ക്രോമിന് വെല്ലുവിളിയായി ചാറ്റ് ജിപിടി 'അറ്റ്ലസ്'; ഡാറ്റാ സ്വകാര്യത ആശങ്കയിൽ

സാൻ ഫ്രാൻസിസ്‌കോ: പുതിയ എഐ വെബ് ബ്രൗസറായ ചാറ്റ് ജിപിടി 'അറ്റ്ലസ്' പുറത്തിറക്കി ഓപ്പൺ എഐ. ലോകമെമ്പാടുമുള്ള വെബ് ബ്രൗസർ വിപണിയിൽ ദീർഘകാലമായി കുത്തക നിലനിർത്തുന്ന ഗൂഗിൾ ക്രോമിന് അറ്റ്ലസ് ഒരു വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.
ചാറ്റ്ജിപിടിയുടെ സാധ്യതകൾ പൂർണ്ണമായി സംയോജിപ്പിച്ചാണ് 'അറ്റ്‌ലസ്' രൂപകൽപ്പന ചെയ്തിരിക്കുന്നത്. വെബ് പേജുകൾ സംഗ്രഹിക്കാനും, ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും, യൂസർ ആവശ്യപ്പെടുന്ന കാര്യങ്ങൾ ഓട്ടോമേറ്റ് ചെയ്യാനും ഈ 'സൂപ്പർ അസിസ്റ്റന്റി'ന് കഴിയും. ഉപയോക്താക്കളുടെ മുൻ ബ്രൗസിംഗ് വിവരങ്ങൾ ഓർത്തുവെക്കാനുള്ള സംവിധാനം 'അറ്റ്‌ലസി'നുണ്ട്.
ഇത് ചാറ്റ്ജിപിടിയുടെ പ്രതികരണങ്ങളെ കൂടുതൽ വ്യക്തിഗതമാക്കാൻ സഹായിക്കും. എന്നാൽ, ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ വൻതോതിൽ ശേഖരിക്കപ്പെടാനുള്ള സാധ്യത ഇതിലൂടെ വർധിക്കുന്നു. പ്രീമിയം ഉപയോക്താക്കൾക്കായി അവതരിപ്പിച്ച 'ഏജന്റ് മോഡ്' ഉപയോഗിച്ച്, എഐക്ക് ടിക്കറ്റ് ബുക്ക് ചെയ്യുക, ഗവേഷണം നടത്തുക തുടങ്ങിയ ജോലികൾ ഉപയോക്താവിന് വേണ്ടി ചെയ്യാൻ സാധിക്കും.
എഐ കേന്ദ്രീകൃതമായ ഈ പുതിയ ബ്രൗസറുകൾ വ്യക്തിഗത വിവരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിൽ ആശങ്കകൾ ഉയരുന്നുണ്ട്. ഗൂഗിളിന്റെ 'ജെമിനി' എഐ സംവിധാനം ക്രോമിൽ സംയോജിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കിടെയാണ് ഓപ്പൺഎഐയുടെ 'അറ്റ്ലസിന്റെ' വരവ്. ഇത് ജമിനിയുടെ വളർച്ചയെ എത്രത്തോളം ബാധിക്കുമെന്നും ആശകകളുണ്ട്.











0 comments