ഇനി ഫിറ്റ് ആകാം; വ്യായാമത്തിനും ഐടി ടച്ച്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 02, 2016, 10:26 AM | 0 min read

ജീവിതത്തിന് വേഗത കൂടിയപ്പോള്‍ നമ്മളില്‍ പലര്‍ക്കും വ്യായാമം ചെയ്യാന്‍ പോലും സമയമില്ലാതെയായിക്കൊണ്ടിരിക്കുന്നു. ഇനി അല്‍പ്പസ്വല്‍പ്പം വ്യായാമം ചെയ്താലും ഇതിനൊക്കെ കണക്ക് വയ്ക്കാന്‍ പറ്റിയെങ്കില്‍ എന്നും നമുക്ക് തോന്നാറില്ലേ? വേണ്ടവണ്ണം വ്യായാമം ചെയ്തുവോ എന്ന് സംശയം. ഇത് കൂടാതെ നമ്മുടെ ഉറക്കം നന്നായി നടക്കുന്നുണ്ടോ? ഉറങ്ങുന്ന ഏഴോ എട്ടോ മണിക്കൂറില്‍ നന്നായുള്ള ഉറക്കം എത്ര നേരം? ഓരോ ദിവസവും എത്ര ദൂരം നടന്നു. അതായത് എത്രയടി മുന്നോട്ടുവച്ചു? ഹൃദയമിടിപ്പിന് വല്ല ഏറ്റക്കുറച്ചിലും ഉണ്ടോ?

ഇതിനൊക്കെ കണക്ക് വയ്ക്കാന്‍ കൂടെ ഒരു അസിസ്റ്റ്ന്റിനെ കൊണ്ടുനടന്നാല്‍ സംഭവം എളുപ്പമാവും. ഈ പറഞ്ഞ അസിസ്റ്റന്റ് ഒരു വെയറബിള്‍ ആണെങ്കിലോ? ധരിക്കാവുന്ന ടെക്ക് ഉപകരണങ്ങള്‍ക്ക് പ്രചാരം വര്‍ധിച്ച് കൊണ്ടിരിക്കുകയാണല്ലോ.

ഫിറ്റ്ബിറ്റ്, ജോബോള്‍, എം ഐ ബാന്റിന്റെ ഒക്കെ ലോകത്തേക്ക് നമുക്കൊന്ന് എത്തിനോക്കാം. 1000 രൂപയില്‍തുടങ്ങി അമ്പതിനായിരത്തില്‍പരം രൂപവരെയുള്ള ഫിറ്റ്നസ് ട്രാക്ക് ചെയ്യുന്ന വെയറബിള്‍ ഉപകരണങ്ങള്‍ ലഭ്യമാണ്. കയ്യില്‍ കെട്ടാവുന്ന വാച്ചുപോലെ തൊന്നിക്കുന്ന ഇത്തരം ഉപകരണങ്ങള്‍ നിങ്ങളുടെ ഫോണുമായി (ബ്ളൂടൂത്ത് വഴി) ബന്ധപ്പെട്ടിരിക്കും. ട്രാക്കറിലെ വിവരങ്ങള്‍ ഫോണിലെ ഫിറ്റ്നെസ്സ് ആപ്പിലേക്ക് അയച്ച്, അനലൈസ് ചെയ്ത്, ഗ്രാഫുകളും, ചാര്‍ട്ടുകളും ഒക്കെയായി കാണിച്ച് ലളിതമായി മനസിലാക്കിത്തരും.

ഫിറ്റ്നെസ് കാര്യങ്ങള്‍ കൂടാതെ പല മോഡലുകളിലും സമയം, ഫോണില്‍വരുന്ന കോളുകളുടെ അലര്‍ട്ട്, സ്മാര്‍ട്ട് അലാറം എന്നിവ ലഭ്യമാണ് — അതായത് ഒരു സ്മാര്‍ട്ട് വാച്ചില്‍ കാണുന്ന ഫീച്ചറുകള്‍. അപ്പോള്‍ കയ്യില്‍ ഇത് മാത്രം കെട്ടിയാല്‍ മതിയാകും — വാച്ച് വേണ്ടേവേണ്ട. ഫോണില്‍ ട്രാക്കറിന്റെ ആപ്പില്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കണക്ക് പല മോഡലുകളിലും എന്റര്‍ ചെയ്യാന്‍ സാധിക്കും. അപ്പോള്‍ ഈ ആപ്പിന് നിങ്ങള്‍ ചെയ്ത വ്യായാമത്തിന്റെയും കഴിച്ച ‘ഭക്ഷണത്തിന്റെയും കണക്ക് ലഭ്യമാകും. തമ്മില്‍ താരതമ്യം ചെയ്ത് നിങ്ങള്‍ക്ക് “ഉപദേശം“ തരാന്‍വരെ ട്രാക്കറുകള്‍ക്ക് സാധിക്കും. ചില മോഡലുകളില്‍ ജിപിഎസ് ഉള്ളതുകൊണ്ട് രാവിലെ ഓടാന്‍ പോകുന്നവര്‍ക്ക്  ഓടിയ ദൂരം മനസിലാക്കാനും അതൊക്കെ  ഫിറ്റ്നസ് ആപ് വഴി അനലൈസ് ചെയ്യാനും സാധിക്കും. ഫിറ്റ് ആയ ജീവിതം നയിക്കാന്‍ ഒരിത്തിരി ചിട്ട വേണമല്ലോ — അത് കൊണ്ടുവരും എന്നതാണ് ഇത്തരം ആപുകളുടെ വാഗ്ദാനം.

രണ്ട് ദോശയും കൂടെ കഴിച്ചിട്ട് പോ മോനെ“ എന്ന് അമ്മ പറയുന്ന പോലെ എല്ലാം ഏകദേശം റിയല്‍ ടൈം ആയി ഇന്ന് രണ്ട് ദോശ കൂടി കഴിക്കേണ്ടിയിരുന്നു എന്ന് ആപില്‍ നോട്ടിഫിക്കേഷന്‍ വരുന്ന കാലം വിദൂരമല്ല.
 



deshabhimani section

Related News

View More
0 comments
Sort by

Home