യമായവ നിർദ്ദേശിക്കുക, ബുക്കിംഗുകൾ നിയന്ത്രിക്കുക, പുതിയ ഉപഭോക്താക്കളെ കണ്ടെത്തുക എന്നിവയൊക്കെ ചെയ്യാൻ ഈ എഐ ടൂളിലൂടെ സാധിക്കും.


ചാറ്റുകളുടെ സംഗ്രഹവും അവലോകനങ്ങളും നൽകുന്നതിനൊപ്പം ഏതെങ്കിലും സന്ദേശങ്ങൾക്ക് മറുപടി നൽകാൻ വിട്ടുപോയാൽ ബിസിനസുകൾക്ക് ഇത് അലേർട്ടുകൾ നൽകുകയും ചെയ്യും. എഐക്ക് മറുപടി നൽകാൻ കഴിയാത്തവിധം സങ്കീർണ്ണമായ ചോദ്യങ്ങളാണെങ്കിൽ ആവശ്യാനുസരണം അത് ഒരു ഹ്യൂമൻ ഏജന്റിലേക്ക് കൈമാറാനുള്ള സൗകര്യവും ഇതിലുണ്ട്.


വലിയ കമ്പനികൾക്കായി 'മെറ്റാ ബിസിനസ് ഏജന്റ് പ്ലാറ്റ്‌ഫോം' എന്ന പ്രത്യേക സംവിധാനവും മെറ്റ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ വലിയ സംരംഭങ്ങൾക്ക് ആവശ്യാനുസരണം സ്വന്തമായി എഐ അസിസ്റ്റന്റുകളെ രൂപകൽപ്പന ചെയ്യാനും മാറ്റങ്ങൾ വരുത്താനും സാധിക്കും.


കമ്പനികളുടെ നിലവിലുള്ള ഇ-കോമേഴ്‌സ്, കസ്റ്റമർ മാനേജ്‌മെന്റ് സിസ്റ്റം എന്നിവ ഈ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ച് എല്ലാ കാര്യങ്ങളും ഒരൊറ്റ സ്ഥലത്തുനിന്ന് നിയന്ത്രിക്കാനാകും. സ്വിഗ്ഗി ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകൾ കസ്റ്റമർ സപ്പോർട്ട്, ബിസിനസ് വളർച്ച എന്നിവയ്ക്കായി നിലവിൽ തന്നെ മെറ്റയുടെ ഈ എഐ ടൂൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.


ഇതോടൊപ്പം ഇന്ത്യയിലെ വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ 'ബിസിനസ്സ് ഡിസ്കവറി' (business discovery) ഫീച്ചറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇനിമുതൽ ഉപഭോക്താക്കൾക്ക് ആപ്പിൽ നിന്ന് പുറത്തുപോകാതെ തന്നെ വാട്സാപ്പിനുള്ളിൽ വെച്ച് ഏതൊരു ബിസിനസ് സ്ഥാപനത്തെയും പേര് ഉപയോഗിച്ച് തിരഞ്ഞു കണ്ടെത്താം. കൂടാതെ ഈ ബിസിനസ് പ്രൊഫൈലുകൾ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും എളുപ്പത്തിൽ ഷെയർ ചെയ്യാനും സാധിക്കും. ഇത് ആളുകൾക്ക് തങ്ങൾക്ക് ആവശ്യമുള്ള സേവനങ്ങളോ കമ്പനികളോ കണ്ടെത്തുന്നത് കൂടുതൽ എളുപ്പമാക്കുന്നു.


ബിസിനസ് പ്ലാറ്റ്‌ഫോമിൽ എഐ സാങ്കേതികവിദ്യയ്ക്ക് വലിയ പ്രാധാന്യമാണ് മെറ്റ നൽകുന്നത്. ബിസിനസുകൾക്ക് കൂടുതൽ ഉപഭോക്താക്കളിലേക്ക് എളുപ്പത്തിൽ എത്താനും ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കാനും എഐയെ കേന്ദ്രീകരിച്ചുള്ള മാറ്റങ്ങളാണ് കമ്പനി വരുത്തുന്നത്. വാട്സാപ്പ് ബിസിനസിന്റെ നിരക്കുകളിൽ മാറ്റം വരുത്തിയതും കൂടുതൽ രാജ്യങ്ങളിലേക്ക് ഇത്തരം സേവനങ്ങൾ വ്യാപിപ്പിച്ചതും ഇതിന്റെ ഭാഗമായാണ്. ഈ പുതിയ ടൂളുകൾ പുറത്തിറങ്ങിയതോടെ ഇന്ത്യയിലെ ഒട്ടുമിക്ക ബിസിനസ് സ്ഥാപനങ്ങൾക്കും മെറ്റയുടെ അത്യാധുനിക എഐ കസ്റ്റമർ സർവീസ് ഫീച്ചറുകൾ ലഭ്യമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home