ഇന്ത്യയിൽ മെറ്റയ്ക്ക് തിരിച്ചടി: വാട്സ്ആപ്പ് യൂസർനെയിം ഫീച്ചറിന് കേന്ദ്രത്തിന്റെ പൂട്ട്; വിശദീകരണം തേടി

ന്യൂഡൽഹി: വാട്സ്ആപ്പ് അവതരിപ്പിക്കാനിരുന്ന പുതിയ 'യൂസർനെയിം' ഫീച്ചറിന് ഇന്ത്യയിൽ കേന്ദ്ര സർക്കാരിന്റെ കടുത്ത നിയന്ത്രണം. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടൽ. പുതിയ പരിഷ്‌കാരം സൈബർ കുറ്റവാളികൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് സർക്കാർ നടപടി.
വിഷയത്തിൽ മൂന്ന് ദിവസത്തിനകം കൃത്യമായ വിശദീകരണം നൽകാൻ മെറ്റയോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കപ്പെടുന്നത് വരെ ഇന്ത്യയിൽ ഈ ഫീച്ചർ പുറത്തിറക്കാൻ അനുവദിക്കില്ലെന്നും സർക്കാർ കമ്പനിയെ ഔദ്യോഗികമായി അറിയിച്ചു.
ഫോൺ നമ്പർ കൈമാറാതെ തന്നെ ചാറ്റ് ചെയ്യാൻ സാധിക്കുന്ന ഈ ഫീച്ചർ വരും മാസങ്ങളിൽ ആഗോളതലത്തിൽ പുറത്തിറക്കാനായിരുന്നു വാട്സ്ആപ്പ് പദ്ധതിയിട്ടിരുന്നത്. ഉപയോക്താക്കൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള യൂസർനെയിമുകൾ മുൻകൂട്ടി റിസർവ് ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കിയിരുന്നു.
എന്നാൽ ഫോൺ നമ്പറുകൾക്ക് പകരം യൂസർനെയിമുകൾ വരുന്നത് സൈബർ തട്ടിപ്പുകാർക്ക് വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് ആൾമാറാട്ടം നടത്താൻ എളുപ്പമാക്കുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. സാമ്പത്തിക തട്ടിപ്പുകളിലും സൈബർ അക്രമങ്ങളിലും ഏർപ്പെടുന്ന കുറ്റവാളികളുടെ യഥാർത്ഥ വിവരങ്ങൾ കണ്ടെത്താൻ പുതിയ രീതി തടസ്സമാകുമോ എന്ന ആശങ്കയുണ്ട്.
ഉപയോക്താക്കൾക്ക് തങ്ങളുടെ യൂസർനെയിമുകൾ എപ്പോൾ വേണമെങ്കിലും മാറ്റാനോ നീക്കം ചെയ്യാനോ സാധിക്കുമെന്നത് കുറ്റകൃത്യം ചെയ്ത ശേഷം തെളിവ് നശിപ്പിക്കാൻ സഹായിക്കുമെന്നും കേന്ദ്രം ആരോപിക്കുന്നു. അതിനാൽത്തന്നെ ഇന്ത്യയിൽ കേന്ദ്ര സർക്കാർ കർശന നിലപാട് സ്വീകരിച്ചതോടെ ഈ മാറ്റം രാജ്യത്ത് തൽക്കാലം നടപ്പിലാകില്ല.











0 comments