അമ്മാവൻ തട്ടിക്കൊണ്ടുപോയി 90,000 രൂപയ്ക്ക് വിറ്റ കുട്ടിയെ രക്ഷിച്ചു

മുംബൈ: തട്ടിക്കൊണ്ടുപോയി 90,000 രൂപയ്ക്ക് വിറ്റ കുട്ടിയെ രക്ഷിച്ചു. അമ്മാവനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി 90,000 രൂപയ്ക്ക് വിറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മാവനും അമ്മായിയുമുൾപ്പെടെ അഞ്ചുപേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.
സന്താക്രൂസ് വാക്കോലയിൽ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അർധരാത്രിയോടെ കുട്ടിയുടെ മാതൃസഹോദരനും അമ്മായിയുമാണ് ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇവർ 90,000 രൂപയ്ക്ക് കുട്ടിയെ ഒരാൾക്ക് വിൽക്കുകയും, അയാൾ പിന്നീട് കുട്ടിയെ മറ്റൊരാൾക്ക് 1,80,000 രൂപയ്ക്ക് മറിച്ചുവിൽക്കുകയുമായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.
കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും മനുഷ്യക്കടത്തിന് ഇരയാക്കുകയും ചെയ്ത കേസിലാണ് വാക്കോല പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ അതിവേഗം കേസെടുത്ത് അന്വേഷണം നടത്തിയത്. പൻവേലിലാണ് കുട്ടി ഉള്ളതെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസിന്റെ ഒരു സംഘം അവിടെയെത്തി കുട്ടിയെ രക്ഷപ്പെടുത്തി. നവംബർ 25-ന് കുട്ടിയെ മുംബൈയിൽ തിരിച്ചെത്തിച്ച ശേഷം ഒരു പൊലീസ് ഉദ്യോഗസ്ഥൻ ചോക്ലേറ്റ് നൽകി ആശ്വസിപ്പിക്കുകയും സുരക്ഷിതമായി അമ്മയ്ക്ക് കൈമാറുകയും ചെയ്തു.








0 comments