ക്യാന്‍സറിന് പുതിയ മരുന്നുമായി മലയാളി ഗവേഷകസംഘം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 08, 2017, 06:35 AM | 0 min read

കണ്ണൂര്‍ > ക്യാന്‍സര്‍ രോഗികളുടെ കോശങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ബിസിഎല്‍-2 എന്ന പ്രോട്ടീന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ പ്രതിവിധിയുമായി മലയാളി ഗവേഷകരടക്കമുള്ള വിദഗ്ധസംഘം. ക്യാന്‍സറിന് കാരണമായ കോശങ്ങളെ മാത്രം പ്രതിരോധിക്കുന്ന
'ഡൈസരിബ്' എന്ന മരുന്നാണ് ഇവര്‍ കണ്ടെത്തിയത്. ക്യാന്‍സര്‍ ചികിത്സയില്‍ ലോകത്തിനുതന്നെ മാതൃകയാണിതെന്നും ഇവര്‍ അവകാശപ്പെടുന്നു.

ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ അസോസിയറ്റ് പ്രൊഫസര്‍ ഡോ. സതീഷ് രാഘവ് ഉള്‍പ്പെടെ, എട്ട് സംഘങ്ങളിലായി 24 ഗവേഷകര്‍ എട്ടു വര്‍ഷം ഗവേഷണം നടത്തിയാണ് ഡൈസരിബ് വികസിപ്പിച്ചത്. സതീഷ് സി രാഘവിനൊപ്പം മലയാളികളായ വിദ്യാ ഗോപാലകൃഷ്ണന്‍, രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ഡോ. ടി ആര്‍ സന്തോഷ്കുമാര്‍ എന്നിവരും ഗവേഷണത്തില്‍ പങ്കാളികളായി.

അര്‍ബുദകോശങ്ങളില്‍ മാത്രം കൂടുതലായി കാണപ്പെടുന്ന പ്രോട്ടീനാണ് ബിസിഎല്‍-2. സാധാരണ കോശങ്ങളില്‍ ഇതിന്റെ സാന്നിധ്യം വളരെ കുറവാണ്. ഡൈസരിബ് ഉപയോഗം വഴി ഈ പ്രോട്ടീന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താം. പാര്‍ശ്വഫലങ്ങളുമില്ല.റേഡിയേഷനും കീമോതെറാപ്പിയും ചെയ്തിട്ടും ഭേദമാകാത്ത രോഗികളിലും ഡൈസരിബ് ഫലപ്രദമാണെന്നും ഇവര്‍ അവകാശപ്പെടുന്നു.

നിലവില്‍ അര്‍ബുദ ചികിത്സയില്‍ ബിസിഎല്‍-2 പ്രോട്ടീന്റെ പ്രവര്‍ത്തനം തടയുന്നതിന് എബിടി-199 എന്ന മരുന്നാണ് ഉപയോഗിക്കുന്നത്. എബിടി-199നേക്കാളും പാര്‍ശ്വഫലം കുറവാണ് ഡൈസരിബിനെന്ന് പരീക്ഷണങ്ങള്‍ തെളിയിക്കുന്നു.

പഠനങ്ങളുടെ പ്രാഥമിക കണ്ടെത്തലുകള്‍ ഫലപ്രദമാണെങ്കിലും അര്‍ബുദ ചികിത്സയില്‍ ഉപയോഗിക്കുന്നതിന് മുമ്പ് ക്ളിനിക്കല്‍ ട്രയല്‍സ് ഉള്‍പ്പെടെ മറ്റു പല പഠനങ്ങളും നടത്തേണ്ടതുണ്ട്. ഈ പഠനം വിജയിച്ചാലേ ഡൈസരിബ് ഒരു മരുന്നായി അര്‍ബുദരോഗികളില്‍ ഉപയോഗിക്കാനാവൂ. പല ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും ഡൈസരിബിനെ വികസിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഡൈസരിബിന് പേറ്റന്റ് എടുക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചെന്ന് ഡോ. സതീഷ് സി രാഘവ് പറഞ്ഞു. കേരള സംസ്ഥാന ബയോടെക്നോളജി കമീഷന്‍ അംഗംകൂടിയാണ് ഡോ. സതീഷ് സി രാഘവ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home