'അയാൾ ഒറ്റയൊരുത്തനാണ് കാരണം, ജനകീയനാണെന്ന് വരുത്തിത്തീർക്കാൻ പിആർ വർക് നടത്തി'; മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് ഉണ്ണിത്താൻ

രാജ്മോഹൻ ഉണ്ണിത്താൻ, രാഹുൽ മാങ്കൂട്ടത്തിൽ
കാസർകോട്: നിർബന്ധിത ഗർഭഛിദ്രത്തിനും ലൈംഗികചൂഷണത്തിനും കേസ് നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കേരളത്തിലെ മുഴുവൻ കോൺഗ്രസ് നേതാക്കളേക്കാൾ ജനകീയ സ്വാധീനം തനിക്കാണെന്ന് വരുത്തിത്തീർക്കാൻ മാങ്കൂട്ടത്തിൽ ഹീനമായ മാർഗങ്ങളുപയോഗിച്ച് പിആർ വർക് നടത്തിയെനന് ഉണ്ണിത്താൻ പറഞ്ഞു. അതിന്റെ ഫലമാണ് ഇപ്പോൾ കിട്ടിയത്. വിഷയത്തിൽ മാങ്കൂട്ടത്തിലിനെതിരെ ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് കോൺഗ്രസ് എടുത്തു. ആ തീരുമാനം ശരിയായിരുന്നു. അയാൾ ഒറ്റയൊരുത്തനാണ് ആ തീരുമാനം ലംഘിച്ചത്- ഉണ്ണിത്താൻ പറഞ്ഞു.
ഒളിഞ്ഞും തെളിഞ്ഞും കോൺഗ്രസിൽനിന്ന് മാങ്കൂട്ടത്തിലിനെ സംരക്ഷിച്ചവർ എല്ലാം നിലപാട് മാറ്റിചിന്തിക്കണം. ഇത്തരം വ്യക്തികളെ ഒരിക്കലും ന്യായീകരിക്കാൻ ആരും തയ്യാറാകരുത്. നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും. പശ്ചാത്തപിക്കുകയും പ്രായശ്ചിത്തം ചെയ്യുകയും ചെയ്യേണ്ടത് മാങ്കൂട്ടത്തിലാണ്. ധാർമികമൂല്യങ്ങളെ മാനിക്കുന്ന ആർക്കും അയാൾ ചെയ്ത പ്രവർത്തിയോട് ഒരിക്കലും യോജിക്കാനാകില്ല. അതിജീവിതയെ നിരന്തരമായി മാധ്യമങ്ങളിലൂടെ വെല്ലുവിളിച്ചു. ഒരുവാക്ക് പോലും അതിജീവിതക്കെതിരെ ശബ്ദിക്കാൻ അവകാശമില്ല. പരാതി എവിടെ എന്നായിരുന്നു നേരത്തേ ചോദിച്ചിരുന്നത്. ഇപ്പോൾ പരാതിയെ നേരിടുന്നതിന് പകരം എന്താണ് അയാൾ ചെയ്തത്?
നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നതല്ല പ്രശ്നം, ധാർമികതയാണ്. വടികൊടുത്ത് അടിവാങ്ങിക്കുകയാണ് മാങ്കൂട്ടത്തിൽ ചെയ്തത്. അതിജീവിത മുഖ്യമന്ത്രി കാണാനും പരാതികൊടുക്കാനും ഇടയാക്കിയത് അയാളുടെ പ്രവർത്തികൊണ്ടാണ്. നേരെമറിച്ച് കോൺഗ്രസ് സ്വീകരിച്ച നടപടി ശിരസാവഹിച്ച് കുറേക്കാലം മാറിനിന്നിരുന്നെങ്കിൽ പിന്നീട് തിരിച്ചുവരാമായിരുന്നു. ഇത് ഒരിക്കലും തിരിച്ചുവരാനാകാത്ത രീതിയിൽ മാറിക്കഴിഞ്ഞു. അതിന്റെ ഉത്തരവാദി കോൺഗ്രസല്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.








0 comments