എഐ വീഡിയോകൾക്കൊരു ബ്രേക്ക്; 'സോറ'യ്ക്ക് പൂട്ടിട്ട് ഓപ്പൺ എഐ

കലിഫോർണിയ : ജനപ്രിയ എഐ വീഡിയോ ജനറേറ്റിങ് ആപ്പായ സോറ നിർത്തലാക്കുന്നതായി നിർമാതാക്കളായ ഓപ്പൺഎഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സൃഷ്ടിച്ച ഷോർട്ട്-ഫോം വീഡിയോകൾ പങ്കിടാനുള്ള, ടിക് ടോക് പോലെയുള്ള സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ സോറ ആറുമാസം മുമ്പാണ് ഓപ്പൺ എഐ അവതരിപ്പിച്ചത്. എന്നുമുതൽ സോറയുടെ സേവനം അവസാനിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. സോറ ആപ്പ്, ഡെവലപ്പർ പതിപ്പ്, ചാറ്റ് ജിപിടിയിലുള്ള വീഡിയോ ജനറേഷൻ എന്നിവ ഇനി ലഭ്യമാവില്ലെന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ പറഞ്ഞതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. ChatGPTക്ക് ശേഷമുള്ള ഓപ്പൺഎഐയുടെ ആദ്യത്തെ സ്വതന്ത്ര ആപ്പായിരുന്ന സോറ.
അവതരിപ്പിച്ച വേളയിൽ ഏറെ ജനപ്രിയമായി മാറിയ സോറ പിന്നീട് വ്യാപകമായ വിമർശനങ്ങൾ നേരിട്ടിരുന്നു. ഹോളിവുഡ് സെലിബ്രിറ്റികളടക്കം സോറ പോലുള്ള ആപ്ലിക്കേഷനുകൾ വഴി എഐ വീഡിയോകൾ വ്യാപകമായി നിർമിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. ഉപയോക്താക്കൾ ഇതിനകം ആപ്പിൽ സൃഷ്ടിച്ച വീഡിയോകൾ എങ്ങനെ സംരക്ഷിക്കാമെന്നതിനെക്കുറിച്ച് വരും ദിവസങ്ങളിൽ വ്യക്തമാക്കുമെന്നും കമ്പനി അറിയിച്ചു. ടിക് ടോക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലെ ഷോർട്ട്-ഫോം വീഡിയോകളെ പിന്തുടർന്ന് ജനശ്രദ്ധ നേടാനും പരസ്യവരുമാനമുണ്ടാക്കാനുമായി സെപ്തംബറിലാണ് കമ്പനി സോറ പുറത്തിറക്കിയത്.
എന്നാൽ, ഒരു പ്രോംപ്റ്റിൽ ടൈപ്പ് ചെയ്യാൻ കഴിയുന്ന ഏതൊരു വിഷയത്തിലും എഐ വീഡിയോകൾ സൃഷ്ടിക്കാൻ ആളുകളെ അനുവദിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അക്കാദമിക് വിദഗ്ധരും അഭിഭാഷകകരും ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി. മൈക്കിൾ ജാക്‌സൺ, മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ, മിസ്റ്റർ റോജേഴ്‌സ് തുടങ്ങിയ വ്യക്തികളുടെ എഐ വീഡിയോകൾ വ്യാപക വിമർശനത്തിനിടയാക്കിയതോടെ നടപടിയെടുക്കാൻ ഓപ്പൺഎഐ നിർബന്ധിതമായിരുന്നു. പിന്നാലെ ഹോളിവുഡ് അഭിനേതാക്കളും പ്രതിഷേധവുമായെത്തി. തങ്ങളുടെ കഥാപാത്രങ്ങളെ സോറയിലേക്ക് കൊണ്ടുവരുന്നതിനായി ഡിസ്നി കഴിഞ്ഞ വർഷം ഓപ്പൺഎഐയുമായി കരാർ ഉണ്ടാക്കിയിരുന്നു. ഇതിനിടെയാണ് കമ്പനി സോറ നിർത്തലാക്കുന്നത്.











0 comments