ഏറ്റവും കൂടുതൽ വന്ദേഭാരത് യാത്രക്കാർ കേരളത്തിൽ; തിരുവനന്തപുരം–മംഗളൂരു സർവീസിൽ 189 ശതമാനം ഒക്യുപ്പൻസി

വന്ദേഭാരത് ട്രെയിൻ
തിരുവനന്തപുരം: രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് തിരുവനന്തപുരം–മംഗളൂരു വന്ദേഭാരത് എക്സ്പ്രസ്. 2025–26 സാമ്പത്തിക വർഷത്തിൽ തിരുവനന്തപുരം സെൻട്രലിൽനിന്ന് മംഗളൂരു സെൻട്രലിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന ഒക്യുപ്പൻസി രേഖപ്പെടുത്തിയത്. 189.35 ശതമാനമാണ് ഈ സർവീസിലെ ഒക്യുപ്പൻസി. റെയിൽവേ ബോർഡിന്റെ കണക്കുകളിലാണ് വിവരങ്ങളുള്ളത്.
തിരുവനന്തപുരം സെൻട്രലിൽനിന്ന് മംഗളൂരുവിലേക്കുള്ള 20632 നമ്പർ വന്ദേഭാരത് എക്സ്പ്രസിലാണ് 189.35 ശതമാനം ഒക്യുപ്പൻസി രേഖപ്പെടുത്തിയത്. മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള 20631 നമ്പർ സർവീസിൽ 174.77 ശതമാനമാണ് ഒക്യുപ്പൻസി. രാജ്യത്തെ മറ്റ് വന്ദേഭാരത് സർവീസുകളെ അപേക്ഷിച്ച് കേരളത്തിലൂടെ ഓടുന്ന ഈ ട്രെയിനുകളിലാണ് ഏറ്റവും ഉയർന്ന യാത്രക്കാരുടെ ഉപയോഗനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒക്യുപ്പൻസി 100 ശതമാനം കടന്നതുകൊണ്ട് ട്രെയിനിൽ സീറ്റുകളുടെ എണ്ണത്തേക്കാൾ കൂടുതൽ യാത്രക്കാർ ഒരേസമയം സഞ്ചരിച്ചുവെന്നല്ല അർഥം. യാത്രയ്ക്കിടെ വിവിധ സ്റ്റേഷനുകളിൽ യാത്രക്കാർ ഇറങ്ങുകയും അതേ സീറ്റുകളിൽ പുതിയ യാത്രക്കാർ കയറുകയും ചെയ്യുന്നതിനാൽ ഒരു സീറ്റ് ഒന്നിലധികം യാത്രക്കാർക്ക് ഉപയോഗിക്കാനാകും. ഇത്തരത്തിൽ യാത്രയുടെ വിവിധ ഘട്ടങ്ങളിലായി സീറ്റുകൾ ഉപയോഗിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഒക്യുപ്പൻസി നിരക്ക് കണക്കാക്കുന്നത്.
രാജ്യത്തെ മുഴുവൻ വന്ദേഭാരത് ചെയർകാർ ട്രെയിനുകളുടെയും ശരാശരി ഒക്യുപ്പൻസി 99.10 ശതമാനമാണ്. ഇതിനെക്കാൾ ഏറെ ഉയർന്ന നിരക്കാണ് തിരുവനന്തപുരം–മംഗളൂരു സർവീസിൽ രേഖപ്പെടുത്തിയത്.
വാരാണസിയിൽനിന്ന് ന്യൂഡൽഹിയിലേക്കുള്ള 22415 നമ്പർ വന്ദേഭാരതിൽ 117.26 ശതമാനവും മടക്കസർവീസായ 22416ൽ 114.05 ശതമാനവുമാണ് ഒക്യുപ്പൻസി. ഇതേ റൂട്ടിലെ 22435 നമ്പർ ട്രെയിനിൽ 117.25 ശതമാനവും 22436ൽ 115.19 ശതമാനവും രേഖപ്പെടുത്തി.
രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ സർവീസായ ഹൗറ–കാമാഖ്യ ട്രെയിനിൽ 127.66 ശതമാനവും മടക്കസർവീസിൽ 103.54 ശതമാനവുമാണ് ഒക്യുപ്പൻസി. വന്ദേഭാരത് സ്ലീപ്പർ സർവീസുകളുടെ സംയോജിത ഒക്യുപ്പൻസി 114.54 ശതമാനമാണെന്നും റെയിൽവേ ബോർഡ് കണക്കുകൾ വ്യക്തമാക്കുന്നു.
2019ലാണ് രാജ്യത്ത് വന്ദേഭാരത് ട്രെയിനുകൾ ആരംഭിച്ചത്. നിലവിൽ 160ലധികം സർവീസുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്.







0 comments