ഒരു എഐ സെക്രട്ടറി ആയാലോ, വാട്സാപ്പ് സന്ദേശങ്ങൾക്ക് വരെ മറുപടി അയക്കും; ജെമിനി സ്പാര്‍ക്ക് പുറത്തിറക്കി ഗൂഗിൾ

കാലിഫോർണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ മുന്നിൽ നടക്കുകയാണ് ഗൂഗിൾ. ഉപയോക്താവിന് വേണ്ടി സ്വയം കാര്യങ്ങൾ ചെയ്ത് തീർക്കാൻ ശേഷിയുള്ള 'ഏജന്റിക്' എഐ ടൂളാണ് അവരുടെ പുതിയ അവതാരം. 'ജെമിനി സ്പാർക്ക്' എന്ന എഐ അസിസ്റ്റന്റാണ് ഇത്. സൈബര്‍ ലോകത്തെ ഈ നിര്‍മ്മിത ബുദ്ധി സാഹായി ഒരു സെക്രട്ടറിയെ പോലെ ആരുടെയും കൂടെ പോരും. ഏല്പിച്ച കാര്യങ്ങൾ സ്വയം ചെയ്യും. ഗൂഗിൾ തങ്ങളുടെ വാർഷിക ഡെവലപ്പർ കോൺഫറൻസായ 'ഗൂഗിൾ ഐ/ഓ' യിലാണ് സ്പാര്‍ക് പ്രഖ്യാപിച്ചത്.
"നാം ഇപ്പോൾ പൂർണ്ണമായും ജെമിനിയുടെ ഏജന്റിക് യുഗത്തിലാണ്," എന്നാണ് ഗൂഗിൾ സിഇഓ സുന്ദർ പിച്ചൈ കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിലുള്ള ആംഫി തിയേറ്ററിൽ നടന്ന കോൺഫറൻസിൽ അവകാശപ്പെട്ടത്. എഐ വികസനത്തിനായി ഈ വർഷം തങ്ങളുടെ മൂലധന നിക്ഷേപം 190 ബില്യൺ ഡോളർ വരെ ഉയർന്നേക്കാമെന്നും കമ്പനി സൂചന നൽകി.
ഉറക്കത്തിലും ഉണര്‍ന്നിരിക്കുന്ന സ്പാര്‍ക്ക്
ജെമിനി 3.5-ന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ജെമിനി സ്പാർക്ക് വെറുമൊരു എഐ ഏജന്റാണ്. എന്നാൽ അതിന് ചെയ്ത് തീര്‍ക്കാവുന്ന കാര്യങ്ങൾ വെറും നിസ്സാരമല്ല. നമ്മൾ ആവശ്യപ്പെടാതെ തന്നെ മീറ്റിംഗ് നോട്ടുകൾ, ഇമെയിലുകൾ, ചാറ്റുകൾ എന്നിവ പരിശോധിച്ച് പ്രധാനപ്പെട്ട കാര്യങ്ങൾ ചുരുക്കി രേഖപ്പെടുത്താൻ ഇതിന് കഴിയും. ക്ലൗഡ് അധിഷ്ഠിതമായി പ്രവർത്തിക്കുന്നതിനാൽ ലാപ്‌ടോപ്പ് ഓഫാക്കിയാലും ഫോൺ ലോക്ക് ചെയ്താലും പശ്ചാത്തലത്തിൽ സ്പാർക്ക് അതിന്റെ ജോലി തുടരും. വിവരങ്ങൾ ആവശ്യമുള്ളപ്പോൾ നമുക്ക് കൈമാറും. ലോൺ അടയ്ക്കാനും അക്കൗണ്ട് ചെക്ക് ചെയ്യാനും അധിക തുക ഈടാക്കിയത് ചോദ്യം ചെയ്യാനും എല്ലാം ശേഷിയുള്ള ഏജന്റിക് ബുദ്ധിയാണ്.
പണം പേയ്‌മെന്റ് നടത്തുകയോ ഇമെയിൽ അയക്കുകയോ പോലുള്ള ഉയർന്ന ഉത്തരവാദിത്തമുള്ള കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് ഇത് ഉപയോക്താക്കളുടെ അനുവാദം ചോദിക്കും. യുഎസിലെ 'ഗൂഗിൾ എഐ അൾട്രാ' വരിക്കാർക്ക് ഇതിന്റെ ബീറ്റാ പതിപ്പ് ഉടൻ ലഭ്യമാകും എന്നാണ് പ്രഖ്യാപനം. നിലവിൽ ഗൂഗിൾ തിരഞ്ഞെടുത്ത ചില പ്രത്യേക ടെസ്റ്റർമാർക്ക് (Trusted Testers) മാത്രമാണ് ഇതിന്റെ ആദ്യ രൂപം പരീക്ഷിക്കാൻ നൽകിയിരിക്കുന്നത്. ഈ രണ്ട് ഘട്ടത്തിന് ശേഷമാവും പൊതുവായ റിലീസ്
അതിവേഗ മോഡലുകൾ
ജെമിനി 3.5
ഗൂഗിളിന്റെ ഏറ്റവും പുതിയ എഐ മോഡൽ കുടുംബമായ ജെമിനി 3.5 ഉപയോക്താക്കൾക്ക് ഇടയിൽ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞിട്ടുണ്ട്. ജെമിനി 3.5 ഫ്ലാഷ് വേഗതയ്ക്ക് മുൻഗണന നൽകുന്ന മോഡലാണ്. നിലവിലുള്ള മറ്റ് എഐ മോഡലുകളേക്കാൾ നാലിരട്ടി വേഗതയേറിയതാണ്. കോഡിംഗിനും എഐ ഏജന്റ് ജോലികൾക്കും ഇത് മികച്ചതാണ്. നിലവിൽ ജെമിനി ആപ്പിലും ഗൂഗിൾ സെർച്ചിന്റെ 'എഐ മോഡിലും' ഈ മോഡലാണ് ഡിഫോൾട്ടായി പ്രവർത്തിക്കുന്നതായി കാണാനാവുക. ജെമിനി 3.5 പ്രോ എന്ന ഇതിന്റെ കൂടുതൽ കരുത്തുറ്റ 'പ്രോ' പതിപ്പ് അടുത്ത മാസം പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു.
