വാട്‌സ്ആപ്പിൽ ചാറ്റ് തുറക്കാതെ മെസേജുകൾ വായിക്കാം; പുതിയ ഫീച്ചർ ആൻഡ്രോയിഡിലേക്കും

വാട്‌സ്ആപ്പ് ലോഗോ
തിരുവനന്തപുരം : ചാറ്റ് തുറക്കാതെ തന്നെ മെസേജുകൾ വായിക്കാനുള്ള പുതിയ ഫീച്ചർ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ഐഒഎസിൽ നിലവിലുള്ളതിന് സമാനമായ സൗകര്യമാണ് ആൻഡ്രോയിഡിലും എത്തുന്നത്.
ചാറ്റ് തുറക്കാതെ തന്നെ പുതിയ മെസേജുകൾ വായിക്കാൻ കഴിയുന്ന രീതിയിലാണ് ഫീച്ചർ ഒരുക്കുന്നത്. പ്രിവ്യൂ പ്രത്യേക വിൻഡോയിൽ സ്ക്രോൾ ചെയ്ത് കാണാനും സാധിക്കും. ഇതിലൂടെ ചാറ്റ് തുറക്കാതെ തന്നെ കൂടുതൽ മെസേജുകൾ പരിശോധിക്കാനാകും.
പ്രിവ്യൂവിനൊപ്പം ചാറ്റ് നിയന്ത്രിക്കാനുള്ള കൂടുതൽ ഓപ്ഷനുകളും ലഭ്യമാകും. മെസേജ് വായിച്ചതായി അടയാളപ്പെടുത്തുക, പിൻ ചെയ്യുക, ആർക്കൈവ് ചെയ്യുക, തെരഞ്ഞെടുക്കുക, ഡിലീറ്റ് ചെയ്യുക തുടങ്ങിയ സൗകര്യങ്ങൾ ഇതിലുണ്ടാകും. ചാറ്റ് ലോക്ക് ചെയ്യുക, ലിസ്റ്റിലേക്ക് ചേർക്കുക, ചാറ്റ് വിവരങ്ങൾ കാണുക, ഹോം സ്‌ക്രീനിൽ ഷോർട്ട് കട്ട് സൃഷ്ടിക്കുക തുടങ്ങിയ ഓപ്ഷനുകളും പ്രതീക്ഷിക്കുന്നു.
ചാറ്റ് തുറക്കാതെ മെസേജുകൾ വായിച്ചാൽ റീഡ് റെസീറ്റ് അഥവാ ബ്ലൂ ടിക്ക് ലഭിക്കില്ലെന്നതാണ് മറ്റൊരു പ്രത്യേകത. സാധാരണ രീതിയിൽ ചാറ്റ് തുറക്കുമ്പോൾ മാത്രമേ മെസേജ് വായിച്ചതായി അടയാളപ്പെടുത്തുകയുള്ളൂ. നിലവിൽ വികസനഘട്ടത്തിലുള്ള ഫീച്ചർ ബീറ്റാ പരീക്ഷണത്തിന് പോലും ലഭ്യമായിട്ടില്ല. ഭാവിയിലെ അപ്‌ഡേറ്റിലൂടെ ആൻഡ്രോയിഡ് ഉപയോക്താക്കളിലേക്ക് എത്തിക്കുമെന്നാണ് റിപ്പോർട്.







0 comments