ഐഫോൺ 17: ഇന്ത്യയിൽ പ്രീ ബുക്കിങ് ആരംഭിച്ചു

ന്യൂഡൽഹി : ആപ്പിൾ സീരീസിലെ പുതിയ അതിഥിയായ ഐഫോൺ 17 ഇന്ത്യയിൽ പ്രീ ബുക്കിങ് ആരംഭിച്ചു. വെള്ളി വൈകിട്ടു മുതലാണ് ഇന്ത്യയിൽ പ്രീ ബുക്കിങ് ആരംഭിച്ചത്. ആപ്പിൾ വെബ്സൈറ്റ്, കമ്പനിയുടെ സ്റ്റോറുകൾ, റീട്ടെയിൽ സ്റ്റോറുകളായ ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ് എന്നിവ വഴിയാണ് മുൻകൂർ ബുക്കിങ്ങിന് അവസരമുള്ളത്. ആമസോണിലും ഫ്ലിപ്കാർട്ടിലും ഐഫോൺ 17 സീരീസിനായി പ്രത്യേക പേജുകൾ ഉണ്ട്. സെപ്തംബർ 19 മുതൽ ഫോണുകൾ ലഭിച്ചുതുടങ്ങും.
ഐഫോൺ 17, ഐഫോൺ 17 പ്രോ, 17 പ്രോ മാക്‌സ്, ഐഫോൺ എയർ എന്നിവയാണ് പുതുതായി അവതരിപ്പിച്ച മോഡലുകൾ. ഇതോടൊപ്പം അവതരിപ്പിച്ച ആപ്പിൾ വാച്ച് സീരീസ് 11, അൾട്ര 3, എസ്ഇ 3, എയർപോഡ് പ്രോ 3 എന്നിവയുടെ ബുക്കിങ് നേരത്തേ തുടങ്ങിയിരുന്നു. ആകർഷകമായ ഒട്ടേറെ ഫീച്ചറുകളുമായാണ് ഐഫോൺ 17 പുറത്തിറങ്ങിയത്. ഐഫോൺ 16, ഐഫോൺ 16 പ്ലസ് മോഡലുകളുടെ വിലയിൽ കുറവും വരുത്തിയിട്ടുണ്ട്.
ഫോണിലെ താപനില നിയന്ത്രിക്കാനുള്ള പുതിയ സംവിധാനങ്ങളാണ് പ്രോ മോഡലുകളിലെ മാറ്റങ്ങളിൽ ആദ്യത്തേത്. ആപ്പിൾ രൂപകൽപന ചെയ്ത പുത്തൻ വേപ്പർ ചേമ്പറാണ് ഇതിനായി ഉപയോഗിക്കുന്നത്. ഡി-അയണൈസ്ഡ് ജലം നിറച്ചാണ് വേപ്പർ ചേമ്പർ ഒരുക്കിയിരിക്കുന്നത്. ഇത് ഐഫോൺ പ്രോയുടെ അലൂമിനം ഷാസിയിൽ ലേസർ വെൽഡ് ചെയ്ത് ഘടിപ്പിച്ചിരിക്കുന്നു. ഇത് ഫോണിനുള്ളിലെ പ്രധാന ഭാഗങ്ങളിൽ നിന്നുള്ള ചൂട് കുറയ്ക്കാൻ സഹായിക്കുന്നു. ആപ്പിൾ രൂപകൽപന ചെയ്ത എയറോസ്‌പേസ് ഗ്രേഡ് അലൂമിനം അലോയിലാണ് ഐഫോണുകളുടെ ബോഡി തയ്യാറാക്കിയിരിക്കുന്നത്. ചൂട് നിയന്ത്രിക്കാൻ ഇതും സഹായകമാവും.
പുതിയ സെന്റർ സ്റ്റേജ് ഫ്രണ്ട് ക്യാമറയാണ് ഐഫോൺ 17ന് നൽകിയിരിക്കുന്നത്. ആദ്യമായി സമചതുരാകൃതിയിലുള്ള ഫ്രണ്ട് ക്യാമറ സെൻസർ ആണ് ഉപയോഗിച്ചിരിക്കുന്നത്. വെർട്ടിക്കൽ, ഹൊറിസോണ്ടൽ ഉൾപ്പടെ വിവിധ രീതിയിൽ ചിത്രങ്ങൾ പകർത്താൻ ഇതിലാവും. ഗ്രൂപ്പ് സെൽഫി എടുക്കുമ്പോൾ ആളുകളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ഓട്ടോമാറ്റിക് ആയി ഫീൽഡ് ഓഫ് വ്യൂ ക്രമീകരിക്കുകയും ചെയ്യും. ഫോൺ വെർട്ടിക്കലായി പിടിച്ച് തന്നെ കൂടുതൽ ആളുകളുള്ള ഹൊറിസോണ്ടൽ ചിത്രങ്ങൾ എടുക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.
മികച്ച വീഡിയോകൾ എടുക്കാൻ സാധിക്കുന്ന അൾട്രാ സ്‌റ്റെബ്ലൈസ്ഡ് 4കെ എച്ച്ഡിആർ പിന്തുണയും സെൽഫി ക്യാമറയ്ക്കുണ്ട്. നാളിതുവരെ പുറത്തിറക്കിയ ഐഫോണുകളിൽ ഉൾക്കൊള്ളിച്ചതിനേക്കാൾ ശേഷിയേറിയ ക്യാമറാ സിസ്റ്റമാണ് ഐഫോൺ 17 പ്രോ, പ്രോ മാക്‌സ് മോഡലുകളിൽ പിടിപ്പിച്ചിരിക്കുന്നത്. 48 എംപി ഫ്യൂഷൻ മെയിൻ ക്യാമറയിൽ ഒപ്റ്റിക്കൽ ക്വാളിറ്റി 2എക്‌സ് ടെലിഫോട്ടോ സൗകര്യം ലഭ്യമാണെന്ന് കമ്പനി പറയുന്നു. മുൻ പതിപ്പിലേക്കാൾ പുതിയ സെൻസർ നാലിരട്ടി കൂടുതൽ റെസലൂഷൻ നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു.
ഐഫോൺ 17 എയറിന്റെ ഇന്ത്യൻ വിപണി വില
256GB- 1,19,900
512GB - 1,39,900
1TB - 1,59,900
ഐഫോൺ 17ന്റെ ഇന്ത്യൻ വിപണി വില
256GB - 82,900
512GB - 1,02,900
ഐഫോൺ 17 പ്രൊയുടെ ഇന്ത്യൻ വിപണി വില
256GB - 1,34,900
512GB - 1,54,900
1TB- 1,74,900
ഐഫോൺ 17 പ്രൊ മാക്സിന്റെ ഇന്ത്യൻ വിപണി വില
256GB- 1,49,900
512GB- 1,69,900
1TB - 1,89,900
2TB - 2,29,900









0 comments