ചിത്രങ്ങളും വീഡിയോയും
ജെമിനി ഒംനി
ടെക്സ്റ്റ്, ഇമേജ്, ഓഡിയോ, വീഡിയോ എന്നിവ നൽകിയാൽ ഉയർന്ന നിലവാരമുള്ള വീഡിയോകൾ നിർമ്മിക്കാൻ സാധിക്കുന്ന പുതിയ മോഡലാണ് ജെമിനി ഒംനി (Gemini Omni) . ഭൂഗുരുത്വം, ചലന ഊർജ്ജം, ദ്രാവക ഗതിവിഗതികൾ എന്നിവയെക്കുറിച്ച് വരെ കൃത്യമായ ധാരണയോടെയാണ് ഈ മോഡൽ വീഡിയോകൾ നിർമ്മിക്കുന്നത് എന്നാണ് വിശദീകരണം. ഇതുവഴിയുള്ള ഇമേജുകളും ചലന ചിത്രങ്ങളും കൂടുതൽ യാഥാർത്ഥ്യബോധമുള്ളതായിരിക്കും എന്ന വാഗ്ദാനമാണ് നൽകുന്നത്.
ഗൂഗിൾ സേര്‍ച്ചും മാറി
കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും വലിയ മികവുകളാണ് ഗൂഗിൾ തങ്ങളുടെ സെർച്ച് ബോക്സിന് നൽകിയിരിക്കുന്നത്. പുതിയ അപ്ഡേറ്റ് വഴി ഉപയോക്താക്കൾക്ക് വലിയ ചോദ്യങ്ങൾ ചോദിക്കാനും, ട്രഡീഷണൽ ഓട്ടോകംപ്ലീറ്റിന് പകരം എഐ നൽകുന്ന നിർദ്ദേശങ്ങൾ ഉപയോഗിക്കാനും സാധിക്കും. നമ്മുടെ വിരൽ തുമ്പിലേക്ക് എഐ കയറി വരും. ടെക്സ്റ്റ്, വീഡിയോ, ഇമേജ് ഫയലുകൾക്ക് പുറമെ ക്രോം ടാബുകൾ വരെ സെർച്ച് ഇൻപുട്ടായി നൽകാൻ ഇതിലൂടെ കഴിയും.
യൂണിവേഴ്സൽ കാർട്ട്
ഷോപ്പിംഗ് രംഗം എളുപ്പമാക്കാൻ ഗൂഗിൾ അവതരിപ്പിച്ച സ്മാർട്ട് ഷോപ്പിംഗ് കാർട്ടാണിത്. ഗൂഗിൾ സെർച്ച്, ജെമിനി ചാറ്റ്, യൂട്യൂബ്, ജിമെയിൽ എന്നിവയിലൂടെ ബ്രൗസ് ചെയ്യുമ്പോൾ തന്നെ ഉൽപ്പന്നങ്ങൾ ഈ ഒരൊറ്റ കാർട്ടിലേക്ക് ചേർക്കാം. വിലക്കുറവുകൾ കണ്ടെത്താനും, ഓഫറുകൾ നോക്കാനും, സാധനങ്ങൾ സ്റ്റോക്കിൽ വരുമ്പോൾ അലേർട്ടുകൾ നൽകാനും ഈ എഐ കാർട്ടിന് കഴിയും. ഇഷ്ടമുള്ള ഉത്പന്നം വിലക്കുറവിൽ വരുന്ന സമയം നോക്കി വെക്കാൻ ഏല്പിക്കാം. ഏജന്റിക് സ്വഭാവത്തിലുള്ളതാണ് ഇതിന്റെ പ്രവര്‍ത്തനം.
ഗൂഗിൾ ജെമിനി ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ 400 മില്യണിൽ നിന്നും 900 മില്യൺ ആയി ഉയർന്നതായും, ഗൂഗിൾ സെർച്ച് എഐ മോഡ് ഉപയോഗിക്കുന്നവരുടെ എണ്ണം 1 ബില്യൺ കടന്നതായും സമ്മേളനത്തിനിടെ സുന്ദർ പിച്ചൈ അവകാശപ്പെട്ടു.










0 comments