യുപിയിലെ ബല്ലിയയിൽ അംബേദ്കർ പ്രതിമ നശിപ്പിച്ചു

ബല്ലിയ: ഉത്തർപ്രദേശിലെ ബല്ലിയയിൽ അംബേദ്കർ പ്രതിമ നശിപ്പിച്ചു. ഇതിനെ തുടർന്ന് വെള്ളിയാഴ്ച ഗദ്വാർ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തതായി പോലീസ് പറഞ്ഞു.
റാംപൂർ അസ്ലി ഗ്രാമത്തിലെ ഗഡ്വാർ-നാഗ്ര റോഡിൽ സ്ഥാപിച്ചിരുന്ന പ്രതിമയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രദേശത്തെ അംബേദ്കർ പ്രതിമകളെ ലക്ഷ്യമിട്ട് നടത്തുന്ന അഞ്ചാമത്തെ ആക്രമണ സംഭവമാണിത്. ഗ്രാമവാസികൾക്കിടയിൽ കടുത്ത പ്രതിഷേധത്തിനും സംഘർഷത്തിനും കാരണമായി.
തകർന്ന പ്രതിമ നന്നാക്കിയിട്ടുണ്ടെന്നും സ്ഥലത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ ഹിതേഷ് കുമാർ പറഞ്ഞു.
കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗ്രാമവാസികൾ ആവശ്യപ്പെട്ടു. ആവർത്തിക്കുന്ന ആക്രമണങ്ങൾ തടയണമെന്നാവശ്യപ്പെട്ട് വീണ്ടും പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം തിരിച്ചറിയാത്ത ആളുകൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.
ഈ മാസം ആദ്യം ബല്ലിയയിലെ രസ്രയിൽ ഒരു വിവാഹ മണ്ഡപത്തിലെ ഹാളിൽ ചടങ്ങ് സംഘടിപ്പിച്ചതിന് ദളിത് കുടുംബം ആക്രമിക്കപ്പെട്ടു. വടികളും ഇരുമ്പ് ദണ്ഡുകളുമായി ആയുധധാരികളായ ഇരുപത്തിയഞ്ചോളം പേർ ചേർന്നായിരുന്നു ആക്രമണം.








0 comments