ടെൻനസിന് മുന്നിൽ വെല്ലുവിളികൾ ഏറെ; ഇനി ടിം കുക്കിന്റെ ദൗത്യമെന്ത്?

ജോൺ ടെർനസ് | Photo: AFP
കാലിഫോർണിയ: 15 വർഷത്തെ നീണ്ട കരിയറിനൊടുവിൽ ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ആപ്പിളിന്റെ തലപ്പത്തുനിന്നും ടിം കുക്ക് ഒഴിയുകയാണ്. ജോൺ ടെർനസ് ആണ് കമ്പനിയുടെ പുതിയ സിഇഒ. സെപ്തംബർ ഒന്നിന് ടെർനസ് ചുമതലയേൽക്കുമെന്നാണ് വിവരം.
2011ൽ സ്ഥാപകൻ സ്റ്റീവ് ജോബ്സിൽ നിന്ന് ചുമതലയേറ്റ 65-കാരനായ കുക്ക്, ആപ്പിളിന്റെ ഡയറക്ടർ ബോർഡ് ചെയർമാനാകും. 1997 സെപ്തംബറിന് ശേഷം ആപ്പിളിന് ലഭിക്കുന്ന മൂന്നാമത്തെ മാത്രം സിഇഒ ആയി ടെർനസ് മാറും. ജോബ്സിന്റെയും കുക്കിന്റെയും കാലഘട്ടങ്ങളിൽ കമ്പനിയിൽ പ്രവർത്തിച്ച ടെർനസിന്റെ സാങ്കേതിക വൈദഗ്ധ്യവും അനുഭവസമ്പത്തും കമ്പനിയുടെ തന്ത്രങ്ങളിൽ മാറ്റം വരുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയയിൽ നിന്ന് ബിരുദം നേടിയ മെക്കാനിക്കൽ എൻജിനീയറായ ടെർനസ് 2001ലാണ് ആപ്പിളിൽ ചേരുന്നത്. 2013ൽ ഹാർഡ്‌വെയർ എൻജിനീയറിങ് വൈസ് പ്രസിഡന്റായും 2021ൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ ഫിസിക്കൽ ഘടകങ്ങളുടെ ഉത്തരവാദിത്തമുള്ള വിഭാഗം മേധാവിയായും അദ്ദേഹം ഉയർന്നു. മാക് കമ്പ്യൂട്ടറുകളെ ഇന്റൽ ചിപ്പുകളിൽ നിന്ന് ആപ്പിളിന്റെ സ്വന്തം 'ആപ്പിൾ സിലിക്കണിലേക്ക്' മാറ്റുന്നതിൽ അദ്ദേഹം വഹിച്ച പങ്കാണ് ഏറ്റവും ശ്രദ്ധേയമായ നേട്ടം.
കഴിഞ്ഞ 15 വർഷമായി കുക്ക് ആയിരുന്നു കമ്പനിയുടെ മുഖമെങ്കിലും, ഐപാഡ്, എയർപോഡ്‌സ് എന്നിവയുൾപ്പെടെയുള്ള പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിലും ഐഫോൺ, ആപ്പിൾ വാച്ച് എന്നിവയുടെ പല തലമുറകൾ വികസിപ്പിക്കുന്നതിലും ടെർനസ് നിർണായക പങ്കുവഹിച്ചു.
സ്ഥാനമൊഴിയാൻ പറ്റിയ സമയമാണിതെന്ന് ജീവനക്കാർക്കയച്ച കുറിപ്പിൽ കുക്ക് പറഞ്ഞു. ടെർനസിനെ മികച്ച ദീർഘവീക്ഷണവും സത്യസന്ധതയുമുള്ള വ്യക്തിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ചുമതലയേൽക്കുമ്പോൾ ടെർനസിന് മുന്നിലുള്ള വെല്ലുവിളികൾ ചില്ലറയല്ല. ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ആപ്പിൾ ഇപ്പോഴും പിന്നിലാണ്. 'സിരി'യുടെ പരിഷ്കരണവും പലതവണ വൈകി. വിഷൻ പ്രോ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല. ഐഫോൺ 17, ഐഫോൺ എയർ എന്നിവ നന്നായി വിറ്റഴിയുന്നുണ്ടെങ്കിലും ഫോണിന് പുറമെ വലിയ വിജയങ്ങൾ കമ്പനിക്ക് നിലവിൽ അവകാശപ്പെടാനില്ല.
നേതൃമാറ്റം സിഇഒ സ്ഥാനത്ത് മാത്രം ഒതുങ്ങുന്നില്ല. ടെർനസിന് പിന്നാലെ ജോണി സ്രൂജി ചീഫ് ഹാർഡ്‌വെയർ ഓഫീസറായി ഉടൻ ചുമതലയേൽക്കുമെന്ന് ആപ്പിൾ അറിയിച്ചു.











0 comments